Beena Mathew FILCA Film Society Thiruvananthapuram |
Updated on : 25, January, 2025 Posted on : 25, January, 2025. Post views : 40 Category : Film Vision |
ഗബ്രിയേൽ ഗാർഷ്യാ മാർക്വിസിന്റെ സാഹിത്യ സൃഷ്ടികളിൽ
കൊളോണിയൽ - സാമ്രാജ്യത്വ ശക്തികളുടെ മേൽകോയ്മ മൂലമുള്ള വംശമിശ്രണവും നാശനഷ്ടങ്ങളും രചനകൾ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സൈനീകമോ രാഷ്ട്രീയമോ ആയ അധികാരദൂഷ്യങ്ങളും വരച്ചു കാട്ടുന്നുണ്ട്. അനന്തരഫലമായി മനുഷ്യൻ സ്വന്തം സംസ്കാരം വിട്ടകന്നു.
ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്തിൻറെ, പ്രത്യേകിച്ച് കൊളംബിയൻ - കരീബിയൻ ഭൂമേഖലയുടെ വൈവിധ്യമാർന്ന ഭൂത ഭാവി വർത്തമാന കാലങ്ങളിലെ യഥാർഥ്യങ്ങളും സങ്കൽപ്പങ്ങളും വിസ്മയങ്ങളും ഇടകലർന്ന പ്രതീകലോകമാണ് ഗബ്രിയേൽ ഗാർഷ്യാ മാർക്വിസിന്റെ സാഹിത്യ സൃഷ്ടികളിൽ പ്രതിഫലിക്കുന്നത്.
ലാറ്റിൻ അമേരിക്കയുടെ ചരിത്രപ്രധാനമായ, തീവ്രമായ, നീറുന്ന അവസ്ഥ മാത്രമല്ല ; ഏതോ മാസ്മരീകമായ മാനസിക സംഘർഷങ്ങളുടെയും ബന്ധങ്ങളുടെയും ഒരു പുനർ വ്യാഖ്യാനം കൂടിയാണിത് .
വർത്തമാനവും ഭൂതകാലവും രൂപകങ്ങളിലൂടെ കോർത്തിണക്കി, അതിലൂടെ പിന്നീട് ലാറ്റിനമേരിക്ക നേരിടേണ്ടിവരാവുന്ന ഭവിഷ്യത്തുകളെയും രചനകൾ ഓർമ്മിപ്പിക്കുന്നു. ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിലെ മനുഷ്യർ നേരിടേണ്ടിവരാവുന്ന ദുരവസ്ഥകളുടെ മുഖ്യകാരണങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതോടൊപ്പം ഫലവത്തായ ഭാവിയ്ക്കു വേണ്ടിയുള്ള പ്രതീക്ഷകളും രചനകൾ മുന്നോട്ട് വെയ്ക്കുന്നു.
ത്രികാലങ്ങളുടെ അതിരുകൾ മങ്ങിയലിഞ്ഞ് പുതിയൊരു ലാറ്റിനമേരിക്ക രൂപപ്പെടുന്നതായ സ്വപ്‌നഭാഷ രചനകൾക്കുണ്ട്.
വായനക്കാർ തങ്ങളുടെ ഭൂതകാലത്തിൻറെയും സംസ്ക്കാരത്തിൻറെയും പാരമ്പര്യത്തിൻറെയും മിത്തുകളിലേക്കു കടക്കുമ്പോൾ അവരുടെ സാമൂഹിക പരമാർഥതയെ അവർ ബോധ്യപ്പെടുന്നു. മറ്റു വിഭാഗങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നു. അങ്ങനെ മാർക്വിസിന്റെ സാഹിത്യ സൃഷ്ടികൾ ലാറ്റിനമേരിക്കയുടെ സാമൂഹിക സാംസ്കാരിക ചരിത്രാവബോധത്തെ ഉണർത്തി ആ ഭൂഖണ്ഡത്തിൻറെ ഏകതയെ ഉറപ്പിക്കാൻ വെമ്പുന്നു. രാഷ്ട്രീയ സംഭവങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള പുരാവൃത്തങ്ങൾ രാഷ്ട്രീയ നവീകരണ പ്രക്രിയയെയും സജീവമാക്കുന്നു.
കൊളോണിയൽ - സാമ്രാജ്യത്വ ശക്തികളുടെ മേൽകോയ്മ മൂലമുള്ള വംശമിശ്രണവും നാശനഷ്ടങ്ങളും രചനകൾ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സൈനീകമോ രാഷ്ട്രീയമോ ആയ അധികാരദൂഷ്യങ്ങളും വരച്ചു കാട്ടുന്നുണ്ട്. അനന്തരഫലമായി മനുഷ്യൻ സ്വന്തം സംസ്കാരം വിട്ടകന്നു. ഭൂഖണ്ഡം പല രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. അധിനിവേശത്തിന്റെയും പോരാട്ടത്തിന്റെയും രാഷ്ട്രീയ പാർട്ടികളുണ്ടായി. ആഭ്യന്തരയുദ്ധം , കലാപം, ലഹള, മരണങ്ങൾ.... അങ്ങനെ ഇരുപതാം നൂറ്റാണ്ടോടെ ലോകത്തിലെ വലിയ കലാപഭൂമിയായി മാറി ലാറ്റിൻ അമേരിക്കൻ നാടുകൾ. ഇതെല്ലാം തന്നെ സാഹിത്യരചനകളിലെ അടിയൊഴുക്കുകളായി.
1950 കളിൽ പത്രപ്രവർത്തകനായ മാർക്വിസ് കഥാകൃത്തും നോവലിസ്റ്റുമായി ശ്രദ്ധേയനായിരുന്നു. രചനകളിലെ വൈവിധ്യമാർന്ന അത്ഭുത സംഭവങ്ങൾ വായനക്കാരിൽ വിസ്മയം ഉണർത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ ബൂർഷ്വാ - ജനാധിപത്വ വിപ്ലവങ്ങൾ എഴുത്തുകാർക്ക് ഒരു വ്യത്യസ്ത സാഹിത്യ വീക്ഷണം നൽകിയിരുന്നു. സാമൂഹികാവസ്ഥകളെയും ദുരന്തപര്യവസാന ചരിത്രത്തെയും മാന്ത്രികമെന്നു വിളിക്കാവുന്ന രചനാ സങ്കേതത്തിൽ മാർക്വിസ് പുനരാവിഷ്കരിക്കുന്ന കഥകളും നോവലുകളും ദു:ഖത്തിൻറെ ഘനവും ഗാംഭീര്യവും കടുപ്പിക്കുന്നതായിരുന്നു.
'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റൂഡ് ' (1967 ) ആധുനിക ലോകസാഹിത്യത്തിലെ വഴിത്തിരിവായിരുന്നു. വളരെ സങ്കീർണമായ നോവലിൽ നിരന്തരം സങ്കീർണ്ണമായി ചലിക്കുന്ന സംഭവങ്ങളുടെ ശ്രേണി വായനക്കാരെ പല ആവർത്തി മുന്നോട്ടും പിന്നോട്ടും ആസ്വാദ്യകരമായി ചലിപ്പിച്ചു. യാഥാർഥ്യത്തിനും മിഥ്യയ്ക്കുമൊപ്പം യാത്ര ചെയ്യിച്ചു.
ആ നോവലിൻറെ പ്രത്യേകത മൂലം പലരും അതിനെ സെർവാന്റിസിന്റെ ഡോൺ ക്വിക്സോട്ടിനോട് താരതമ്യപ്പെടുത്തി. ന്യൂ സെർവാന്റിസ് എന്നുവരെ വിശേഷിപ്പിച്ചു.
ഏതാണ്ട് നാല് പതിറ്റാണ്ടു കാലത്തെ ഏറ്റവും ഭ്രമകരവും വിചിത്രവുമായ എഴുത്തിലൂടെ വായനക്കാരെ രസം പിടിപ്പിച്ച ഗാബോയ്ക്ക് 1982-ൽ വിശ്വവിഖ്യാത പുരസ്‌കാരം ലഭിച്ചു. ഗബ്രിയേൽ ഗാർഷ്യ മാർക്വിസ് എന്ന ഗാബോ അങ്ങനെ നോബൽ സമ്മാനം നേടുന്ന ആദ്യ കൊളംബിയക്കാരനും നാലാമത്തെ ലാറ്റിനമേരിക്കക്കാരനുമായി.
PeerBey.Com, Kollannur
Zanan Mission Road, Opp. BSNL
Chembukavu, Thrissur - 680020
© 2020 PeerBey. All rights reserved