Sabu Sankar Chief Editor, PeerBey Articles Thiruvananthapuram, Kerala |
Updated on : 24, April, 2025 Posted on : 21, April, 2025. Post views : 37 Category : Film Vision |
സാമൂഹിക നീതിപക്ഷത്തു നിലകൊണ്ടു ചലച്ചിത്രകാവ്യങ്ങൾ തീർത്ത സ്പാനീഷ് സംവിധായകൻ
സ്പാനിഷ് സംസ്കൃതിയുടെ ധിഷണയും പാരമ്പര്യവും കത്തിപടർന്ന നിശ്ചയങ്ങളിൽ, ചരിത്രത്തിന്റെ ഹൃദയസ്പന്ദനം ലോകം ശ്രവിച്ചു. അക്കാലത്തു സ്പെയിനിൽ സിനിമയുടെ തനതു വഴികൾ തേടിയവരിൽ ശ്രദ്ധേയനാണ് കാർലോസ് സൗര.
ആധുനിക സ്പപാനിഷ് ചരിത്രത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ സാമൂഹിക നീതിപക്ഷത്തു നിലകൊണ്ടു ചലച്ചിത്രകാവ്യങ്ങൾ തീർത്ത സംവിധായകനാണ് കാർലോസ് സൗര. 2023 ഫെബ്രുവരി പത്തിനാണ് തൊണ്ണൂറ്റി ഒന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചത്. ലോകകലയുടെ ചരിത്രത്തെ കുറിച്ചുള്ള പഠനശാഖയിൽ സ്പെയിനിനു പ്രത്യേക സ്ഥാനമുണ്ട്. മനുഷ്യ ചരിത്രം ആരംഭിക്കും മുൻപേ കാമാഗ്നൻ ഗുഹാമനുഷ്യരുടെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രങ്ങൾ സ്പെയിനിലെ അൾത്താമര ഗുഹകളിലാണുള്ളത്. നാല്പതിനായിരം വർഷത്തോളം പഴക്കമുള്ള ഈ ഗുഹാചിത്രങ്ങളിൽ നിന്നും ഫ്രാൻസിലെ ലാകാസ് ഗുഹാചിത്രങ്ങളിൽ നിന്നുമാണ് സാംസ്കാരിക നരവംശ ശാസ്ത്രം ആരംഭിക്കുന്നത്. റോമാ സാമ്രാജ്യവും ഹോളി റോമൻ സാമ്രാജ്യവും സ്പെയിനിന്റെ മഹിമകൾകൊണ്ടുകൂടി സമ്പന്നമായതാണ്. പതിനഞ്ചാം നൂറ്റാണ്ടു മുതൽക്കേയുള്ള നാവിക പര്യവേക്ഷണവും അധിവാസവും ലോകചരിത്രത്തിലെ ഏടുകളാണ്. നൃത്തവും കാളപ്പോരും സംഗീതകേളികളും വർണ്ണങ്ങളും ചിത്രങ്ങളും ആധ്യാത്മികതയും ഒക്കെ സ്പാനിഷ് സ്വഭാവത്തിലുണ്ട്. നോവൽ സാഹിത്യത്തിന് തുടക്കം കുറിച്ച സെർവാന്റസ് മുതൽക്കുള്ള സ്പാനിഷ് സാഹിത്യം ഇന്നും സമൃദ്ധമാണ്. ആധുനിക സ്‌പാനിഷ് കലാ സാംസ്കാരിക സമ്പത്തിൽ പിക്കാസോയുടെ ഗൂർണിക്കയും ലോർക്കയുടെ രക്തവിവാഹവും ബുനുവലിൻറെയും പെദ്രോ അൽമൊദോവറിന്റെയും സിനിമകളുമൊക്കെ ഉൾപ്പെടുന്നു.
രാഷ്ട്രീയം അധികാര ഭ്രമകല്പനകളുടെ പാതയിൽ തേരോട്ടം നടത്തുമ്പോൾ, ആയുധം ആധിപത്യമുറപ്പിക്കുമ്പോൾ, ജനാധിപത്യത്തിൽ ഭീതിവിതച്ച കൊടും ക്രൂരതകൾ താണ്ഡവമാടുമ്പോൾ, സ്വാതന്ത്ര്യപോരാട്ടത്തിൻറെ രക്തതൂലികകൊണ്ടാണ് മനുഷ്യൻ മാനവികതയുടെ മനോഹര ചിത്രങ്ങൾ ലോകത്തിനു സമ്മാനിക്കുക. 1936 - ലെ വലതുപക്ഷ നാഷണലിസ്റ്റ് പട്ടാള അട്ടിമറിയെ പ്രതിരോധിച്ച ജനകീയ സൈന്യത്തിലെ രണ്ടുലക്ഷം ജീവനുകൾ പൊലിഞ്ഞു. 1939 - ൽ ആഭ്യന്തര യുദ്ധം അമർച്ചചെയ്ത ജനറൽ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യ ഭീകരവാഴ്‌ച 1975 വരെ നീണ്ടുനിന്നു. സ്പാനിഷ് സംസ്കൃതിയുടെ ധിഷണയും പാരമ്പര്യവും കത്തിപടർന്ന നിശ്ചയങ്ങളിൽ, ചരിത്രത്തിന്റെ ഹൃദയസ്പന്ദനം ലോകം ശ്രവിച്ചു. അക്കാലത്തു സ്പെയിനിൽ സിനിമയുടെ തനതു വഴികൾ തേടിയവരിൽ ശ്രദ്ധേയനാണ് കാർലോസ് സൗര. ലോക ചലച്ചിത്ര വേദിയിൽ ഒട്ടേറെ ആദരവുകൾ നേടിയ കാർലോസ് സൗര ഓർമ്മകളുടെ ചുവന്ന മണ്ണിൽ അലിയും മുമ്പാണ് സ്പെയിനിലെ ഓസ്കാർ എന്ന് വിശേഷിപ്പിക്കുന്ന ഗോയ പുരസ്കാരവും ഏറ്റുവാങ്ങിയത്. ലോകമെമ്പാടും നിയോറിയലിസം പടർന്നുകയറിയ അമ്പതുകളിൽ, സ്പാനിഷ് നവസിനിമയിലും ആവിഷ്ക്കാരങ്ങളുണ്ടായി. ജുവാൻ അന്തോണിയോ ബാർദെം (ഡെത്ത് ഓഫ് എ സൈക്ലിസ്റ്റ് 1955), ലൂയിസ് ഗാർസിയ ബെർലങ്കാ (ദി എക്‌സിക്യൂഷനർ 1963), വിക്ടർ ഐറിസ് തുടങ്ങിയവർക്കൊപ്പം എൻജിൻറിങ് ബിരുദധാരിയായ കാർലോസും പരീക്ഷണ സിനിമയിൽ നിലയുറപ്പിച്ചു . ഛായാഗ്രഹണ കലയിലായിരുന്നു മാൻഡ്രിഡിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം. ബുനുവലിൻറെ ലാൻഡ് വിതൗട്ട് ബ്രെഡ് (1933) പോലൊരു സിനിമ (കുൻകാ - 1958) ഡോക്യൂമെന്ററി ശൈലിയിൽ ചിത്രീകരിച്ച് കാർലോസ് സൗര സംവിധാന രംഗത്ത് തുടക്കം കുറിച്ചു . ആദ്യത്തെ പൂർണ്ണ സിനിമ 1960 - ലെടുത്ത ഗോൾഫോസ് ആണ്. ബാല്യത്തിലുണ്ടായ ആഭ്യന്തര യുദ്ധകാലത്തെ ബോംബുവർഷവും രക്തച്ചൊരിച്ചിലും മരണവും വിശപ്പും ഓർമ്മകളിൽ തങ്ങിനിൽക്കുമ്പോൾ കലാസൃഷ്ടികളിലും അവ ആഴത്തിൽ നിഴലാട്ടം നടത്തുക സ്വാഭാവികം. അത് പരീക്ഷണങ്ങൾക്കു വഴിതുറക്കുന്നു.
അന്തോണിയോ ബാർദെം 1949 - ൽ ആരംഭിച്ച് നിർമ്മാണ കമ്പനി യു. എൻ. ഐ. എൻ. സി. ഐ യിൽ കാർലോസും ചേർന്നു. ഈ കമ്പനി 1961-ൽ നിർമ്മിച്ച , ബുനുവലിന്റെ സിനിമ വിർദിയാന പട്ടാള ഗവൺമെന്റുമായി വിവാദത്തിൽ ആയതോടെ നിർമ്മാണ കമ്പനി പൂട്ടി . പിന്നീട് 1966 -ൽ കാർലോസ് സംവിധാനം ചെയ്ത ദി ഹണ്ട് (വേട്ട) എന്ന സിനിമ ലോകമാകെ അറിയപ്പെട്ടു. ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള സിൽവർ ബിയർ പുരസ്ക്‌കാരം നേടി . സ്പാനിഷ് സിവിൽ വാറിന് കാരണമായ സങ്കീർണതയും സംഘർഷവും പ്രതീകാത്മകമായി ഈ ചിത്രം ആവിഷ്കരിക്കുന്നു. 1968 -ലെ പെപ്പർ മിന്റ് ഫ്രാപ്പെ എന്ന സിനിമ മുതൽ ഏതാണ്ട് ഇരുപതു വർഷക്കാലം കാർലോസിന്റെ സുവരർണകാലമായിരുന്നു. എന്നാൽ പല സിനിമകളും സെൻസർഷിപ് കാരണം പ്രദർശനം നിരോധിച്ചതുമായിരുന്നു. സ്ട്രെസ് ഈസ് ത്രീ (1968), ഹണികോമ്പ് (1969), ദി ഗാർഡൻ ഓഫ് ഡിലൈറ്റ്സ് (1970), അന്ന ആൻഡ് ദി വുൾഫ്സ് (1973), കസിൻ ആഞ്ചലിക്ക (1974), എലീസ മൈ ലൈഫ് (1977), മദർ ടേൺസ് വൺ ഹൺഡഡ് (1979), സ്വീറ്റ് അവേഴ്സ് (1982) തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ബെർലിൻ അവാർഡും വെനീസ് അവാർഡും അക്കാദമി അവാർഡും പല ചിത്രങ്ങൾ നേടി. ഡോക്യുമെന്ററി നിയോ റിയലിസ്റ്റ് ശൈലിയിൽ നിന്നും സാമൂഹിക രാഷ്ട്രീയ പരിസ്ഥിതിയുടെ പ്രതിഭാസങ്ങളെ ആവാഹിച്ച് രൂപകങ്ങളിലേക്കും പ്രതീകാത്മകതയിലേക്കും കടന്നുചെന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയം ക്രിയ കുർവോസ് (1975) ആണ്. യാഥാർഥ്യവും മിഥ്യയും ഭൂതവും വർത്തമാനവും ഓർമ്മയും ഭ്രമകല്‌പനയും ലയിച്ച പ്രതിപാദന രീതി ഈ ചിത്രത്തിലും കാണാം. പെരുകുന്ന കാക്കകൾ എന്ന ഈ സിനിമ ജനറൽ ഫ്രാങ്കോ മരണശയ്യയിൽ കിടക്കുന്ന കാലത്തു നിർമ്മിച്ചതാണ്. ഒരു പട്ടാള മേധാവിയുടെ ഭവനത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്നത്. സൈന്യാധിപനായ അയാളുടെ ഭാര്യ കാൻസർ വന്നു മരണപ്പെട്ടു. പട്ടാള മേധാവി സ്ത്രീലമ്പടൻ കൂടിയാണ്. അയാൾ ആകസ്മികമായാണ് മരണപ്പെട്ടത്. തന്റെ പിതാവ് ഒരു ദിവസം മരണപ്പെട്ടതു മറ്റൊരു പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ഉണ്ടായ സംഭോഗത്തിന് ശേഷമാണെന്നും ആ സ്ത്രീ നൽകിയ വിഷമേറ്റാണ് പിതാവ് മരിച്ചതെന്നും അന്ന കരുതുന്നു. മക്കളായ മൂന്നു പെൺ കുട്ടികളിൽ ഒരുവളായ അന്നയുടെ നിരീക്ഷണത്തിലൂടെയും വിചാരങ്ങളിലൂടെയും ഓർമ്മകളിലൂടെയും സ്വപ്‌പ്നങ്ങളിലൂടെയുമാണ് കഥ വിടരുന്നത്. ഫ്രാങ്കോയിസ്റ്റ് പട്ടാളവാഴ്ചയിൽ സമൂഹത്തിൽ പ്രബലമായ മതാത്മക വൈകൃതം, ഒതുക്കപ്പെട്ട ലൈംഗികത, അധീശത്വ പ്രഹസനം എന്നീ മൂന്ന് വിപത്തുകളെ മൂന്നു കഥാപാത്രങ്ങളിലൂടെ പ്രതീകവൽക്കുന്നതാണ് അന്ന ആൻഡ് ദി വുൾഫ്സ് എന്ന ചിത്രം. ജനറൽ ഫ്രാങ്കോ മരണപ്പെട്ട 1975 -നു ശേഷം സ്പെയിൻ പട്ടാള ഭരണത്തിൽ നിന്ന് ജനാധിപത്യ വ്യവസ്ഥയിലേക്ക് പരിണമിക്കുന്ന കാലത്തുള്ള സിനിമകൾ സ്പാനിഷ് നൃത്തകലയും രംഗകലയും ലയിപ്പിച്ച പ്രമേയങ്ങളാണ്. ഫ്ലെമിങ്കോ നൃത്തനാടക രൂപത്തെ പിൻപറ്റിയ ദൃശ്യകാവ്യങ്ങളാണ് ബ്ലഡ് വെഡിങ് (1981), കാർമെൻ (1983), ലവ് ദി മജീഷ്യൻ (എൽ അമർ ബ്രജോ - 1986) എന്നീ സിനിമകൾ. വിശ്വപ്രസിദ്ധ സ്പാനിഷ് ചിത്രകാരൻ ഗോയയുടെ അവസാനകാല ജീവിതത്തിലെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുന്നു ഗോയ ഇൻ ബോർഡോക്സ് (1999). ബുനുവൽ, ലോർക്ക സാൽവദോർ ഡാലി എന്നിവരെ കുറിച്ചുള്ള സിനിമയാണ് ബുനുവൽ ആൻഡ് കിംഗ് സോളമൻസ് ടേബിൾ (2001). അവസാന ചിത്രം - വാൾസ് കാൻ ടോക്ക് 2023 ലാണ് പ്രദർശനത്തിനെത്തിയത്. 2008 - ൽ മുംബൈ ഫിലിം ഫെസ്റ്റിവലിലും 2013 - ൽ തിരുവനന്തപുരം ഐ.എഫ്.എഫ്.കെ യിലും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും കാർലോസ് സൗരയ്ക്ക് ലഭിച്ചിട്ടുണ്ട്.
1955 | Flamenco (short film) |
1956 | El Pequeño río Manzanares (short film) |
1957 | La Tarde del domingo (short film) |
1958 | Cuenca |
1959 | Los golfos |
1964 | Llanto por un bandido |
1966 | La caza |
1967 | Peppermint Frappé |
1968 | Stress-es tres-tres |
1969 | La madriguera |
1970 | El jardín de las delicias |
1972 | Ana y los lobos |
1973 | La prima Angélica |
1975 | Cría cuervos |
1977 | Elisa, vida mía |
1978 | Los ojos vendados |
1979 | Mamá cumple cien años |
1980 | Deprisa, Deprisa |
1981 | Bodas de Sangre |
1982 | Sweet Hours |
1982 | Antonieta |
1983 | Carmen |
1984 | Los Zancos |
1986 | El amor brujo |
1988 | El Dorado |
1989 | La Noche oscura |
1990 | Ay Carmela |
1992 | El Sur |
1992 | Marathon |
1992 | Sevillanas |
1993 | Dispara |
1995 | Flamenco |
1997 | Taxi |
1997 | Pajarico |
1998 | Tango |
1999 | Goya en Burdeos |
2001 | Buñuel y la mesa del rey Salomón |
2002 | Salomé |
2004 | El séptimo día |
2005 | Iberia |
2007 | Fados |
2008 | Sinfonía de Aragón (short film) |
2009 | Io, Don Giovanni |
2010 | Flamenco, Flamenco |
2013 | 33 días |
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved