Updated on : 6, May, 2025
Posted on : 20, April, 2025.    Post views : 190
Category : Culture, Festivals, History
BOOKMARK THIS ARTICLE MOVE BACK

പൂരങ്ങളുടെ പൂരം ! തൃശ്ശൂര്‍ പൂരം !

പൂരത്തിന്റെ ചരിത്രം, വിശേഷങ്ങള്‍, ചടങ്ങുകള്‍, ചിത്രങ്ങള്‍


തൃശ്ശൂര്‍ പൂരം ഒരു അത്ഭുതമാണ്‌. മേളവും, ആനകളും, വര്‍ണ്ണക്കുടകളും, വെടിക്കെട്ടും, ജനാരവങ്ങളും ആവേശമായി മാറുന്ന, വിവിധ ഭാഷയും, ദേശവും, സംസ്കാരവും ആഘോഷത്തിന്റെ അലയടിയില്‍ ഒന്നായലിയുന്ന മഹാത്ഭുതം !



മേളത്തിനും, കുടമാറ്റത്തിനും, വെടിക്കെട്ടിനും ലോകപ്രശസ്തമായ ഉത്സവമാണ്‌ തൃശ്ശൂര്‍ പൂരം. വിദേശികളടക്കം ധാരാളം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൂരം ആസ്വദിക്കാനെത്തുന്നു. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ്‌ തൃശ്ശൂര്‍ പൂരം നടക്കുന്നത്. തൃശ്ശൂര്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രവും, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രവും പരസ്പര ബഹുമാനത്തോടെയുള്ള മത്സരസ്വഭാവത്തോടെ വടക്കുംനാഥന്റെ മുന്‍പില്‍ നടത്തുന്ന ആഘോഷമാണ്‌ തൃശ്ശൂര്‍ പൂരം. ഇരു വിഭാഗം ദേവസ്വങ്ങളും ആനകളെ അണിനിരത്തി, പഞ്ചവാദ്യവും, പാണ്ടിമേളവും, കുടമാറ്റവും, വെടിക്കെട്ടും നടത്തി ഉത്സവം വര്‍ണ്ണാഭമാക്കുന്നു. 


അസാമാന്യമായ ദീർഘ വീക്ഷണമുള്ള കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാൻ കൃത്യമായ ചിട്ടപ്പെടുത്തലോടെ രൂപം നല്കിയതാണ്  തൃശൂർ പൂര‌ം.  കൊടിയേറ്റ് മുതൽ ദേവിമാർ ഉപചാരം ചൊല്ലി പിരിയൽ വരെ മൂന്ന് ദിവസത്തോളം  നീണ്ടുനിൽക്കുന്ന, ലോക വിസ്മയമായ, തൃശ്ശൂർ പൂരത്തിന്റെ ശില്പി ശക്തന്‍ തമ്പുരാൻ തന്നെയാണ്. ശക്തന്‍ തമ്പുരാന്‍ മരിക്കുന്നതിന് ഏഴു വര്‍ഷം മുമ്പാണ് പൂരത്തിന് തുടക്കമിട്ടതെന്ന് പറയപ്പെടുന്നു. നഗരത്തെ ആധുനികവല്‍ക്കരിച്ച് വികസിപ്പിക്കാനുള്ള ശക്തൻ തമ്പുരാന്റെ തന്ത്രമായും ചരിത്രാന്വേഷികള്‍ പൂരത്തെ കാണുന്നുണ്ട്. 


ഏകദേശം 200 വര്‍ഷത്തിലേറെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് ആറാട്ടുപുഴ പൂരവുമായും ബന്ധമുണ്ട്. ശക്തന്‍ തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിന് എല്ലാ ദേശങ്ങളില്‍ നിന്നുമുള്ള ദേവതകള്‍ എത്തുമായിരുന്നു. ലോകത്തെ സകല ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കുകൊള്ളുന്നുവെന്നാണ് വിശ്വാസം. തൃശൂരിന് ചുറ്റുമുള്ള 8 ദേശങ്ങള്‍ ഈ പൂരത്തിലെ പങ്കാളികളായിരുന്നു. 1796-ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. ഇതില്‍ കുപിതനായ ആറാട്ടുപുഴയിലെ നാടുവാഴി ഈ ദേശങ്ങള്‍ക്ക് പിന്നീട് പൂരത്തിൽ പങ്കെടുക്കുവാൻ ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരിൽ വടക്കുന്നാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ (1796 മേയിൽ - 971 മേടമാസത്തിൽ) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി.


ആറാട്ടുപുഴയിൽ മീനമാസത്തിലാണ് പൂരം ആഘോഷിച്ചിരുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനിയിലാണ് പൂരച്ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ വരവ്, പാറമേക്കാവ് ഭഗവതിയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, ആചാരപൂര്‍വ്വമുള്ള ഇരു ദേവിമാരുടെയും  തെക്കോട്ടിറക്കം, വാശിയോടെയുള്ള കുടമാറ്റം, വെടിക്കെട്ട്, ഉപചാരം ചൊല്ലി പിരിയൽ എന്നിവയാണ്  പ്രധാന പൂരച്ചടങ്ങുകള്‍.


Thrissur Pooram
Kudamattam
Pooravilambaram. Opening the South Entrance

തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടു ദേവസ്വങ്ങൾക്കാണ്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്നത്. മുഖ്യ പങ്കാളികൾ പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാരെങ്കിലും  ചുറ്റുമുള്ള  എട്ടോളം ദേവീ ദേവന്മാരുടെ ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരം. കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയിലൂടെ പ്രദക്ഷിണത്തിന് ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള പന്തലുകൾ, വെടിക്കെട്ട്, കുടമാറ്റ‌ം‌  എന്നിവയൊക്കെ ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.


പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു‌ം, തേക്കിൻകാട് മൈതാനത്തുമായാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്കു് അരങ്ങൊരുങ്ങുന്നത്‌. പുലർച്ചെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും.  ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും പ്രത്യേകതയാണ്.


ശക്തൻ തമ്പുരാൻ ക്ഷേത്രങ്ങളെ പാറമേക്കാവ് ഭാഗ‌ം , തിരുവമ്പാടി ഭാഗ‌ം ‌എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചു. തൃശൂർ സ്വരാജ് റൗണ്ടിലെ പാറമേക്കാവ് ഭഗവതി ക്ഷേത്രം, ഷൊർണൂർ റോഡിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവർ പ്രധാന പങ്കാളികൾ. ഓരോ ഭാഗവും കൂട്ടാളികളു‌ം ‌ ചുവടെ. 

തിരുവമ്പാടി ഭാഗ‌ം‌  

  1. തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം
  2. ലാലൂർ ഭഗവതി ക്ഷേത്രം
  3. അയ്യന്തോൾ ശ്രീ കാർത്ത്യായനി ക്ഷേത്രം
  4. നെയ്തിലക്കാവ് ഭഗവതി ക്ഷേത്രം

പാറമേക്കാവ് ഭാഗ‌ം‌ 

  1. പാറമേക്കാവ് ഭഗവതി ക്ഷേത്രം
  2. ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം
  3. പനമുക്കുംപള്ളി ശാസ്താക്ഷേത്രം
  4. ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം
  5. പൂക്കാട്ടിക്കര - കാരമുക്ക് ഭഗവതി ക്ഷേത്രം
  6. കണിമംഗലം ശാസ്താ ക്ഷേത്രം


പൂരച്ചടങ്ങുകൾ 

കൊടിയേറ്റ്

പൂരം നാളിന് ഏഴുദിവസം മുന്നെ ഉത്സവ‌ം‌  കൊടികയറുന്നു. പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിലു‌ം ‌കൊടികയറുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈ ഉറപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ദർഭപുല്ലു‌ം ‌ചേർത്തു കെട്ടുന്നു. സി‌ം‌ഹചിഹ്നമുള്ള ബഹുവർണ്ണക്കൊടി അതിൽ കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി കൊടിമര പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു. പൂരം കൊടിയേറ്റിയാല്‍ ഭഗവതിമാര്‍ അടുത്ത ദിവസം മുതല്‍ ആറാട്ട്‌, തട്ടകങ്ങളില്‍ പറയെടുപ്പ്, മനകളിലും മറ്റ് ക്ഷേത്രങ്ങളിലുമുള്ള  ഇറക്കിപ്പൂജ എന്നീ ചടങ്ങുകളുമായി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. വീടുകളില്‍ നിറപറയും, നിലവിളക്കുമായി ഭക്തര്‍ സ്വീകരിക്കും. മനകളിലും ക്ഷേത്രങ്ങളിലുമാണ്‌ ഇറക്കി പൂജകള്‍ നടക്കുന്നത്. അതിനോടനുബന്ധിച്ച് അകമ്പടി വരുന്നവര്‍ക്ക് വേനല്‍ക്കാല വിഭവങ്ങളായ മാമ്പഴ പുളിശ്ശേരിയും, ചക്ക എരിശ്ശേരിയും, ഇടിച്ചക്കത്തോരനുമൊക്കെയുള്ള ചോറും, നേദിച്ച അപ്പം, അട എന്നിവയൊക്കെയും നല്‍കും.


പൂരപ്പന്തലുകൾ 

പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ തൃശ്ശൂർ റൗണ്ടിൽ പന്തലുകൾ ഉയർത്തും. മൂന്ന് പന്തലുകളാണ് ഉയരുക. മണികണ്ഠനാൽ, നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിലാണ് അവ. മണികണ്ഠനാലിൽ പന്തൽ ഉയർത്താനുള്ള അവകാശം പാറമേക്കാവിനാണ്. നടുവിലാലിലും, നായ്ക്കനാലിലും തിരുവമ്പാടിയാണ് പന്തൽ ഉയർത്തുക. പൂരം അടുക്കുന്നതോടെ ഇരു വിഭാഗവും ഭൂമിപൂജ നടത്തി മുഹൂർത്തം നോക്കി പന്തൽ കാലുകൾ സ്ഥാപിക്കു‌ം. വൈദ്യുതാലങ്കാരങ്ങളോടെയുള്ള ഒരു വലിയ കെട്ടുകാഴ്ചതന്നെയാണ് പൂരപ്പന്തലുകൾ.


തൃശൂർ പൂരം പ്രദർശനം

അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദർശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തിൽ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു് ഏകദേശം ഒരു മാസം മുമ്പേ തേക്കിൻകാട് മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു്, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദർശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദർശന നഗരി വാണിജ്യപ്രധാനവുമാണ്.


പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 1932-ൽ തൃശൂരിൽ രൂപം കൊണ്ട വൈ.എം.എ. 1933-ൽ തുടങ്ങിവെച്ചതാണ് പൂരം പ്രദർശനം. 1948 വരെ യുവജന സമാജത്തിൻറെ നേതൃത്വത്തിൽ തുടർന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ൽ പ്രദർശനം ഉണ്ടായില്ല. അടുത്ത വർഷം മുതൽ 1962 വരെ നഗരസഭയാണ് പ്രദർശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദർശനം നിലച്ചു. 1962-ൽ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ള ഗാംഭീര്യത്തോടെ തൃശ്ശൂർ പൂരം വേണ്ടെന്നു വെച്ചിരുന്നു. 1963-ൽ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്സിബിഷൻ നടത്തിയത്. പൂരത്തിന് വീതം നൽകാൻ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്നു് ആവർഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്. തുടർന്നു് 1964ൽ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൂരം പ്രദർശനം പുനരാരംഭിച്ചു.


ചേറ്റുപുഴയിറക്കം 

നാലാ‌ം ‌ദിവസം വൈകുന്നേരം എട്ടുമണിയോടെ പാറമേക്കാവ് ഭഗവതി ആനപ്പുറത്തേറി തീവെട്ടി, കുത്തുവിളക്ക്, ചെണ്ട എന്നിവയുടെ അകമ്പടിയോടെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോകുന്നു, തുടർന്ന് വടക്കുംനാഥന്റെ കിഴക്കേ കവാടത്തിന് മുന്നിൽ ഒരു ചെറിയ താളവാദ്യമേളത്തോടെ, ദേവി ക്ഷേത്രത്തിൽ പ്രവേശിച്ച് ഭഗവാനെ വണങ്ങി പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങുന്നു. അവിടെ പാണ്ടിമേളം നടക്കും. പിന്നെ ത്രികുമാരകുടം സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുന്നു. പൂരം ഉത്സവ വേളയിൽ ദേവിയുടെ മറ്റ് പ്രദേശങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണിത്.


ആനച്ചമയം

ആനച്ചമയങ്ങളുടെ ഒരു പ്രദർശനമാണിത്. പൂരത്തിൻ്റെ രണ്ടു ദിവസം മുന്നെ അഞ്ചാം ദിവസം രാവിലെ ആരംഭിക്കുന്ന പ്രദർശനം രാത്രി വൈകുവോളം നീളുന്നു. പാറമേക്കാവിന്റെ ചമയ പ്രദർശനം പാറമേക്കാവിന്റെ ആഡിറ്റോറിയത്തിലു‌ം, തിരുവമ്പാടിയുടേത് തിരുവമ്പാടിയുടെ ആഡിറ്റോറിയത്തിലുമായാണ് നടക്കുക. പതിനഞ്ച് ആനകള്‍ക്കുള്ള നെറ്റിപ്പട്ടം, ആലവട്ട‌ം, വെഞ്ചാമരം, കച്ചകള്‍, മണികള്‍, കുടമാറ്റത്തില്‍ പ്രദർശിപ്പിക്കാൻ പോകുന്ന കുടകള്‍ എന്നിവയൊക്കെ ചമയ പ്രദര്‍ശനത്തില്‍ ഉണ്ടാവും. തിരക്കിൽ നിന്നൊഴിഞ്ഞ് എല്ലാ ചമയങ്ങളും അടുത്ത് കാണാനുള്ള അവസരമാണിത്.


സാമ്പിൾ വെടിക്കെട്ട്


പൂരം തുടങ്ങി അഞ്ചാം ദിവസം വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. തേക്കിൻകാട് മൈതാനത്ത് ഇരു വിഭാഗങ്ങളുടെയും സാമ്പിൾ വെടിക്കെട്ട് വൈകിട്ട് ഏഴുമണിയോടുകൂടി  അരങ്ങേറു‌ം‌.


പൂരവിളമ്പര‌ം‌ 

പൂരവിളമ്പര‌ം ‌ നെയ്തലക്കാവിലമ്മയുടെ അവകാശമാണ്. പൂരച്ചടങ്ങുകൾ ആര‌ം‌ഭിക്കുന്നതിനുമുന്നോടിയായി നെയ്തലക്കാവിലമ്മ പൂരത്തിന്റെ തലേന്ന് ആറാട്ടുകഴിഞ്ഞ് തിടമ്പിലേറി പതിനൊന്ന് മണിയോടെ വടക്കുംനാഥൻ്റെ പടിഞ്ഞാറെ നടയിലെത്തുന്നു. അവിടെ മേളമുണ്ട്. പിന്നെ ക്ഷേത്തിലേക്ക് കടന്ന് വടക്കുംനാഥനെ വണങ്ങി പന്ത്രണ്ട് മണിയോടെ അടഞ്ഞുകിടക്കുന്ന തെക്കെ ഗോപുര‌വാതിൽ തള്ളിത്തുറന്ന് നിലപാട് തറയിലെത്തി മൂന്ന് തവണ ശ‌ം‌ഖ് ഊതി പൂരവിളമ്പര‌ം ‌ നടത്തുന്നു. അതോടെ പൂരാവേശം അതിന്റെ ഉന്നതിയിലേക്കുയരുകയാണ്.

Madathil Varavu
Poorappurappadu, Paramekkavu
Elephants ready to participate in pooram

മഠത്തിൽ വരവ്

മഠത്തിൽ വരവിനെക്കുറിച്ചുള്ള രസകരമായൊരു ഐതിഹ്യമുണ്ട്. തൃശ്ശൂർ നടുവിൽ മഠം ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു. ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌ നടുവിൽ മഠം സ്വാമിയാർ ആണ്‌. ഈ മഠത്തിൻറെ കൈവശം സ്വർണ്ണത്തിൽ പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാൽ തിരുവമ്പാടി വിഭാഗത്തിന്‌ ഈ നെറ്റിപട്ടങ്ങൾ കിട്ടിയാൽ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാർ സ്വാമിയാരെ സമീപിച്ചപ്പോൾ, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ്‌ തുടർന്നു വരുന്നു. നടുവിൽ മഠത്തിൽ ദേവ ചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌ ഒരു 'ഇറക്കി പൂജയും' നടത്തുന്നു. രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. 'ഇറക്കി പൂജ' കഴിഞ്ഞ് പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു.


മഠത്തിൽ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഇതിൽ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്.  ഈ പഞ്ചവാദ്യം നായ്ക്കനാലിൽ മധ്യകാലവും തിരുകലാശ‌ം‌  കൊട്ടുന്നു. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.


പാറമേക്കാവിന്റെ പൂര പുറപ്പാട്

ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്റെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത്‌ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു.


ഇലഞ്ഞിത്തറ മേളം

പൂരം നാളിൽ മേളം തുടങ്ങുന്നതിന് മുൻപ് വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ പാറമേക്കാവിൻ്റെ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്. കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി, 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്.


വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടാറുള്ളത്‌.


പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ്‌ വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.


തെക്കോട്ടിറക്കം

ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌. പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി ശക്തൻ തമ്പുരാൻ്റെ പ്രതിമ വണങ്ങി വന്ന് വടക്കുംനാഥൻ്റെ തെക്കെ നടയ്ക്ക് അഭിമുഖമായി നിരന്ന് നില്ക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.


കൂടിക്കാഴ്ച - കുടമാറ്റം

ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും. എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത് അവതരിപ്പിച്ചതിൽ വ്യത്യസ്തതയുള്ള ഒന്നാണ്‌. മുപ്പതാനകളുടെ മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന്‌ സുവർണപ്രഭ സമ്മാനിക്കും. മേളത്തിൻറെ അകമ്പടിയോടെ പിന്നീട്‌ വർണങ്ങൾ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ ഉൽസവം തീർക്കുകയായി. അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു പ്രദർശിപ്പിക്കും. ഇത് മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്. കാണികൾ ആർപ്പുവിളിച്ചും ഉയർന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകൽപൂരം അവസാനിക്കുന്നു. രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും. പിന്നീട് പുലർച്ചയാണ് വെടിക്കെട്ട്.


വെടിക്കെട്ട്

പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിൻറെ മറ്റൊരു ആകർഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം.


പകൽ പൂരം

പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.


പൂരക്കഞ്ഞി

പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ശർക്കര, നാളികേരകൊത്ത്, ഉപ്പ്, ചെത്തുമാങ്ങാ അച്ചാറും, പപ്പടവും, മട്ട യരിക്കഞ്ഞിയോടൊപ്പ‌ം ‌ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു ഇലയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും.


ഘടകപൂരങ്ങൾ

കണിമ‌ം‌ഗലം  ശാസ്താവ് 

കണിമ‌ം‌ഗലം  ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുകയു‌ം‌  ഏതാണ്ട് ഏഴരക്ക് വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് എത്തി പൂരം ആരംഭിക്കുകയും ചെയ്യുന്നു. കണിമ‌ം‌ഗലത്തെ പ്രതിഷ്ഠ ധർമ്മ ശാസ്താവാണെങ്കിലും ദേവഗുരുവായ ബൃഹസ്പതിയുടെ ചൈതന്യം കൂടി ഉണ്ടെന്നൊരു സങ്കല്പമുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് നൽകിയിരിക്കന്നു. വടക്കുംനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ഇതാണ്. ദേവഗുരുവായതുകൊണ്ടാണിത് എന്നാണ് സങ്കല്പം.


പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം

തൃശ്ശൂർ പൂരത്തിന് കാലത്ത് 7 ന് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയിൽ സൂര്യഗ്രാമം വഴിയാണ് എഴുന്നെള്ളിപ്പ്.


ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി

പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കുംനാഥനിലെത്തി പോരും. പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിന്റെ മാത്രം പ്രത്യേകതയാണ്.


പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി

പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി അമ്പലത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും. 9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് ആവസാനിക്കും. ദേവി പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.


ലാലൂർ കാർത്ത്യാനി ഭഗവതി

കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥറ്നിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.


ചൂരക്കോട്ടുകാവ് ഭഗവതി

തൃശൂർ പൂരത്തിന് 14ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്. കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും. പൂങ്കുന്നം, കോട്ടപ്പുരം വഴി നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. അപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടിമേളം ഇവിടെ നടക്കും. പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു. രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും. വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും.


അയ്യന്തോൾ കാർത്ത്യായനി ഭഗവതി

പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച്, 1.30ഓടെ അമ്പലത്തിലെത്തും. രാത്രി എട്ടിന് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ കാലത്ത് ഏഴുമണി കഴിയും.


കുറ്റൂർ നെയ്തലക്കാവിലമ്മ

വടക്കു‌ം‌നാഥന്റെ അടഞ്ഞുകിടക്കുന്ന തെക്കെ നട തുറന്ന് പൂരം വിളമ്പരം  ചെയ്യാൻ അവകാശമുള്ളത് നെയ്തലക്കാവ് ഭഗവതിക്കാണ്. പൂരത്തിന്റെ തലേ ദിവസം രാവിലെ ആറാട്ടുകഴിഞ്ഞ് തിടമ്പിലേറി വടക്കു‌ം‌നാഥനെ വണങ്ങി അടഞ്ഞുകിടക്കുന്ന തെക്കെ ഗോപുര‌വാതിൽ തള്ളിത്തുറന്ന് നിലപാട് തറയിലെത്തി മൂന്ന് തവണ ശ‌ം‌ഖ് ഊതി പൂരവിളമ്പര‌ം ‌ നടത്തുന്നു. പൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്തിന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ പതിനൊന്നരയോടെ പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതറയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും. പൂര ദിവസ‌ം ‌ രാവിലെ എത്തുന്ന ഭഗവതി പകൽ പൂരവു‌ം ‌ രാത്രി പൂരവു‌ം ‌ കഴിഞ്ഞാണ് മടക്ക‌ം‌. ഏറ്റവും അവസാനത്തെ ചെറുപൂരവു‌ം ‌ നെയ്തലക്കാവിന്റേതാണ്.

Poorachamayam
Vedikkettu - Thrissur Pooram
Thekkottirakkam

Temples in Thrissur pooram



TempleLocationKm from Paramekkavu temple
1Paramekkavu Bhagavathi Temple

Location Map


2Thiruvambadi Sreekrishna Temple

Location Map

1 Km
3Laloor Bhagavathi Temple

Location Map

4.5 Km
4Ayyanthol Karthyayani Temple

Location Map

3.8 Km
5Neythalakkavu Bhagavathi Temple

Location Map

4.8 Km
6Chembukavu Bhagavathi Temple

Location Map

1.5 Km
7Panamukkumpilli Ayyappa Temple

Location Map

2.6 Km
8Choorakkottukavu Bhagavathi Temple

Location Map

7.5 Km
9Karamukku Bhagavathi Temple

Location Map

4.2 Km
10Kanimangalam Sastha temple

Location Map

5.2 Km




Pooram Programm Timing

പാറമേക്കാവ്

(ഏകദേശ സമയക്രമ‌ം. കൃത്യമായ സമയ വിവരങ്ങൾ അതാത് വർഷങ്ങളിലെ പരിപാടികൾക്കനുസരിച്ച് വ്യത്യാസപ്പെടാ‌ം)

കൊടിയേറ്റ്ഏട്ടു ദിവസം നീളുന്ന പൂര‌ത്തിന്റെ ഒന്നാം ദിവസം  രാവിലെ
ആനച്ചമയ‌ം‌ അഞ്ചാ‌ം ‌ ദിവസം രാവിലെ മുതൽ  
സാമ്പിൾ വെടിക്കെട്ട്അഞ്ചാം ദിവസം വൈകിട്ട് 7 മണിയോടെ  
എഴുന്നള്ളിപ്പ് പഞ്ചവാദ്യ‌ം‌ ഏഴാ‌ം ‌ ദിവസം രാവിലെ 10.30 മണിയോടെ 
പൂരപ്പുറപ്പാട്ഏഴാ‌ം ‌ ദിവസ‌ം ‌ ഉച്ചയ്ക്ക് 12 മണിയോടെ
ഇലഞ്ഞിത്തറ മേള‌ം‌ ഏഴാ‌ം ‌ ദിവസം ഉച്ചയ്ക്ക് 2.30 മണിയോടെ
കുടമാറ്റ‌ം‌ ഏഴാ‌ം ‌ ദിവസ‌ം ‌ വൈകിട്ട് 4.30 മണിയോടെ
വെടിക്കെട്ട്എട്ടാ‌ം ‌ ദിവസ‌ം ‌ പുലർച്ചെ 3 മണിയോടെ
പകൽ പൂര‌ം‌ എട്ടാ‌ം ‌ ദിവസ‌ം ‌ രാവിലെ 7.30 മണിയോടെ
ഉപചാര‌ം ‌ ചൊല്ലി പിരിയൽ എട്ടാ‌ം ‌ ദിവസ‌ം ‌ ഉച്ചയ്ക്ക് 12 മണിയോടെ

 തിരുവമ്പാടി

(ഏകദേശ സമയക്രമ‌ം. കൃത്യമായ സമയ വിവരങ്ങൾ അതാത് വർഷങ്ങളിലെ പരിപാടികൾക്കനുസരിച്ച് വ്യത്യാസപ്പെടാ‌ം)

കൊടിയേറ്റ്ഒന്നാ‌ം ‌ ദിവസ‌ം ‌ രാവിലെ
ആനച്ചമയ‌ം‌ അഞ്ചാ‌ം ‌ ദിവസ‌ം ‌രാവിലെ മുതൽ 
സാമ്പിൾ വെടിക്കെട്ട്അഞ്ചാ‌ം ‌ ദിവസം വൈകിട്ട് 7 മണിയോടെ 
പൂരപ്പുറപ്പാട്ഏഴാ‌ം ‌ ദിവസ‌ം ‌ രാവിലെ 7.30 മണിയോടെ
മഠത്തിൽ വരവ്ഏഴാ‌ം ‌ ദിവസ‌ം ‌ രാവിലെ 11.30 മണിയോടെ
കുടമാറ്റ‌ം ‌ ഏഴാ‌ം ‌ ദിവസ‌ം വൈകിട്ട് 4.30 മണിയോടെ
മഠത്തിൽ വരവ്ഏഴാ‌ം ‌ ദിവസ‌ം രാത്രി 11.30 മണിയോടെ
വെടിക്കെട്ട്എട്ടാ‌ം ‌ ദിവസം പുലർച്ചെ 3 മണിയോടെ 
പകൽ പൂര‌ം‌ എട്ടാ‌ം ‌ ദിവസ‌ം ‌ രാവിലെ 8.30 മണിയോടെ
ഉപചാര‌ം ‌ ചൊല്ലി പിരിയൽ എട്ടാ‌ം ‌ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ




Photo gallery
Paramekkavu temple
Pooram hosting. Paramekkavu temple
Thiruvambadi temple
Chembukavu Karthyayani Temple
Chembukavu Karthyayani Temple
Panamukkumpally Sastha Kshethram
Panamukkumpally Sastha Kshethram
Choorakkottukavu Bhagavathi Temple
Choorakkottukavu Bhagavathi Temple
Karamukku Bhagavathi Temple
Kanimangalam Sastha Kshethram
Laloor Bhagavathi Temple
Laloor Bhagavathi Temple
Neythalakkavu Bhagavathi Temple
Neythalakkavu Bhagavathi Temple
Ayyanthol Karthyayani Temple



PREVIOUS | READ MORE | NEXT



Comments & Contributions
Please share your knowledge, comment and feedback
More ⇉ Thrissur pooram
കുടമാറ്റം ‌- നിറം ചാര്‍ത്തി പൂരക്കുടകള്‍
RELATED ARTICLES



At a glance


Quick links



One of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004


© 2020 PeerBey. All rights reserved

page counter