Updated on : 3, May, 2025 Posted on : 3, May, 2025. Post views : 25 Category : Art, Culture, Festivals |
തൃശ്ശൂര്‍ പൂരത്തിലെ വര്‍ണ്ണക്കാഴ്ചയാണ് മാറി മാറി ഉയര്‍ന്നുപൊങ്ങുന്ന പൂരക്കുടകൾ
തൃശ്ശൂര്‍ പൂരം എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വിരിയുന്നത് നെറ്റിപ്പട്ടമണിഞ്ഞ ഗജകേസരികളുടെ മസ്തകത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണക്കുടകളാണ്. മാരിവില്ലിന്റെ അഴകുള്ള വര്‍ണ്ണക്കുടകള്‍. പൂരക്കുടകള്‍ക്കും വിശേഷങ്ങളുണ്ട്. വായിച്ചറിയാം.
പൂരത്തിന്റെ അഴകില്‍ ഏറ്റവും പ്രധാനമാണ് ഗജകേസരികളുടെ ശിരസ്സില്‍ ഉയര്‍ന്നുപൊങ്ങുന്ന വര്‍ണ്ണക്കുടകള്‍. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ മത്സരിച്ചാണ് പൂരക്കുടകള്‍ ഒരുക്കുക. വടക്കുംനാഥനുമുന്നില്‍ ഈ കുടകള്‍ കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്നു. മുന്‍പ് പല നിറങ്ങളിലുള്ള മുത്തുക്കുടകള്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ എല്ലാക്കാര്യത്തിലേതുമെന്നതുപോലെ കുടകളുടെ കാര്യത്തിലും സാങ്കേതികമായ കൂട്ടിച്ചേര്‍ക്കലുകള്‍ വന്നു. എല്‍.ഈ.ഡി കുടകളും, രൂപങ്ങളും കുടമാറ്റത്തിന്റെ ഭാഗമായി.
ഓരോ വിഭാഗത്തിന്റെയും നിരന്നു നില്‍ക്കുന്ന 15 ആനകള്‍ക്കും മുകളില്‍ കുടകള്‍ നിവരും. ഒരു വിഭാഗത്തിന് 50 സെറ്റ് കുടകളാണ് ഉണ്ടാവുക. ഒരോ സെറ്റ് കുടകളും ഒന്നിനൊന്നു മെച്ചമെന്ന രീതിയിലാണ് അവതരിപ്പിക്കുക. ഓരോ സെറ്റ് കുടകള്‍ ഉയരുമ്പോഴും കാണികള്‍ ആര്‍പ്പുവിളികളോടെ, മേളപ്പെരുക്കത്തിൽ കൈകൾ ഉയർത്തി പ്രോത്സാഹനം നല്‍കും. പരസ്പരം അഭിമുഖമായി നില്‍ക്കുന്ന ഇരു വിഭാഗത്തിന്റെയും 15 ഗജവീരന്മാര്‍ക്കു മുകളില്‍ മാറി മാറി വര്‍ണ്ണക്കുടകള്‍ വിരിയുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണ്.
ഇലഞ്ഞിത്തറ മേളത്തിനുശേഷം ഇരു വിഭാഗം ആനകളും വടക്കുംനാഥന്റെ തെക്കെ ഗോപുരം വഴി പുറത്തേയ്ക്കെഴുന്നള്ളൂന്നു. പാറമേക്കാവ് ഭാഗം തൃശൂർ റൗണ്ടിൽ വടക്കുംനാഥന്റെ തെക്കെ ഗോപുര നടയ്ക്ക് അഭിമുഖമായി അണിനിരക്കുന്നു. തിരുവമ്പാടി വിഭാഗം തെക്കെ ഗോപുരനടയിലും നിലയുറപ്പിക്കുന്നു. പരസ്പരം അഭിമുഖമായി നിന്ന് ഇരു കൂട്ടരും വടക്കുംനാഥനു മുന്നിൽ ജനസാഗരം സാക്ഷിയാക്കി മേളവും കുടമാറ്റവും നടത്തുകയായി. ഓരോ കുടയും ഉയർത്തിയ ശേഷം മേളത്തിനൊപ്പിച്ച് മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തും. അതിനുശേഷമാണ് അടുത്ത കുട ഉയരുക. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു 14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും. പൂരം നാളിൽ വൈകിട്ട് നാലരമണിയോടെ ആരംഭിക്കുന്ന കുടമാറ്റം മൂന്നുമണിക്കൂറോളം നീണ്ടു നിൽക്കും. ചെറിയ വെടിക്കെട്ടോടുകൂടിയാണ് കുടമാറ്റം അവസാനിക്കുക.
കുടമാറ്റത്തിന്റെ തുടക്കം
തൃശ്ശൂർ പൂരത്തിന് ഇരുനൂറ് വർഷത്തിലധികം പഴമ അവകാശപ്പെടുമ്പോൾ കുടമാറ്റത്തിന് ഏകദേശം നൂറുവര്‍ഷത്തെ പഴക്കമേയുള്ളൂവെന്ന് പറയപ്പെടുന്നു. ഒന്നാംലോക മഹായുദ്ധം കഴിഞ്ഞുള്ള ആദ്യ പൂരംത്തിന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കത്തിനു ശേഷം മൈതാനത്ത് അഭിമുഖമായി അണിനിരന്നു. നടുക്ക് പച്ചക്കുടയും പതിനാല് ചുവപ്പുകുടകളുമാണ് ഇരുവിഭാഗത്തിന്റെയും പതിവ്. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് പെട്ടന്ന് തിരുവമ്പാടി വിഭാഗം കുടകൾ താഴ്ത്തി നടുക്കു ചുവപ്പുകുടയും വശങ്ങളിൽ പച്ചക്കുടയും വീണ്ടും ഉയർത്തി. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ മറുവിഭാഗം അന്തം വിട്ടു. പാറമേക്കാവ് വിഭാഗം വാശിയോടെ മറുപടി ആലോചിച്ചു. അവർ പൂരം കാണാന്‍ വന്നവരുടെ കുടകള്‍ വാങ്ങി മാറ്റി ഉയർത്തി മറുപടി കൊടുത്തു. പെട്ടന്നുള്ള നീക്കമായിരുന്നതുകൊണ്ട് ആ കുടകളിൽ ഓലക്കുടയും ശീലക്കുടയുമെല്ലാം ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുന്‍പ് നടന്ന ഈ സംഭവമാണ് പിന്നീട് പ്രസിദ്ധമായ കുടമാറ്റത്തിന് കാരണമായത് എന്നാണ് പറയപ്പെടുന്നത്. ഇന്ന് കുടമാറ്റത്തിന് കൃത്യമായ ചിട്ടകൾ നിലവിലുണ്ട്. അത് പരസ്പരം ബഹുമാനപൂർവ്വം അംഗീകരിച്ചാണ് കുടമാറ്റം നടത്തുക.
കുടയൊരുക്കം
മൂന്നുമാസത്തോളം മുൻപ് പൂരത്തിനുള്ള കുടകളുടെ പണികൾ ആരംഭിക്കും. സൂറത്തിൽ നിന്നും മുംബയിൽ നിന്നുമൊക്കെയുള്ള മേൽത്തരം തുണികളാണ് കുടകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുക. വ്യത്യസ്തമായ വർണ്ണങ്ങൾ കണ്ടെത്തുകയെന്നതാണ് ആദ്യപടി. തുണികൾ കുടകളായി വിരിയുമ്പോൾ അവ തീർക്കുന്ന സൗന്ദര്യമാണ് പരമ പ്രധാനം. വെൽവെറ്റ്, സാറ്റിൻ, ഒഗൻഡി, ടിഷ്യു, ബ്രോക്കേഡ്, പ്രിന്റഡ് തുണിതരങ്ങൾ ഇതിനായി തെരഞ്ഞെടുക്കും. പൊങ്ങം, ചടച്ചി തുടങ്ങിയ മരങ്ങളുടെ തടിയിൽ തീർത്ത പിടികളാണ് കുടകൾക്ക് ഉപയോഗിക്കുക. അതിൽ ചൂരൽ വടികൾ കൊണ്ട് ചട്ടക്കൂട് തീർക്കും. തുണി ആ ചട്ടക്കൂടുകളിലേയ്ക്ക് തുന്നിപ്പിടിക്കുന്നു. അലങ്കാരങ്ങളും, അലുക്കുകളും പിടിപ്പിച്ച് കുടകൾക്ക് മോടി കൂട്ടുന്നു. പല തട്ടുകളായി വിടരുന്ന കുടകളും, ചിത്രപ്പണികൾ ഉള്ള ബഹുവർണ്ണക്കുടകളും ഉണ്ടാകും. ആധുനികതയെ വിളിച്ചറിയിക്കുന്ന എൽ.ഈ.ഡി കുടകളും, രൂപങ്ങളുമെല്ലാം കുടകളായി നിവരും.
12 അടി ഉയരം ആണ് നിവർത്തുമ്പോൾ ഓരോ കുടയ്ക്കും ഉള്ളത്. എട്ടു കിലോ മുതൽ ഭാരവും ഉണ്ടാകും. ഓരോ സെറ്റ് കുടയും മിന്നൽ വേഗത്തിലാണ് മാറ്റി മാറ്റി ഉയർത്തുക. മേളത്തോടൊപ്പം വേഗത്തിൽ കുടകൾ മാറി മാറി വിടരുന്നത് കാണികളിൽ ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്നു. ഇരു വിഭാഗത്തിലും ചില കുട സെറ്റുകൾ രഹസ്യമാക്കി വച്ചിരിക്കും. അത് ആ സമയത്ത് വിടർത്തുമ്പോൾ മാത്രമേ കാണികൾ അറിയൂ. പതിനഞ്ചുമുതൽ ഇരുപതുവരെ ആളുകളാണ് കുട നിർമ്മാണത്തിൽ പങ്കെടുക്കുക. ഓരോ വിഭാഗത്തിനും കുട നിർമ്മാണത്തിന് പ്രത്യേകം ആളുകൾ ഉണ്ടാകും. അവർ ഒരു മത്സര ബുദ്ധിയോടെയാണ് കുടകൾ തയ്യാറാക്കുക. രാവിലെ ആറുമണി മുതൽ തുടങ്ങുന്ന കുടയൊരുക്കം വൈകിട്ട് ആറോടെ അവസാനിക്കുന്നു. ഓരോ പൂരത്തിനും പുതിയ കുടകൾ മാത്രമേ ഉപയോഗിക്കൂ. ഉപയോഗിച്ചവ മറ്റ് അമ്പലങ്ങളിലേയ്ക്ക് നല്കുന്ന പതിവുമുണ്ട്.
More ⇉ Thrissur pooram | |
![]() |
പൂരങ്ങളുടെ പൂരം ! തൃശ്ശൂര്‍ പൂരം ! |
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved