Jose Konattu Rtd. Teacher Adimali |
Updated on : 23, December, 2023 Posted on : 20, June, 2022. Post views : 819 Category : Literary criticism, Literature |
BOOKMARK THIS ARTICLE | MOVE BACK |
പാഠപുസ്തകത്തിനപ്പുറത്തെന്തെങ്കിലുമൊക്കെ കുഞ്ഞുങ്ങള്‍ക്ക് പകരാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ട്? വായിച്ച പുസ്തകങ്ങള്‍ ക്ലാസ്സില്‍ ചര്‍ച്ച ചെയ്തുപോകുവാന്‍ എത്ര പേര്‍ക്ക് കഴിയും? ലൈബ്രറികളില്‍ പുസ്തകങ്ങള്‍ ചില്ലലമാരയ്ക്കുള്ളില്‍ ഭ്രദമായിരിപ്പുണ്ട്. സ്‌കൂളുകളിലും അതു തന്നെയാണവസ്ഥ.
ഒരു വായനാദിനം (Readers Day) കൂടി കടന്നു പോകുന്നു. ഔദ്യോഗികതലത്തില്‍ വലിയ ആഘോഷങ്ങളാണ് നടക്കുക. സ്കൂളുകളും കലാലയങ്ങളും ഗ്രന്ഥശാലകളും പബ്ലിക് റിലേഷന്‍സ് വകുപ്പുകളുമൊക്കെ സംയുക്തമായി നടത്തുന്ന എത്രയെത്ര പരിപാടികള്‍! എല്ലാം കഴിയുമ്പോള്‍ വഞ്ചി പിന്നെയും തിരുനക്കരയില്‍ തന്നെയാവും. എന്താവും കാരണമെന്നല്ലേ? ഒരാത്മാര്‍ത്ഥതയുമില്ലാതെ സംഘടിപ്പിക്കപ്പെടുന്ന തൊലിപുറമേയുള്ള പരിപാടികള്‍. വെറുതെയുള്ള വേഷംകെട്ടലുകളാണധികവും. ഒരു പുസ്തകംപോലും ശരിയാംവണ്ണം വായിക്കാത്തവര്‍ വായനയുടെ വിപ്ലവത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു. ഇക്കൂട്ടത്തില്‍ അധ്യാപകരാണധികവും. അധ്യാപകനായാല്‍ പിന്നെ ഒന്നും വായിക്കേണ്ടതില്ല എന്ന് ധരിച്ചുവശായിരിക്കുന്ന ഗുരുക്കന്മാര്‍ അധിവസിക്കുന്ന നാടാണിത്. തങ്ങള്‍ ചെയ്യാത്തത് കുട്ടികള്‍ ചെയ്യണമെന്ന് ഒരു ഉളുപ്പും കൂടാതെ ഒന്നു പറഞ്ഞുകൊണ്ടേയിരിക്കും.
പാഠപുസ്തകത്തിനപ്പുറത്തെന്തെങ്കിലുമൊക്കെ കുഞ്ഞുങ്ങള്‍ക്ക് പകരാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ട്? വായിച്ച പുസ്തകങ്ങള്‍ ക്ലാസ്സില്‍ ചര്‍ച്ച ചെയ്തുപോകുവാന്‍ എത്ര പേര്‍ക്ക് കഴിയും? ലൈബ്രറികളില്‍ പുസ്തകങ്ങള്‍ ചില്ലലമാരയ്ക്കുള്ളില്‍ ഭ്രദമായിരിപ്പുണ്ട്. സ്‌കൂളുകളിലും അതു തന്നെയാണവസ്ഥ. ലൈബ്രറികള്‍ ഇപ്പോള്‍ ചിലര്‍ക്കൊക്കെ ഒരു അഭിമാനത്തിന്റെ അടയാളമാണ്. പുസ്തകങ്ങള്‍ വാങ്ങി ഭ്രദമായി സൂക്ഷിക്കുക മലയാളിയുടെ കപട വായനാ സംസ്‌കാരത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എല്ലാം താന്‍ വായിച്ച പുസ്തകമാണെന്ന് ഞെളിഞ്ഞുനിന്ന് പറയുകയും ചെയ്യും. ഒന്നും വായിച്ചിട്ടുണ്ടാവില്ല. അഥവാ ഒന്നെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് എന്തെ ങ്കിലും പറയുക അസാധ്യമാവുകയും ചെയ്യും. പുസ്തകങ്ങളുടെ ജൈവസ്വഭാവത്തെ പുറമെ അംഗീകരിക്കുന്ന ശരാശരി മലയാളി വായന ശീലമാക്കുന്നതില്‍ ഒത്തിരി പിന്നിലാണ്.
Reading makes a full man എന്ന ബേക്കണ്‍ വചനം എത്രയോ ശരിയാണ്. ഇന്നിപ്പോള്‍ പുതിയ തലമുറ ഇ റീഡിംഗിന്റെ ഭാഗമായ യന്ത്രവായനയുടെ ദുര്‍ഭഗസന്തതികളാണല്ലോ. ശാസത്രം വികസിക്കുമ്പോള്‍ അതനുസരിച്ച് കാര്യങ്ങള്‍ മാറണമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. പക്ഷേ, സര്‍വ്വ വൈകാരികതകളും വറ്റി യന്ത്രത്തലകളായി മാറുന്ന ജനറേഷന്റെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. സ്വന്തം കുടുംബാംഗങ്ങളോടോ, സമൂഹത്തോടോ ഒരു ബാധ്യതയുമില്ലാതെ വികാരശൂന്യമായ മനസ്സോടെ വളര്‍ന്നുവരികയാണ് നമ്മുടെ കുഞ്ഞുങ്ങള്‍. മൂല്യബോധങ്ങളും സദാചാരങ്ങളും എത്ര വേഗത്തിലാണ് കുത്തിയൊലിച്ചില്ലാതാകുന്നത്. പഴയകാല ആര്‍ജ്ജവങ്ങളെല്ലാം നഷ്ടപ്പെട്ട് പുതിയ ആര്‍ത്തികള്‍ പെരുകുന്ന വര്‍ത്തമാനകാലത്ത് വായനയുടെ സാംഗത്യം തന്നെ വലുതാണ്. ഹിംസാത്മകതകളുടെ ഭാഷയാണ് ചുറ്റിലും തീയായി പടരുന്നത്. പൂതനയുടെ പാല്‍ കുടിച്ചാണ് കുട്ടികള്‍ വളരുന്നത്. കഥയും കവിതയും വായനയുമൊക്കെ നമ്മുടെ ജീവിതപരിസരത്തുനിന്ന് അന്യം നിന്നതാണ് ഇന്നത്തെ നിര്‍ദ്ദയത്വത്തിന് കാരണം. നേരംപോക്കിനായി പോലും കൂട്ടികള്‍ക്ക് ഒരു കഥ പറഞ്ഞുകൊടുക്കാന്‍ നേരമില്ലാതാകുന്നു. കഥ പറഞ്ഞിരുന്ന ഒരു വലിയ പൈതൃകം നമുക്കുണ്ടായിരുന്നു എന്ന് അംഗീകരിക്കാന്‍ പോലും നാണക്കേടുള്ള കാലത്താണ് നാം ജീവിച്ചിരിക്കുന്നത്.
സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ ധാരാളം കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു ഈ ലേഖകന്‍. അതില്‍ ലോക ക്ലാസ്സിക്കുകള്‍ തൊട്ട് കുഞ്ഞിക്കൂനനും ഒരു കുടയും കുഞ്ഞുപെങ്ങളും വരെ ഉണ്ടായിരുന്നു. കളിയുടെ പീരിയഡില്‍ പോലും പുറത്തുപോകാതെ കഥ കേട്ടാല്‍ മതിയെന്ന് ശാഠ്യംപിടിച്ച് കുട്ടികള്‍ എന്റെ മുന്നിലിരിക്കുമായിരുന്നു. ഒരു ചലച്ചിത്ര രംഗത്തിലെന്നപോലെ കഥയിലെ ഓരോ രംഗങ്ങളും തങ്ങളുടെ മനസ്സിലൂടെ കടന്നുപോകുമായിരുന്നു എന്ന് ഇന്ന് വളര്‍ന്നുവലുതായ എന്റെ കുട്ടികള്‍ പറയുന്നു. ഇത് കേള്‍ക്കാത്ത ഒറ്റ ദിവസവും എന്നെ കടന്നുപോകുന്നില്ല.
ആ കൂട്ടത്തില്‍ ക്ലാസിലിരുന്ന ഒരു സുരേഷ് (ഇപ്പോള്‍ എഞ്ചിനീയറാണ്) തന്റെ ആറുവയസ്സുകാരിയുമായി കഴിഞ്ഞ വാരത്തില്‍ വീട്ടിലെത്തി മോള്‍ക്ക് നാലഞ്ച് കഥ പറഞ്ഞുകൊടുക്കുമോ എന്ന് ചോദിച്ചു. ഒരു ദിവസത്തിന്റെ പകുതിയോളം ആ മോള്‍ എന്നെ കേട്ടു. പഞ്ചതന്ത്രം കഥകളും ഈസോപ്പ് കഥകളുമായി ഞാന്‍ അവള്‍ക്കു മുന്നിലിരുന്നു. കഥയുടെ വിസ്മയ ലോകത്ത് ചിറകുവിരിച്ച് അവള്‍ അനന്തവിഹായസ്സില്‍ വിഹരിക്കുന്നത് ഞാനനുഭവിച്ചറിഞ്ഞു. കഥകള്‍ നല്‍കുന്ന മൂല്യബോധം മറ്റൊരു പഠനത്തിനും നല്‍കാന്‍ കഴിയില്ല. വായന നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത് അതുകൊണ്ടാണ്. പുസ്തകങ്ങളാണ് അതിന്റെ ചാലകശക്തി.
ഒന്നേ അവസാനമായി എനിക്ക് പറയാനുള്ളൂ. വായിക്കാത്തവര്‍ ദയവായി വായനയെപ്പറ്റി പ്രസംഗിക്കരുത്. കുട്ടികള്‍ അതൊക്കെ തിരിച്ചറിയും. അവരും ഈ കാപട്യം ആവര്‍ത്തിക്കും. സോഷ്യല്‍ മീഡിയയില്‍ ഇത്തരം കാര്യങ്ങളുടെ അതിപ്രസരം ഇപ്പോള്‍ കാണാം. എന്തുചെയ്യാം. ഈ കലികാലത്ത് എന്തെല്ലാം കാണണം നാം!
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved