⇉ Karkkadakam
കര്‍ക്കടകം: പ്രതീക്ഷകളുടെ മാസം
Updated on : 8, June, 2026
Posted on : 24, April, 2025.    Post views : 16
Category : Agriculture, Culture, Health
BOOKMARK THIS ARTICLE MOVE BACK

കര്‍ക്കടകത്തിലെ പത്തിലകള്‍: മുറ്റത്തെ ഔഷധസമ്പത്ത്

വിഷരഹിതമായി തൊടിയില്‍ വളര്‍ന്നുവരുന്ന പച്ചിലകള്‍ കറിവച്ച് കഴിക്കുന്നത് രോഗാണുക്കളെ വളരെയധികം പ്രതിരോധിക്കുന്നു


പട്ടിണി അനുഭവിച്ച പഴമക്കാര്‍ പഞ്ഞമാസക്കാലത്ത് കരുതി വച്ചതൊക്കെയും തീരുമ്പോള്‍ പാടത്തും പറമ്പിലും മുളച്ചുവരുന്ന പച്ചിലച്ചെടികളെ ആശ്രയിക്കുകയും അവയുടെ മാഹാത്മ്യം മനസ്സിലാക്കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ്‌ പുതു തലമുറ മനസ്സിലാക്കേണ്ട വസ്തുത.



തൊടിയിലും പറമ്പിലും സ്വാഭാവികമായി വളരുന്ന അനേകം ഇലച്ചെടികളെ ഇന്ന് നമ്മള്‍ പലപ്പോഴും പാഴ്‌ച്ചെടികളായി കാണുന്നു. അതേസമയം വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ക്ക് വിപണിയില്‍ വലിയ വില കൊടുത്ത് വാങ്ങുന്നതും നമ്മുടെ പതിവായി മാറിയിരിക്കുന്നു. ഒരുകാലത്ത് ആയുര്‍വേദജ്ഞാനവും പ്രകൃതിയുമായുള്ള അടുപ്പവും കൊണ്ട് പ്രശസ്തമായിരുന്ന കേരളം ഇന്ന് ജീവിതശൈലിരോഗങ്ങളോട് പോരാടുകയാണ്.

പഴയ തലമുറയുടെ ജീവിതാനുഭവങ്ങളില്‍ നിന്നു നമുക്ക് പഠിക്കാനുള്ളത് ഏറെയുണ്ട്. പഞ്ഞമാസങ്ങളില്‍ ഭക്ഷ്യക്ഷാമം നേരിടുമ്പോള്‍ വയലിലും പറമ്പിലും സ്വയം മുളച്ചുവരുന്ന പച്ചിലകളെ ആശ്രയിച്ചായിരുന്നു അവരുടെ ജീവിതം. അവ വെറും വിശപ്പടക്കാനുള്ള ആഹാരമല്ല, ആരോഗ്യം സംരക്ഷിക്കുന്ന ഔഷധസമ്പത്താണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.

വിറ്റാമിനുകളും ധാതുലവണങ്ങളും നാരുകളും സമൃദ്ധമായി അടങ്ങിയ ഇലക്കറികള്‍ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും ആമാശയത്തെയും ചെറുകുടലിനെയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന സമയത്ത് ഇത്തരം ഇലക്കറികള്‍ ശരീരത്തിന് ബലവും ആരോഗ്യവും പകരുന്നു. വീട്ടുവളപ്പില്‍ വിഷരഹിതമായി വളരുന്ന പച്ചിലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒരു നല്ല ശീലമാണ്.

കര്‍ക്കടകത്തിലെ പത്തിലകള്‍

പ്രദേശങ്ങള്‍ക്കനുസരിച്ച് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പൊതുവെ കര്‍ക്കടകത്തിലെ പത്തിലകളായി പരിഗണിക്കുന്നത് താള്‍, തകര, തഴുതാമ, പയറില, ചേനയില, കുമ്പളയില, മത്തയില, ചൊറിയണം, ചീര, നെയ്യുണ്ണി എന്നിവയാണ്.

മുരിങ്ങയില ധാരാളം ഔഷധഗുണമുള്ളതാണെങ്കിലും മഴക്കാലത്ത് ദഹനത്തെ ബാധിക്കാമെന്ന കാരണത്താല്‍ പത്തിലകളില്‍ ഉള്‍പ്പെടുത്താറില്ല.

ഈ ഇലകള്‍ തോരന്‍ മാത്രമല്ല, ചമ്മന്തി, ചട്ണി, പച്ചടി, രസം, കട്‌ലറ്റ്, ഇലദോശ തുടങ്ങിയ വിഭവങ്ങളായും തയ്യാറാക്കാം. വാളന്‍പുളിയില ചമ്മന്തി, കറുകപ്പുല്ല് ചട്ണി, ചീര ചേര്‍ത്ത മുട്ടത്തോരന്‍, താള്‍ കട്‌ലറ്റ്, തുളസിയില ചേര്‍ത്ത കുരുമുളക് രസം എന്നിവ രുചിയുടെയും ആരോഗ്യത്തിന്റെയും മനോഹരമായ സംഗമങ്ങളാണ്.

താള്‍

ചിലയിടങ്ങളില്‍ പൊടിച്ചേമ്പ് എന്നറിയപ്പെടുന്ന താള്‍ ചേമ്പിന്റെ തളിരിലയും തണ്ടുമാണ്. കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, സി, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാരാളം പോഷകഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

ദഹനം മെച്ചപ്പെടുത്താനും രക്തവര്‍ധനയ്ക്കും പേശികളുടെയും കണ്ണുകളുടെയും ആരോഗ്യത്തിനും താള്‍ ഗുണകരമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകമായ ഇത് ശരീരക്ഷീണവും തളര്‍ച്ചയും അകറ്റുന്ന ഒരു പ്രകൃതിദത്ത പോഷകമാണ്.

തകര

മഴക്കാലത്ത് ധാരാളമായി മുളച്ചുവരുന്ന ഒരു ഔഷധസസ്യമാണ് തകര. ത്വക്ക് രോഗങ്ങള്‍, രക്തദോഷങ്ങള്‍, കഫ-പിത്ത-വാത സംബന്ധമായ അസുഖങ്ങള്‍, കൃമിശല്യം തുടങ്ങിയവയ്ക്കെല്ലാം ആയുര്‍വേദത്തില്‍ തകരയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.

കറിവെച്ചോ വടകളില്‍ ചേര്‍ത്തോ തകര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രത്യേകിച്ച് ചര്‍മാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യുന്നതായി പരമ്പരാഗത ചികിത്സാരീതികള്‍ പറയുന്നു.

തഴുതാമ

നാട്ടുവഴികളിലും വയല്‍വരമ്പുകളിലും നിലത്തുകൂടി പടര്‍ന്നു വളരുന്ന തഴുതാമ കര്‍ക്കടകത്തിലെ പ്രധാനപ്പെട്ട ഒരു ഇലയാണ്. ഇതിന്റെ ഇലയും തണ്ടും ചേര്‍ത്ത് തയ്യാറാക്കുന്ന തോരനും സൂപ്പും ആരോഗ്യദായകമാണ്.

രക്തക്കുറവ് പരിഹരിക്കാനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും കുറയ്ക്കാനും തഴുതാമ സഹായിക്കുന്നു. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും മൂത്രതടസം മാറാനും തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറത്താക്കാനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഈ സസ്യത്തിന് കഴിവുണ്ടെന്ന് പരമ്പരാഗത അറിവുകള്‍ പറയുന്നു.


ചേമ്പും താൾ/ Colocasia Leaf
തകര/ Wild senna
തഴുതാമ

പയറില

പയറിന്റെ ഇല ദഹനം മെച്ചപ്പെടുത്തുന്നു. കൂടാതെ ധാതുക്കളും വിറ്റാമിന്‍ എയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. തളിരില തോരന്‍ വച്ചാല്‍ കഴിക്കാന്‍ വളരെ രുചികരമാണ്‌.


ചേന

ചേനയില്‍ മാത്രമല്ല, ഇതിന്റെ തണ്ടിലും ഇലയിലുമെല്ലാമുണ്ട് പ്രോട്ടീന്‍. അതു പോലെ കൊളസ്‌ട്രോളിന്റെ അളവ് ചേനയില്‍ തീരെ കുറവാണ്. ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ചേന കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഒരു പരിധി വരെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ഇതു നല്ലതാണ്. വിറ്റമിനുകള്‍ക്കുപുറമെ മിനറലുകളും പ്രോട്ടീനും അടങ്ങിയ ചേന ബാലൻസ്ഡ് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഭക്ഷണമാണ്‌.


കുമ്പളയില

വള്ളിഫലങ്ങളില്‍ ഏറ്റവും മികച്ചത് കുമ്പളമാണെന്ന് ആയുര്‍വേദം പറയുന്നു. കുമ്പളത്തിന്റെ ചെറിയ ഇനമായ നെയ്ക്കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഔഷധഗുണമേറെയും. പോഷകസമ്പന്നമാണ് കുമ്പളങ്ങ. ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, മൂത്രതടസ്സം എന്നിവയ്ക്ക് അത്യുത്തമം. ദഹന ശക്തി വര്ദ്ധിപ്പിക്കുമെന്നതിനാൽ പാലക്കാട് ഭാഗത്ത് കോഴിക്കറികളിൽ കുമ്പളങ്ങ ഉപയോഗികാറുണ്ട്. കുമ്പളത്തിന്റെ വള്ളി, ഫലം, തൊലി, പൂവ്, കുരു, ഇല ഇവയൊക്കെ ഔഷധഗുണമുള്ളതാണ്.


മത്തയില

മത്തയില കൊണ്ടുള്ള തോരൻ വളരെ രുചികരമായ ഒരു വിഭവമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനു ഗുണകരമായ ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തയില. രക്തത്തിലെ നല്ല കൊളസ്ട്രോൾ അളവ് കൂട്ടുകയും മോശം കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ദഹനശക്തി വർദ്ധിപ്പിപ്പിക്കുന്നു. മൂത്രാശയ രോഗങ്ങൾക്കും, ത്വക്ക് രോഗങ്ങൾക്കും, ആര്ത്തവ സംബന്ധമായ പ്രശ്നങ്ങൾക്കുമെല്ലാം മത്തയില ഒരു ഒറ്റമൂലികൂടിയാണ്.


ചൊറിയണം

അല്‍പം ചൊറിഞ്ഞാലും ചൊറിയണം നല്ലൊരു മരുന്നാണ്‌. കൊടിത്തൂവ എന്നും കടിയന്‍ തുമ്പയെന്നുമെല്ലാം അറിയപ്പെടുന്നു. ചെറിയ ചൂടുവെളളത്തിലിട്ടാല്‍ ഇവയുടെ ചൊറിച്ചില്‍ മാറിക്കിട്ടും. കര്‍ക്കടകക്കാലത്ത് പത്തിലത്തോരനുകളില്‍ ചൊറിയണം പ്രധാനമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഔഷധമാണ്‌ ചൊറിയണം. ലിവര്‍, കിഡ്‌നി എന്നിവയെല്ലാം ശുദ്ധീകരിയ്ക്കുന്നു. രക്തശുദ്ധി വരുത്തുന്നതിനാല്‍തന്നെ രക്തദൂഷ്യം വഴിയുള്ള ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇത് ഉത്തമമാണ്‌. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിലെ നീര്‍ക്കെട്ടു തടയാനും യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍ കല്ല് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ചൊറിയണം ഉത്തമം. നല്ല ഉറക്കം കിട്ടാന്‍ ചൊറിയണം സഹായിക്കും. തോരന്‍ വച്ചും, ചൊറിയണം ഇട്ടു തിളപ്പിച്ച് ചായ ഉണ്ടാക്കിയും കഴിക്കാം.


ചീര

വിവിധ തരം ഇലക്കറികള്‍ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണ് ഗുണത്തില്‍ മുന്നില്‍. ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുള്ളൻചീര, ചുവന്ന ചീര, വേലിച്ചീര എന്നിങ്ങനെ പലയിനം ചീരകളുണ്ട്. ഇവയെല്ലാം വീട്ടുവളപ്പിൽ തന്നെ നട്ടുപിടിപ്പിക്കാവുന്നതുമാണ്. ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിഒാക്‌സിഡന്റ്‌സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാൻ സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ചീര കഴിക്കുന്നത് നല്ലതാണ്. ദഹന ശക്തിയെ വർദ്ധിപ്പിക്കുകയും രക്തവർദ്ധനവിനും ചീര ഗുണപ്രദമാകുന്നു.


നെയ്യുണ്ണി

തോട്ടങ്ങളിൽ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന വള്ളിച്ചെടിയാണ് നെയ്യുണ്ണി. ഒരുകാലത്ത് തൊടികളിലും പറമ്പിലും വഴിയരികിലും ധാരാളം പടര്‍ന്നുകയറിക്കിടന്നിരുന്നു. ഇതിന്‍റെ ഇലയുടെ ആകൃതി അഞ്ചുവിരലുകളുള്ള കൈപ്പത്തി പോലെയായതിനാല്‍ ഐവിരലിക്കോവ എന്നും വിളിക്കാറുണ്ട്. കറിവെച്ചാല്‍ നല്ല പശു നെയ്യിന്റെ സ്വാദാണ്. ആയുര്‍വേദത്തില്‍ മൂലക്കുരുവിനുള്ള ഉത്തമ ഔഷധമായാണ് നെയ്യുണ്ണി. തലചുറ്റലിനും പനിക്കും പ്രമേഹത്തിന്റെ നിയന്ത്രണത്തിനും നല്ല ഔഷധമാണ്.

പയർ ഇല
ചേന/ Elephant foot yam
കുമ്പളം / Ash Gourd

കര്‍ക്കടകമഴയുടെ നനവില്‍ മുളച്ചുയരുന്ന ഈ പത്തിലകള്‍ വെറും ഇലകളല്ല; നമ്മുടെ പൂർവികരുടെ അനുഭവജ്ഞാനവും പ്രകൃതിയുടെ ഔഷധസമ്പത്തും കൂടിയാണ്. അവയെ തിരിച്ചറിയുകയും ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നത് ആരോഗ്യത്തിലേക്കുള്ള ഒരു ലളിതമായ മടങ്ങിവരവാണ്.


Photo gallery
മത്ത ഇല / Pumpkin Leaf
ചൊറിയണം ‌ / Tragia involucrata
ചുവന്ന ചീര / Red Amaranth Spinach
നെയ്യുണ്ണി/ Lollipop Climber



PREVIOUS | READ MORE | NEXT



Comments & Contributions
Please share your knowledge, comment and feedback
RELATED ARTICLES



At a glance


Quick links



One of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey.Com, Kollannur
Zanan Mission Road, Opp. BSNL
Chembukavu, Thrissur - 680020


© 2020 PeerBey. All rights reserved

page counter