Jyothishkumar P.S Filca Film Society Thiruvananthapuram |
Updated on : 23, December, 2023 Posted on : 17, September, 2023. Post views : 104 Category : Literature, Personalities |
BOOKMARK THIS ARTICLE | MOVE BACK |
എം.ടി.യുടെ വ്യക്തിപ്രഭാവം നിറഞ്ഞു നിൽക്കുന്നത് എഴുത്തിൽ മാത്രമല്ല, മികച്ച വായനക്കാരൻ കൂടിയാണ് അദ്ദേഹം. മാജിക്കൽ റിയലിസം കൊണ്ട് അത്ഭുതപ്പെടുത്തിയ ഗബ്രിയേൽ ഗാർഷ്യ മാർകേസിനെ കേരളക്കരയിൽ ആദ്യമായി വായിക്കുകയും മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയൂം ചെയ്തതുൾപ്പെടെ ഒരു വായനക്കാരന്റെ ഏറ്റവും വലിയ കടമ കൂടി നിർവഹിച്ചു കൊണ്ട് മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ചു.
മലയാളിയുടെ സാംസ്കാരിക നഭസ്സിലെ സൂര്യതേജസാണ് എം.ടി.വാസുദേവൻ നായർ. അദ്ധ്യാപകനായും കഥാകൃത്തായും നോവലിസ്റ്റായും തിരക്കഥാകൃത്തായും പത്രാധിപരായും സംവിധായകനായും മലയാള സാഹിത്യത്തിലും മലയാള സിനിമയിലും മലയാളിയുടെ ഓരോ സാംസ്കാരിക തലത്തിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. മലയാള സാഹിത്യത്തിലും മലയാള സിനിമയിലും മലയാളിയുടെ ഓരോ സാംസ്കാരിക തലത്തിലും പകരം വെക്കാൻ ആളില്ലാത്ത അപൂർവ വ്യക്തിത്വങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റേത്.
കുട്ടിക്കാലം തൊട്ടുള്ള ജീവിതാനുഭവങ്ങൾ വെളിച്ചവും ചൂടും ചൂരും പകർന്നതിനാൽ സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. ബിരുദ പഠന കാലത്തു തന്നെ കഥകൾ അച്ചടിച്ചു വരികയും ആദ്യത്തെ കഥാ സമാഹാരമായ ‘രക്തം പുരണ്ട മൺതരികൾ’ പുറത്തിറങ്ങുകയും ചെയ്തു. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ‘ വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ മലയാളസാഹിത്യത്തിൽ ശ്രദ്ധേയനായിത്തീർന്നത്.
കേരള സാഹിത്യ അക്കാദമി അവാഡിൽ തുടങ്ങി ജ്ഞാനപീഠവും എഴുത്തച്ഛൻ പുരസ്കാരവും എം.ടി. യിലെ സാഹിത്യ പ്രതിഭയ്ക്കും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും ജെ.സി. ദാനിയേൽ പുരസ്കാരവും എം.ടി.യെന്ന ചലച്ചിത്രകാരനും ആദരവ് കൊണ്ട് തിലകം ചാർത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എന്ന പദവിയാണ് മലയാള സാഹിത്യത്തിനും എം.ടി.യുടെ പിൻതലമുറയ്ക്കും അതുല്യ സംഭാവന നൽകാൻ എം.ടി യെ സഹായിച്ച മറ്റൊരു ഇടം. കഥയായാലും നോവലായാലും തിരക്കഥ ആയാലും എം.ടി. എന്ന സാഹിത്യകാരൻ ആണ് അവയിലൊക്കെ നിറഞ്ഞു നിൽക്കുന്നത്.
എം.ടി.യുടെ വ്യക്തിപ്രഭാവം നിറഞ്ഞു നിൽക്കുന്നത് എഴുത്തിൽ മാത്രമല്ല, മികച്ച വായനക്കാരൻ കൂടിയാണ് അദ്ദേഹം. മാജിക്കൽ റിയലിസം കൊണ്ട് അത്ഭുതപ്പെടുത്തിയ ഗബ്രിയേൽ ഗാർഷ്യ മാർകേസിനെ കേരളക്കരയിൽ ആദ്യമായി വായിക്കുകയും മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയൂം ചെയ്തതുൾപ്പെടെ ഒരു വായനക്കാരന്റെ ഏറ്റവും വലിയ കടമ കൂടി നിർവഹിച്ചു കൊണ്ട് മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ചു.
ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങൾക്ക് അവതാരിക എഴുതി കൊടുത്തിട്ടുണ്ട്. അതിലൂടെ മലയാള സാഹിത്യത്തെയും എഴുത്തുകാരെയും മികവിന്റെ പാതയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അപ്പുണ്ണി, ഭീമസേനൻ, വിമല, സർദാർജി, കുട്ട്യേടത്തി, ഉണ്ണി എന്ന് തുടങ്ങി അദ്ദേഹത്തിന്റെ കഥകളിലും നോവലിലും തിരക്കഥകളിലും നമ്മൾ പരിചയപ്പെട്ട കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും സ്ഥാനം പിടിച്ചവരാണ്.
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന അദ്ദേഹം കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തിയ സാഹിത്യകാരൻ ആണ്. എം. ടി എന്തെഴുതിയാലും അതിൽ നക്ഷത്രം വിരിയും എന്ന് കേട്ടിട്ടുണ്ട്.
ഓരോ അഭിമുഖത്തിലും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർക്കുന്നവരാണ് എല്ലാ സാഹിത്യകുതുകികളും. അതിൽ അറിവും തിരിച്ചറിവും വിമർശനവും വെളിച്ചവും വഴികാട്ടലും ഒക്കെയുണ്ടാകും.
9 നോവലുകൾ, 25 കഥാസമാഹാരങ്ങൾ, 60 ഓളം തിരക്കഥകൾ, 1 നാടകം, 3 പ്രബന്ധങ്ങൾ, 7 ലേഖന സമാഹാരങ്ങളും 1 യാത്രാവിവരണവും അസംഖ്യം മറ്റു രചനകളും അടങ്ങിയതാണ് എം.ടി. വാസുദേവൻ നായർ എന്ന എം.ടി. യുടെ സർഗ്ഗ സാഹിത്യ പ്രപഞ്ചം.
നാലുകെട്ട്, പാതിരാവും പകൽവെളിച്ചവും, അറബി പൊന്ന്, അസുരവിത്ത്, മഞ്ഞ്, കാലം, വിലാപയാത്ര,രണ്ടാമൂഴം, വാരാണസി തുടങ്ങിയവ ഏറെ വായിക്കപ്പെട്ട നോവലുകളാണ്.
വരികളിലൂടെ, വാക്കുകളിലൂടെ, സംഭാഷണങ്ങളിലൂടെ, പ്രകൃതി വർണ്ണനകളിലൂടെ, ദൃശ്യാവിഷ്കാരത്തിലൂടെ സാംസ്കാരിക തലങ്ങളിലെ ഇടപെടലുകളിലൂടെ നമ്മെ എന്നും വിസ്മയിപ്പിക്കുന്ന സാഹിത്യകാരനാണ് ശ്രീ.എം. ടി വാസുദേവൻ നായർ.
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved