ഗ്രന്ഥം | കെ. ദാമോദരനും സാമൂഹിക ശാസ്ത്ര പരീക്ഷണങ്ങളും |
ഗ്രന്ഥകർത്താവ് | ഡോ. കെ.കെ.എൻ കുറുപ്പ് |
പ്രസാധകൻ | പ്രഭാത് ബുക്സ് |
മലയാളത്തിന്റെ ആധുനിക ശാസ്ത്രശാഖയോടൊപ്പം വളർന്നു കഴിഞ്ഞിട്ടുള്ള ഒന്നാണ് അതിന്റെ സാമൂഹികശാസ്ത്രപരമായ പഠനശാഖ. ഒരു പക്ഷേ ഈ ശാഖ വികസിച്ചു തുടങ്ങിയത് കഴിഞ്ഞ അൻപതു വർഷങ്ങൾക്കിടയിലാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളും കേരള സാഹിത്യ അക്കാദമിയും സർവകലാശാലകളിലെ മലയാളവിഭാഗവും എല്ലാം ഈ രംഗത്ത് ചെയ്തിട്ടുള്ള സേവനത്തിന്റെ ഭാഗമായിട്ടാണ് ഈ വികാസം. എന്നാൽ ഇത്തരം സംഘടിത പ്രവർത്തനങ്ങൾക്കു മുൻപ് തന്നെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചിലരെങ്കിലും സാമൂഹിക ശാസ്ത്രപരമായ പഠനങ്ങളിലൂടെ മലയാളഭാഷയെ വളർത്തുവാൻ പരിശ്രമിച്ചിരുന്നു. അവരിൽ പ്രമുഖമായ ഒരു സ്ഥാനമാണ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കേരളത്തിലെ സ്ഥാപകപിതാക്കളിലൊരാളും പിന്നീടു രാജ്യ സഭാംഗവും എല്ലാമായിരുന്ന കെ. ദാമോദരൻ വഹിച്ചത്.
മലയാളത്തിൽ സാമൂഹികശാസ്ത്രവിഷയങ്ങൾ വളർന്നു വരാതിരുന്ന മുപ്പതുകളിലും നാല്പതുകളിലും അദ്ദേഹം ആരംഭിച്ച രചനകൾ പിൽക്കാലത്ത് വലിയതോതിൽ വളർന്നുവരികയും ഒരു വലിയ പ്രസ്ഥാനമായിത്തീരുകയും ചെയ്തു. ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് നാല്പതുകളിൽ കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥരചനയിലൂടെ ശാസ്ത്രപരമായ ഒരു വിഷയം അവതരിപ്പിച്ചത് ഇവിടെ ഓർത്തുപോവുന്നു. കൊളോണിയൽ പാരമ്പര്യത്തിൽ പ്രധാനമായും ഇത്തരം വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടത് ഇംഗ്ലീഷിലായിരുന്നു. എ. അയ്യപ്പനെപ്പോലുള്ള പ്രമുഖ പണ്ഡിതന്മാരുടെ രചനകൾ അന്നത്തെ രീതിക്കനുസരിച്ച് ഇംഗ്ലീഷിലായിരുന്നുതാനും. ചരിത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളും ദാമോദരൻ മലയാളത്തിലായിരുന്നു രചിച്ചത്. ഈ രചനകളിലൂടെ മാർക്സിസം ലെനിനിസത്തിന്റെ ചിന്തകളും അവയുടെ കാഴ്ചപാടിൽ സാമൂഹിക ശാസ്ത്രവിഷയങ്ങളുടെ വിശകലനവും അദ്ദേഹം നിർവ്വഹിച്ചു. ഒരു ജന സമൂഹത്തെ ആധുനിക വിജ്ഞാനത്തിന്റെ മേഖലയിലേക്ക്, അവർക്കു ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമില്ലെങ്കിൽപ്പോലും കൈപിടിച്ചുയർത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അന്നോളം ദാർശനിക സാഹിത്യവും ചിന്തകളും അവതരിപ്പിക്കപ്പെട്ടിരുന്നത് സംസ്കൃതഭാഷയിൽ കാവ്യരൂപത്തിലായിരുന്നു. പലപ്പോഴും മലയാളലിപിയിലും പദ്യരൂപത്തിലുമായിരുന്നു അവയുടെ അവതരണം. ഇതിനു ഒരു അറുതിവരുത്തിക്കൊണ്ട് വളരെ ഗഹനമായ അദ്വൈത ചിന്തകൾ പോലും മലയാളത്തിൽ അവതരിപ്പിച്ചുകൊണ്ട് സ്വതന്ത്രമായ ഒരു ദാർശനിക രീതി അവതരിപ്പിച്ചത് നാരായണഗുരുവയിരുന്നു. ഗുരുവിന്റെ ചിന്തകൾ ശങ്കരാചാര്യരുടെ ഗഹനമായ വേദാന്ത വിഷയങ്ങളിൽ പോലും മലയാളത്തിൽ പദ്യ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് അധ്യാത്മിക തത്വപ്രചാരണത്തിന് നേതൃത്വം നല്കാൻ ഗുരുവിന് കഴിഞ്ഞുവെന്നത് മലയാള ദാർശനിക സാഹിത്യത്തിലെ ഒരല്ഭുതമാണെന്നു കാണാം. ഗുരുവിനെ സംബന്ധിച്ച് ഇതിന്റെ വഴികാട്ടി ആധ്യാത്മിക രമായണം രചിച്ച തുഞ്ചത്ത് രാമാനുജൻ എഴിത്തച്ഛനായിരിക്കണം.
ശ്രീ ദാമോദരൻ ഒരു ഗ്രന്ഥ കർത്താവെന്നതിലുപരി മാക്സിയൻ ചിന്തകളും അവയുടെ കാഴ്ചപ്പാടിലുള്ള സാമൂഹിക ശാസ്ത്ര വിഷയങ്ങളും മലയാളത്തിലെ എഴുതിയത് രാഷ്ട്രീയമായ ഒരു കാഴ്ചപ്പാട് വച്ചുകൊണ്ട് കൂടിയാണ്. ഇന്ത്യൻ ചിന്തകളെയും മറ്റും അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംസ്കൃതപഠനവും ധാരാളമായി ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു. ഇത്തരത്തിൽ കൃതഹസ്തനായ ഒരു സാമൂഹികശാസ്ത്രജ്ഞനെന്ന നിലയിൽ മലയാളഭാഷയെ പരിപോഷിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം സർവാദരണീയമാണ്.
ഇന്നു സാമൂഹികശാസ്ത്രപരമായ ധാരാളം ഗ്രന്ഥങ്ങൾ മലയാളത്തിൽ എഴുതപ്പെട്ടുകാണാം. എന്നാൽ നാല്പതുകളിലും അൻപതുകളിലും ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ മലയാളത്തിനു കഴിവില്ലെന്നു ചിലരെങ്കിലും ചിന്തിച്ചിരുന്നു. ഇന്നും ഇത്തരത്തിൽ ചിന്തിക്കുന്ന പലരേയും നമുക്കു കാണാൻ കഴിയുന്നതാണ്.
അദ്ദേഹത്തിന്റെ മരണത്തിനുശേഷം മലയാളത്തിൽ എഴുതപ്പെട്ട സാമൂഹികശാസ്താനത്തിനു ദാമോദരേട്ടൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സി. അച്യുതമേനോൻ ചെയർമാനായ ഒരു കമ്മറ്റി അവാർഡു നല്കിയിരുന്നു. കെ.വി. സുരേന്ദ്രനാഥ് (ആശാൻ) ആയിരുന്നു സെക്രട്ടറി. ആദ്യത്തെ കെ. ദാമോദരൻ അവാർഡ് ലഭിച്ചത് ഈ ലേഖകന്റെ പഴശ്ശിസമരങ്ങൾക്കായിരുന്നു. ഒരു നിയോഗംപോലെ ഈ ഗ്രന്ഥം രചിച്ചത് മലയാളികളായ വായനക്കാർക്കുവേണ്ടി മലയാളത്തിലായിരുന്നു. പ്രസിദ്ധീകരണം നിർവഹിച്ചത് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു.
അപ്പോൾ ദാമോദരനെപ്പോലുള്ള എഴുത്തുകാർ നിർവഹിച്ച ഭാഷാപരമായ സേവനം, ഒരു രാഷ്ട്രീയപ്രവർത്തനമെന്ന നിലയിലും കൂടി ആദരിക്കപ്പെടേണ്ടിയിരിക്കുന്നു. ആ ആദരവിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ഹ്രസ്വമായ ഒരു ജീവചരിത്രക്കുറിപ്പോടൊപ്പം പ്രഭാത് ബുക്ക് ഹൗസ് പത്തു വോളിയങ്ങളിലായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം ഇവിടെ അവതരിപ്പിക്കുന്നത്. ഈ പഠനത്തിൽ ദാമോദരന്റെ പഠനങ്ങളുടെ പോരായ്മകളെ ചൂണ്ടിക്കാട്ടുവാനോ അദ്ദേഹം വേണ്ടത്ര വിശകലനം ചെയ്യാതെ വിട്ടുപോയ വസ്തുതകളെ അവതരിപ്പിക്കുവാനോ ഈ ലേഖകൻ പരിശ്രമിക്കുന്നില്ല. പ്രത്യുത അദ്ദേഹത്തിന്റെ ഈ സമ്പൂർണ്ണ ഗ്രന്ഥങ്ങളിലെ ആശയം സംക്ഷിപ്തമായി മലയാളികളായ വായനക്കാരെ പരിചയപ്പെടുത്തുവാനുള്ള ഒരു എളിയ ശ്രമമാണ് നടത്തുന്നത്. ഭാരതീയ ചിന്തകളെപ്പോലുള്ള അതിബൃഹത്തായ വിഷയങ്ങളെ അദ്ദേഹം ഏകാഗ്രതയോടെ കൈകാര്യം ചെയ്തപ്പോൾ അവയുടെ ഉപരിപ്ലവമായ ഒരു - സംക്ഷിപ്തരൂപം അവതരിപ്പിക്കുവാനുള്ള ശ്രമം ഏറ്റവും ശ്രമകരമാണെന്നത് ഈ വിഷയങ്ങളിൽ ദീർഘദൂരം സഞ്ചരിച്ചിട്ടുള്ള പണ്ഡിതന്മാർക്കറിയാവുന്നതാണ്. എങ്കിലും ഈ മുഴുവൻ വോളിയങ്ങളും വായിക്കാനും മനസ്സിലാക്കുവാനും അവസരം കിട്ടാത്തവർക്കുവേണ്ടി, അദ്ദേഹത്തിന്റെ സംഭാവനകളെ പരിചയപ്പെടുത്തു കയെന്ന ദൗത്യമാണ് ഈ ലേഖകൻ ഏറ്റെടുത്തിട്ടുള്ളത്. സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമായ ഉറുപ്പിക പോലുള്ള വിഷയങ്ങളെ സംക്ഷിപ്തമായി പരിചയ പ്പെടുത്തുകയെന്നത് വളരെ വിഷമമേറിയ ഒരു കൃത്യമാണ്.
ശ്രീ ദാമോദരനെ അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പിന്നീട് സി. പി.ഐ.യുടെയും നേതൃസ്ഥാനത്തിലുള്ള ഒരു വ്യക്തിയെന്നതിലുപരി ചിന്തകനായ ഒരെഴുത്തുകാരനും ഒരു സാമൂഹികശാസ്ത്രപണ്ഡിതനും എന്ന നിലയിൽ വളരെക്കുറച്ചുപേർ മാത്രമാണറിയുന്നത്, ഇത്തരം ഒരു സംക്ഷിപ്ത പഠനം, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ കൃതികളെ അടിസ്ഥാനമാക്കിയുള്ള ഒരു വിശകലനം വരാൻ പോകുന്ന തലമുറകൾക്ക് അദ്ദേഹത്തെ മനസ്സിലാക്കുവാൻ ഒരവസരം സൃഷ്ടിക്കുമെങ്കിൽ ഈ ലേഖകൻ തികച്ചും ചാരിതാർത്ഥ്യം ഉൾക്കൊള്ളുന്നതാണ്. രാഷ്ട്രീയമായ സംഘടനാപ്രവർത്തനങ്ങളും പ്രസംഗങ്ങളും മാത്രമല്ല, സാമൂഹിക ശാസ്ത്ര ചിന്തകളുടെയും പഠനങ്ങളുടെയും പ്രചാരണം കൂടി രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നു അദ്ദേഹം മനസ്സിലാക്കിയിരുന്നു. ബഹുജനപക്ഷത്തു നിന്നും സാമൂഹികശാസ്ത്രത്തെ നോക്കിക്കാണുകയെന്നത് അക്കാദമിക പണ്ഡിതന്മാരെ സംബന്ധിച്ച് പലപ്പോഴും കഴിയുന്നതല്ല. എന്നാൽ, ദാമോദരൻ അറിയപ്പെടുന്ന അക്കാദമിക പണ്ഡിതനല്ലെങ്കിലും, ജനപക്ഷത്തുനിന്നു അക്കാദമിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പണ്ഡിതപ്രഭയാണെന്നതിനു വളരെ വൈവിദ്ധ്യമേറിയ അദ്ദേഹത്തിന്റെ ഈ പഠനവിഷയങ്ങൾ തന്നെ ഉദാഹരണമാണ്.
ജനപക്ഷത്തുനിന്നുള്ള സാമൂഹികശാസ്ത്രപഠനത്തിന്റെ ഒരു പ്രത്യേകത മാവോസെതുങ്ങ് ചൂണ്ടിക്കാട്ടിയത് ഇവിടെ രേഖപ്പെടുത്തട്ടെ! ഭൂപരിഷ്കരണത്തെ വിലയിരുത്തുമ്പോൾ അനേകായിരം ജന്മി കുടുംബങ്ങളുടെ ജീവിതം അത് തകർക്കുകയും ദുസ്സഹമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ പരിഷ്കരണം അനേകലക്ഷം കർഷക കുടുംബങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കുകയും പുരോഗതിയിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്. ജനപക്ഷത്തുനില്ക്കുന്ന സാമൂഹികശാസ്ത്രജ്ഞൻ കണ്ടെത്തുക ആദ്യത്തെ പ്രതിഭാസത്തെയായിരിക്കില്ല. രണ്ടാമത്തെ വികസനത്തിന്റെ ഘട്ടത്തെയായിരിക്കും. ദാമോദരൻ തന്റെ പഠനങ്ങളിൽ ഇത്തരത്തിലുള്ള ജനകീയമായ മുന്നേറ്റത്തിനു സഹായകമായ വസ്തുതകളുടെ കൂടെയാണെന്നു പ്രത്യേകം എടുത്തെഴുതേണ്ടതില്ല. മലയാളഭാഷയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഇത്തരം പഠനങ്ങൾ എന്നും ഒരു മുതൽക്കൂട്ടായിരിക്കും.
PeerBey.Com, Kollannur
Zanan Mission Road, Opp. BSNL
Chembukavu, Thrissur - 680020
© 2020 PeerBey. All rights reserved