ഗ്രന്ഥം | തത്വമസി തത്വവും അനുഷ്ഠാനവും |
ഗ്രന്ഥകർത്താവ് | നിത്യ ചൈതന്യ യതി |
പ്രസാധകർ | നിത്യ ബുക്സ്, മൂന്നാം പതിപ്പ്, 1998 |
ആമുഖം | നിത്യ ചൈതന്യ യതി |
“തത്ത്വമസി” ഛാന്ദോഗ്യോപനിഷത്തിലെ ഗുരുവരനായ ആരുണി, സ്വപുത്രനും ശിഷ്യനുമായ ശ്വേതകേതുവിന് നല്‍കുന്ന ഉപദേശവാക്യമാണ്.
നമ്മുടെ അദ്ധ്യാത്മസാഹിത്യത്തില്‍ ഔപനിഷദമായ ഗുപ്തഭാഷകളും സാങ്കേതിക പ്രാധാന്യമുള്ള പ്രതീകങ്ങളും സുലഭമാണ്. അതിനൊരു ഉദാഹരണമാണ് ശ്രീമദ് ഭഗവദ്ഗീതയുടെ പതിനഞ്ചാം അദ്ധ്യായത്തില്‍ ജീവവൃക്ഷത്തെ ഒരാശ്ചര്യമെന്നതുപോലെ വര്‍ണ്ണിച്ചിരിക്കുന്നത്.
ഊര്‍ധമൂലമധഃശാഖ-
മശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണ്ണാനി
യസ്തം വേദ സ വേദവിത്.
അധശ്ചോര്‍ദ്ധ്വം പ്രസൃതാസ്തസ്യ ശാഖാ
ഗുണപ്രവൃദ്ധാ വിഷയ പ്രവാലാഃ
അധശ്ച മൂലാന്യനുസന്തതാനി
കര്‍മാനുബന്ധീനി മനുഷ്യലോകേ.
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂല-
മസംഗശസ്ത്രേണ ദൃഢേന ഛിത്വാ.
തതഃപദം തത് പരിമാര്‍ഗ്ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിര്‍ പ്രസൃതാ പുരാണീ
നിര്‍മാനമോഹാ ജിതസങ്ഗദോഷാ
അദ്ധ്യാത്മനിത്യാ വിനിവൃത്തകാമാ:
ദ്വന്ദ്വൈര്‍വ്വിമുക്താഃ സുഖദുഃഖസംജ്ഞൈര്‍--
ഗച്ഛന്ത്യമൂഢാ: പദമവ്യയം തത്.
ന തദ് ഭാസയതേ സൂര്യോ
ന ശശാങ്കോ ന പാവകഃ
യദ് ഗത്വാ ന നിവര്‍ത്തന്തേ
തദ്ധാമ പരമം മമ.
ഈ അത്ഭുത വൃക്ഷത്തിന്റെ മുഖ്യമായ വേര് ഇരിക്കുന്നതു മുകളിലാണ്. എല്ലാ മരങ്ങളുടെയും മൂലം ഭൂമിയിലായിരിക്കുമ്പോള്‍ അദ്ധ്യാത്മമായ ജീവവൃക്ഷത്തിന്റെ ചുവട് മുകളിലാണെന്നു പറയുന്നതുതന്നെ ആശ്ചര്യം. അതില്‍നിന്നും വരുന്ന ശാഖകള്‍ ഇരുവശങ്ങളിലേക്കും പടര്‍ന്നു പോകുന്നു. ആ ശാഖകളില്‍ അങ്കുരിക്കുന്ന ഇലകള്‍ ഛന്ദസ്സുകളാണ് - വാക്കുകളാണ്. നാലു വശങ്ങളിലേക്കും പോകുന്ന ശാഖകളില്‍നിന്നു താഴോട്ടും കുറെ വേരുകള്‍ പോകുന്നു. ആ വേരുകളാകട്ടെ ഇഹത്തില്‍, ഭൂമിയില്‍, ചുറ്റിപ്പിണഞ്ഞു അതിന്റെ കര്‍മ്മകുടിലതയില്‍ മനുഷ്യലോകത്തെ ബന്ധിച്ചിട്ടിരിക്കുന്നു.
മുകളിലേക്ക് പോകുന്നതായ വേര് നാം അന്വേഷിച്ച് എത്തിയാല്‍ അതിന്റെ ഉത്ഭവം സൂര്യന്‍ പ്രകാശിക്കുന്നിടത്തല്ല. അതിന്റെ പ്രഭവസ്ഥാനത്ത് ചന്ദ്രനോ നക്ഷത്രമോ പ്രകാശിക്കുന്നില്ല. സ്വയംപ്രകാശമായിരിക്കുന്ന, എല്ലാ വിളക്കിനും വിളക്കായിരിക്കുന്ന, നിത്യജ്യോതിസ്സില്‍നിന്നാണ് അതിന്റെ ഉല്‍പ്പത്തി.
ഈ ചിത്രം വേണ്ടതരത്തില്‍ മനസ്സിലാക്കിയാല്‍ ഭൂതഭൌതികശാസ്‌ത്രങ്ങളും അദ്ധ്യാത്മശാസ്ത്രങ്ങളും തമ്മില്‍ ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്ന പിണക്കമെല്ലാം മാറും. പ്രപഞ്ചരഹസ്യത്തെ അന്വേഷിക്കുന്നതിനു നമുക്ക് ശുദ്ധവും വ്യക്തവുമായ ഒരു മാര്‍ഗം ലഭിക്കുകയും ചെയ്യും.
ഇവിടെ നാം ജീവിക്കുന്ന ഉറപ്പുള്ള ഈ മണ്ണുമുതല്‍, വിണ്ണിനെയും കടന്ന്, വിണ്ണിനും അപ്പുറത്തു പരിലസിക്കുന്ന നിത്യജ്യോതിസ്സുവരെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മരമാണ് ഇത്. (A vertical parameter running from the alpha point of this down-to-earth physical reality to the omega point of Absolute transcendence.) ഇഹം, പരം എന്നിവയെ രണ്ടു ധ്രുവങ്ങളാക്കിക്കൊണ്ട് ചരിത്രത്തിന്റെ ആദിയുടെ പിന്നിലേക്കും അന്ത്യത്തിന്റെ മുന്നിലേക്കും കടന്നുപോകുന്നതായ ഒരു രേഖയാണ് ഇവിടെ സങ്കല്പിക്കേണ്ടിയിരിക്കുന്നത്.
ഈ ജീവവൃക്ഷത്തിന്റെ താഴോട്ടുപോകുന്ന വേരുകള്‍ ഐഹികമായ സകല ബന്ധങ്ങളെയും മനുഷ്യരുടെയിടയില്‍ ഉണ്ടാക്കി സംസാരത്തില്‍ കെട്ടി നിറുത്തിയിരിക്കുന്നു. ഇതിനെ സംബന്ധിച്ചിടത്തോളം ആശ്ചര്യകരമായിരിക്കുന്നത്, അദ്ധ്യാത്മമായി ഇതിനെ പോഷിപ്പിക്കുന്ന വേര് മുകളിലാണ് എന്നതാകുന്നു.
മേഘത്തില്‍നിന്നും വരുന്ന ജീവദാതാവായ ജീവനംപോലെ, സൂര്യനില്‍നിന്നും വരുന്ന ജ്യോതിസ്സുപോലെ, ജീവന് അതിന്റെ ആത്മസത്തയെ പകര്‍ന്നുകൊടുക്കുന്ന ആദിസ്രോതസ്സാണ് ഈ വേര്. സൂര്യനെയും കടന്നുപോകുന്നതാണ് പരമമായ ഈ മഹാ ജ്യോതിസ്സെങ്കിലും നാം അതിന്റെ ശുദ്ധചൈതന്യത്തെ സൂര്യനോട് ഉപമിച്ച് ഒരു ദേവതയാക്കി ആ സവിതാവിനോട് നടത്തുന്ന പ്രാര്‍ത്ഥനയാണ് ഗായത്രി:
ഓം ഭൂഃ ഭൂവര്‍ സ്വഃ
ഓം തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യധീമഹി
ധീയോ യോ നഃ പ്രചോദയാത്.
(അല്ലയോ വരേണ്യനായിരിക്കുന്ന സവിതാവേ, നീ ഈ ഇരുളിനെ മാറ്റി നിന്റെ പ്രകാശത്താല്‍ ഇന്ദ്രിയങ്ങളെ നിറച്ചാലും. നിന്റെ പ്രകാശംകൊണ്ട് എന്റെ ബുദ്ധി പ്രചോദിതമായി ഭവിക്കട്ടെ).
ഇതാണ് മുകളിലത്തെ വേരില്‍നിന്നും നാം പ്രതീക്ഷിക്കുന്ന അനുഗ്രഹം.
മുകളില്‍നിന്നും വരുന്ന ഈ പ്രകാശംകൊണ്ട് നമ്മുടെ ബുദ്ധിയില്‍ ആരോപിതമായിരിക്കുന്നതിനെ ഭര്‍ജ്ജനം ചെയ്യുന്ന മഹാത്മാക്കളുണ്ട്. അവരെ നാം ഗുരുക്കന്മാര്‍ എന്നു വിളിക്കുന്നു. അജ്ഞാനത്തെ മാറ്റി അറിവിന്റെ പ്രകാശം തരുന്ന ആള്‍ തന്നെയാണ് ഗുരു. മുകളിലോട്ടു കൈനീട്ടി ഗുരുവിന്റെ പാദത്തെ നമുക്കു തൊടാം. താഴോട്ടിറങ്ങിച്ചെന്നു നമുക്ക് ഐഹികമായ ജീവിതത്തിന്റെ വേര് കണ്ടെത്താം. മുകളിലോട്ടുള്ള പ്രയാണത്തിന് ബ്രഹ്മചര്യമെന്നും താഴെ നമ്മെ ഉറപ്പിച്ചു നിറുത്തുന്ന ധര്‍മ്മാര്‍ത്ഥപ്രധാനമായ വേരുകളോടു കൂറു പുലര്‍ത്തി ജീവിക്കുന്നതിനെ ഗാര്‍ഹസ്ഥ്യം എന്നും പറയുന്നു.
ബ്രഹ്മചര്യം മാത്രം പോരേ എന്നു ചോദിച്ചേക്കാം. ഇവിടെ മനുഷ്യപ്രകൃതിയെകൂടി കണക്കിലെടുക്കണം. പ്രായപൂര്‍ത്തിയെത്തിയാല്‍ പുരുഷനു സ്ത്രീയും, സ്ത്രീയ്ക്കു പുരുഷനും ആവശ്യമാണ്. കൌമാരം കഴിയുന്നതിനുമുമ്പേ പെണ്‍കുട്ടി സ്വപ്നം കാണുന്നത് അവള്‍ വളര്‍ന്നു ഒരു വധുവായി വരന്റെ കൂടെ പോകുന്നതും പിന്നെ ഒരമ്മയായി ജീവിക്കുന്നതും ഒക്കെയാണ്. എന്നാല്‍, അത്ര തീവ്രമായ ഒരു സ്വപ്നം മിക്കവരിലും ഗുരുലാഭത്തിനുവേണ്ടി ഉണ്ടാകാറില്ല. അനേകം സംവത്സരങ്ങള്‍ക്കിടയില്‍ അനേകായിരംപേരില്‍ ഒരുവനോ ഒരുവള്‍ക്കോ മാത്രം ജ്ഞാനദാഹം ഉണ്ടാകുന്നു. അങ്ങനെ ഗുരുവിനെ അന്വേഷിക്കുന്ന ആയിരങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ സദ്ഗുരുലാഭമുണ്ടാകുന്നുള്ളു എന്നാണ് ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നത്. അതു സത്യവുമാണ്.
നമുക്ക് രണ്ടുതരത്തിലുള്ള കുലങ്ങള്‍ ഉണ്ടാക്കാൻ സാധിക്കും. അധികംപേരും ഉണ്ടാക്കുന്നത് ദമ്പതികളായി ജീവിക്കാനുള്ള ഗൃഹസ്ഥന്റെ കുലമാണ്. കുറച്ചുപേര്‍ മാത്രം ജ്ഞാനലബ്ധിക്കായി കൊതിക്കുന്ന ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള ഗുരുകുലത്തെ ശരണ്യമാക്കുന്നു. ഈ രണ്ടു മാതൃകകളും ഇന്നും നമ്മുടെ മുമ്പിലുണ്ട്. അതിൽ ഒന്ന് ഒന്നിനു വിരോധമാണെന്നല്ല മനസ്സിലാക്കേണ്ടത്. ഗൃഹസ്ഥന്റെ കുലത്തില്‍ ഒരുവനോ ഒരുവളോ ഒരംഗമായിരിക്കുമ്പോൾ കൂടെയുള്ളവര്‍ രക്തബന്ധമുള്ള ബന്ധുക്കളാണ്. എല്ലാവരും വളരെ അടുത്തവരായി തോന്നുന്നു. 'ഇത് അച്ഛന്‍', 'ഇത് അമ്മ', 'ഇത് സഹോദരന്‍', 'ഇത് ഭാര്യ' എന്നിങ്ങനെ അനേകം 'ഇതു' കളുണ്ട്. 'ഇത്' എന്നു പറയുമ്പോള്‍ അടുത്തപരിചയം തോന്നുന്നു. എന്നാല്‍, അതുപോലെയല്ല, 'അതു' എന്നു പറയുമ്പോള്‍. “അതു' എന്നതില്‍ പരിചയക്കുറവുണ്ട്. 'അതി'നെ കൂടുതൽ പരിചരിക്കേണ്ടിയിരിക്കുന്നു. ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് മുഖം കഴുകുമ്പോഴും വെള്ളത്തിന്റെ സ്വരൂപം ശരിക്കറിയാന്‍ പാടില്ല. അതേപ്പറ്റി ഗാഢമായി പഠിക്കുമ്പോഴേ 'അതു' 1:2 എന്ന അനുപാതത്തില്‍ ചേര്‍ന്നിരിക്കുന്ന ഓക്സിജനും (അമ്ലജനകം), ഹൈഡ്രജനും (ജ്വലനി) ആണെന്ന് അറിയുന്നുള്ളൂ (H2O). അതുപോലെ, യഥാര്‍ത്ഥമായി കാണുന്ന 'ഇതു'കളെല്ലാം ഇതുവരെ അറിയാതിരുന്ന പരമാര്‍ത്ഥമായ 'അതാ'ണെന്നു മനസ്സിലാകുന്നു. അങ്ങനെ നോക്കുമ്പോള്‍ 'ഇതു'കളും 'അതു"കളുമുണ്ട്. യഥാര്‍ത്ഥമാണ് 'ഇതു'കള്‍. അനേകം “ഇതു"കളെ സംബന്ധിക്കുന്ന പരമാര്‍ത്ഥമാണ് 'അത്'.
'ഇതെ'ന്നു പറയുന്നതിനെല്ലാം രൂപമുണ്ട്, പേരുണ്ട്. രൂപംകൊണ്ട് ഒന്നിന്റെ ലക്ഷണം അറിയുന്നു. വിശേഷലക്ഷണംകൊണ്ടാണ് ഒരു വസ്തു വേറൊരു വസ്തുവില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത്. ലക്ഷണം അറിയുന്നതുവരെ 'ഇതെ'ന്നത് വ്യക്തമാകുന്നില്ല. അതുകൊണ്ടാണ് മനോമുകുരത്തില്‍ ദര്‍പ്പിതമായി വരുന്നതിനെയെല്ലാം 'ഇതെ'ന്ന് ആദ്യം അറിയുകയും 'ഇതു എന്ത്' എന്ന് മനസ്സ് ഉടനെ ചോദിക്കുകയും ചെയ്യുന്നത്. 'ഇതു കുടം', 'ഇതു പടം' എന്നെല്ലാം അറിയുമ്പോള്‍ അതിലെല്ലാം അറിവിന്റെ രണ്ടു ഘടകങ്ങളുണ്ട് - 'ഇത് + എന്ത്'. 'ഇതു' എന്നതിന്റെ കൂടെ, ഓരോ പ്രാവശ്യം വസ്തുപ്രതീതി ഉണ്ടാകുമ്പോഴും പ്രതീതമായിരിക്കുന്നതിന്റെ ലക്ഷണംകൂടി പറയണം. ആ ലക്ഷണത്തെ അറിയാനാണ് 'എന്തെന്നു'കൂടി ചോദിക്കുന്നത്. 'ഇത്' ഇന്ന ലക്ഷണത്തോടുകൂടിയതെന്നു പറയുന്നത് ഒരു വിധിയാണ് (Judgement). 'ഇത്' എന്നത് വസ്തുവാണ്. ആ വസ്തുവിന്റെ ലക്ഷണം അറിയുന്നതുവരെ 'ഇതെ'ന്നത് അറിയപ്പെടുന്നില്ല. അതുകൊണ്ട് 'ഇതെ'ന്നത് വിഷമ (ഗ്രഹിക്കാൻ പ്രയാസമുള്ളത്) യാണെന്നു പറയപ്പെടുന്നു.
'ഇത് കുടം' എന്നതിലെ 'ഇത്' വിഷമ. അതിന്റെ വിശേഷലക്ഷണമാണ് 'കുടം' എന്നത്. ഗൃഹസ്ഥന്റെ കുടുംബജീവിതത്തില്‍ കലര്‍ന്നു ജീവിക്കുമ്പോള്‍ എണ്ണമറ്റ 'ഇതു'കളുമായിട്ടാണ് ഒരുവന്‍ ഇടപെടുന്നതും വ്യവഹരിക്കുന്നതും. എന്നാല്‍ ചിന്താശീലമുള്ള ഒരു സത്യാന്വേഷി മാത്രമേ അനേകം വിശേഷങ്ങളെ ഉള്‍ക്കൊള്ളുന്ന സാമാന്യതത്ത്വം ഏതെന്ന് അന്വേഷിക്കുന്നുള്ളൂ. ആ സാമാന്യത്തെ 'അതെ'ന്നു പറയുന്നു.
എണ്ണമറ്റ 'ഇതു'കളെ വ്യവഹരിക്കുമ്പോഴും യഥാതഥമായോ പ്രാതിഭാസികമായോ അറിയപ്പെടുന്നതെല്ലാം ഏതു പരമാര്‍ത്ഥത്തില്‍ അധിഷ്ഠിതമായിരിക്കുന്നുവെന്ന് സത്യാന്വേഷി മാത്രമേ അന്വേഷിക്കുന്നുള്ളൂ.
ആ സത്യാന്വേഷിക്ക് 'അതെ'ന്ന പരമാര്‍ത്ഥം പറഞ്ഞു കൊടുത്തത് പരമാര്‍ത്ഥബോധം ഉണ്ടായിട്ടുള്ള ഒരു ആപ്തനാണ്. അങ്ങനെയുള്ള ആപ്തനാണു ഗുരു. അപ്രകാരമുള്ള ഗുരു ഇവിടെ കാണപ്പെടുന്നതിന്റെയെല്ലാം ഉറവിടമായ പരമാര്‍ത്ഥത്തെ 'അതെ'ന്നു ചൂണ്ടിക്കാണിക്കുന്നു. അതറിവാണ്. അതിനെ അനുഭവിച്ചറിഞ്ഞവന് 'ഇതറിവ്' എന്നും പറയാം. അപ്രകാരം പറയുമ്പോള്‍ ഇതെന്നുള്ളത് വിഷമയല്ല, എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ബോധമാണ്. അതുകൊണ്ടാണു നാരായണ ഗുരു ഈ തത്ത്വം സുതരാം ബോധിപ്പിക്കണമെന്നു കരുതി ഇങ്ങനെ പറഞ്ഞിട്ടുള്ളത്.
'ഇതു കുട'മെന്നതിലാദ്യമാ'മിതെ'ന്നു-
ള്ളതു വിഷമാ, 'കുട'മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതി'നിതു' താന്‍ കരുവെന്നു കണ്ടിടേണം.
'ഇദമറിവെ'ന്നതിലാദ്യമാ'മിതെ'ന്നു-
ള്ളതു സമ, തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ്-
ഗതി വരുവാ'നിതി'നെ ഭജിച്ചിടേണം.
(ആത്മോപദേശശതകം 41, 42)
അങ്ങനെ നാനാത്വത്തെ വ്യതിരിക്തമായി വിശേഷിപ്പിച്ച് മതിഭ്രമമുണ്ടാക്കുന്ന 'ഇതെ'ന്ന വിഷമയുണ്ട്; അനേകത്തെ സമന്വയിച്ച്, ഏകീകരിച്ചു മാറ്റിത്തരുന്ന 'സമ'യുണ്ട്. എല്ലാ വിശേഷങ്ങളേയും ഒരു സാമാന്യത്തില്‍ ലയിപ്പിക്കുന്ന, എല്ലാ കാര്യങ്ങളേയും ഒരു കാരണത്തില്‍ ഉള്‍പ്പെടുത്തി അറിയുന്ന, സംസൃഷ്ടമായതിനെയെല്ലാം ഒരു സ്രഷ്ടാവിന്റെ സൃഷ്ടിയില്‍ ഉള്‍പ്പെടുത്തി അറിയുന്ന, രഹസ്യമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്.
ഈ രഹസ്യം ഓരോ മതവും പഠിപ്പിക്കുന്നത് ഓരോ മഹാവാക്യത്തില്‍കൂടിയാണ്.
ലോകമതങ്ങളില്‍ ഏറ്റവും അവസാനമായി വന്ന ഒരു മതമാണു സിക്കുമതം. സിക്കുമതത്തിന്റെ ആദിഗുരു ഗുരു നാനാക്കാണ്. അദ്ദേഹം ശിഷ്യന്മാര്‍ക്കു പറഞ്ഞുകൊടുത്ത മഹാവാക്യമാണ് 'ഇക് ഓങ്കാര്‍ സത് ശ്രീ അകാല്‍ നിര്‍ഭയ് നിര്‍വൈര്‍'. 'ഇക്' എന്നു പറഞ്ഞാല്‍ ഏകമായിരിക്കുന്നത്. അതു ഓങ്കാരമാണ്. അതു ഭയത്തെ ദൂരീകരിക്കുന്ന ഏകത്വബോധം നല്‍കുന്നു. ഏകത്വബോധം ഉണ്ടായാല്‍ പിന്നെ ഒന്നിനോടും വൈരമുണ്ടായിരിക്കുന്നില്ല.
ഇസ്ലാംമതത്തില്‍ ഇതുപോലെ ഒരു മുസ്ലീം പുര്‍ണ്ണമായി അംഗീകരിക്കേണ്ട ചില മഹാവാക്യങ്ങളുണ്ട്:
'ബിസ്മില്ലാഹ് അര്‍ റഹ്മാനിര്‍ റഹിം.' (അല്ലാഹു കാരുണ്യമൂര്‍ത്തിയാണ്, ദയാപരനാണ്.)
“ലാ ഇലാഹ് ഇല്ലല്ല.” (അല്ലാഹു ഒന്നിനോടും സദൃശനല്ല. യാതൊന്നിനെയാണോ ഒന്നിനോടും സദൃശപ്പെടുത്തുവാന്‍ കഴിയാത്തത് അതു അല്ലാഹു ആണ്.)
“അല്ലാഹു അക്ബര്‍.” (അല്ലാഹു സര്‍വ്വശക്തനാണ്.)
നാം ക്രിസ്തുമതത്തിലേക്ക് വരുമ്പോള്‍ അതിലും മഹാവാക്യങ്ങള്‍ കാണുന്നു:
“ദൈവം സ്നേഹമാകുന്നു. നിന്റെ പിതാവായ ദൈവത്തെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണ ആത്മാവോടും കൂടി സ്നേഹിക്കുക.”
“നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക"
മറ്റു ലോകമതങ്ങളിലെല്ലാം മഹാവാക്യങ്ങൾ ഉള്ളതുപോലെ സനാതനമായ സത്യത്തെ ഉദ്ഗാനംചെയ്യുന്ന ഉപനിഷത്തുകളിലും നിഷ്കൃഷ്ടമായി നല്‍കിയിരിക്കുന്ന മഹാവാക്യങ്ങൾ ഉണ്ട്. ഉപനിഷത്ത് എന്നു പറഞ്ഞാല്‍ത്തന്നെ, ശിഷ്യന്‍ ഗുരുവിന്റെ സമീപത്തി രുന്ന് ഗുരു ചൂണ്ടിക്കാണിക്കുന്ന ബ്രഹ്മതത്വം അറിയുന്നു എന്നാണ് അർത്ഥം. ഉപനിഷത് സന്ദർഭത്തിൽ ഗുരുവിനേയും ശിഷ്യനേയും ഒരു സന്ദര്‍ഭത്തിന്റെ പ്രാതിയൌഗിക ഘടകങ്ങളായി വേണം കാണുവാന്‍, (Teacher-student counterparts in a wisdom situation or learning context).
ഗുരുവിനെ തേടിച്ചെല്ലുന്നവന്‍ ഗുരുവിനു സ്വീകാര്യനായാല്‍ അവന് ഉപദേശിച്ചു കൊടുക്കുന്ന ഒരു നിര്‍ദ്ദേശവാക്യമുണ്ട്. ആ മഹാവാക്യത്തെ ഉപദേശവാക്യം എന്നു പറയുന്നു. ഇതു ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉപനിഷദ്വാക്യങ്ങളില്‍ ഒരു വാക്യത്തെ മാത്രമേ ഉപദേശവാക്യം എന്നു വിളിക്കുന്നുള്ളു. ആ ഉപദേശവാക്യമാണ് 'തത് ത്വം അസി' (അതു നീ ആകുന്നു) എന്നത്.
'ഇതു'കളെപ്പറ്റി നമുക്ക് ഇപ്പോഴറിയാം. നമ്മുടെ നിത്യജീവിതത്തില്‍ ഇടപഴകേണ്ടിവരുന്ന എണ്ണമറ്റ 'ഇതു'കളെ മതിഭ്രമമുണ്ടാക്കാതെ എങ്ങനെ സാമഞ്ജസ്യപ്പെടുത്താന്‍ കഴിയുമെന്നു പലപ്പോഴും നാം അറിയുന്നില്ല. അതുകൊണ്ട് ഗുരു ഇവിടെ ശിഷ്യനോട് 'അതു' എന്താണെന്നു പറഞ്ഞുകൊടുക്കുന്നു. പറഞ്ഞുകൊടുത്തതാകട്ടെ 'അതു നീയാകുന്നു' എന്നാണ്.
കണ്ണടച്ചിരിക്കുന്ന ഒരാളിനോട് 'ഇതു' എന്നു പറയുമ്പോള്‍ അയാള്‍ യാതൊന്നും കാണുന്നില്ലെങ്കിലും തന്റെ സമീപത്തിരിക്കുന്ന ഏക-ദേശസ്ഥിതമായ, ഏക-കാലസ്ഥിതമായ, പരിധിയുള്ള, രൂപമുള്ള, സാപേക്ഷമായ, സോപാധികമായ ഒരു വസ്തുവിനെ കുറിക്കുന്നു എന്നു മനസ്സിലാക്കുന്നു.
ഒന്നും അയാള്‍ കാണുന്നില്ല, കേള്‍ക്കുന്നതേയുള്ളു. കണ്ണടച്ചിരിക്കുന്നു എന്നു വിചാരിക്കുക. എന്നാലും ആ ശബ്ദംകൊണ്ടുതന്നെ അയാളുടെ ബോധം ഒരു രൂപത്തെ ഉള്ളില്‍ ആവിഷ്കരിക്കുന്നു. വേദാന്തത്തില്‍ ഇതിനെയാണ് ശബ്ദാകാരവൃത്തി എന്നു വിളിക്കുന്നത്.
പിന്നീട് ആ ശബ്ദംകൊണ്ട് മനസ്സിലേക്ക് തള്ളിവന്ന കാഴ്ചയ്ക്കു സദൃശമായ എന്തെങ്കിലുമുണ്ടോ എന്നു ലക്ഷണം നോക്കി അറിയുന്നു. അപ്പോള്‍ ഐന്ദ്രിയികമായ വിശേഷങ്ങളും കണക്കിലെടുക്കപ്പെടുന്നു. അതുകൊണ്ട് വിഷയാകാരവൃത്തി ബോധത്തിനുണ്ടാകുന്നു. ശബ്ദാകാരവൃത്തിയും വിഷയാകാരവൃത്തിയും തമ്മില്‍ താദാത്മ്യമുണ്ടാകുമ്പോള്‍ 'ഇതെന്തു' എന്ന ചോദ്യത്തിന് പൂര്‍ണ്ണമായ ഉത്തരം മനസ്സിനു കിട്ടുന്നു. ആ വൃത്തി ഉണ്ടാക്കിക്കൊടുക്കുന്നതു ബുദ്ധിയായതുകൊണ്ട് സുനിശ്ചിതമായ വിഷയവൃത്തിയെ ബുദ്ധിവൃത്തിയെന്നു പറയുന്നു.
'അതു നീയാകുന്നു' എന്നു ഗുരു ശിഷ്യനോട് ഉപദേശമായി പറയുമ്പോള്‍, 'അതു' എന്ന ശബ്ദം ശിഷ്യന്‍ കേള്‍ക്കുന്നതല്ലാതെ ആ ശബ്ദം അയാളില്‍ വ്യക്തമായ ഒരു രൂപത്തെ അങ്കുരിപ്പിക്കുന്നില്ല. എന്നിരുന്നാലും ആ ശബ്ദം അയാളുടെ ബോധത്തില്‍ വാഗ്‌രൂപത്തിലുള്ള ഒരു വൃത്തിയെങ്കിലും ഉണ്ടാക്കുന്നുണ്ട്. അതായത്, 'അതെ'ന്ന വാക്കിന്റെ ശബ്ദാകാരവൃത്തി. ആ വൃത്തിയെ വേറൊന്നിനോടും ഉടനെ സംബന്ധിപ്പിക്കുവാന്‍ ശിഷ്യന് കഴിയുന്നില്ല. എന്തുകൊണ്ടെന്നാല്‍, സോപാധികമായ ഒന്നിനേയും പറ്റിയല്ല 'അതു' എന്നു ഗുരു പറഞ്ഞിരിക്കുന്നത്. ദൃഷ്ടമായ ഏതെങ്കിലും ഒന്നിനെ അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊണ്ടു പറയുകയല്ല. സവിശേഷതയുള്ള ഒന്നിനേയും അദ്ദേഹം പരാമര്‍ശിക്കുന്നില്ല. ഗുണധര്‍മ്മങ്ങളെ ചൂണ്ടിക്കാണിക്കുവാന്‍ വേണ്ടിയല്ല 'അതു' എന്നു പറഞ്ഞത്. എന്നാല്‍, ഇപ്രകാരമൊക്കെ വ്യവഹരിക്കുവാന്‍ പോരുന്ന പരിമേയ വിഷയങ്ങള്‍ക്കെല്ലാം അതിരിക്തമായിരിക്കുന്നതും അധിഷ്ഠാനമായിരിക്കുന്നതുമായ ശുദ്ധതത്ത്വമാണ് 'അതെ'ന്ന വാക്കുകൊണ്ട് നിര്‍ദ്ദേശിക്കപ്പെടുന്നത്; സര്‍വസാമാന്യമായ പരമാർത്ഥമാണത്.
അതുകൊണ്ട് 'അതെ'ന്ന ശബ്ദമുണര്‍ത്തുന്ന ശബ്ദാകാരവൃത്തിയോട് സാത്മ്യം പ്രാപിക്കുന്നതായ ഒരു തദാകാരവൃത്തി എളുപ്പത്തിലുണ്ടാകുവാന്‍ ഇടയില്ല. അപ്രകാരം ഉപദേശവാക്യത്തിലെ മുഖ്യനിര്‍ദേശമായ 'തത്' എന്നതിന്റെ ആകാരവൃത്തി ബോധത്തിലുണ്ടാകാതിരിക്കുന്നത് ശിഷ്യന് ഒരു വലിയ പ്രശ്നമായിത്തീരും. എന്തുകൊണ്ടെന്നാല്‍, ധ്യാനത്തിന് വിഷയമാകേണ്ടിയിരിക്കുന്ന ധ്യേയം (നാമധേയം) അപ്രമേയമായിരിക്കുന്നു. അതുകൊണ്ട് ചില പ്രമേയങ്ങളെയെടുത്ത് ഉദാഹരിച്ച് അതിലെല്ലാം ഇരിക്കുന്ന അപ്രമേയതയെ അപരോക്ഷാനുഭൂതികൊണ്ട് ശിഷ്യന്‍ കണ്ടെത്തുവാനുള്ള സന്ദര്‍ഭം സൃഷ്ടിക്കണം. വേറൊരു തരത്തില്‍ പറഞ്ഞാല്‍, നിരുപാധികമായ ഒന്നിനെ വെളിപ്പെടുത്തുന്നതിനായി സോപാധികതയെ ശിഷ്യന്‍ ചവിട്ടുപടിയാക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സാക്ഷാത്കാരസന്ദര്‍ഭമാണ് ഛാന്ദോഗ്യോപനിഷത്തില്‍ തന്റെ ശിഷ്യനും പുത്രനുമായ ശ്വേതകേതുവിനുവേണ്ടി ആരുണിയായ ഉദ്ദാലകന്‍ കാരുണ്യത്തോടെ ഉണ്ടാക്കികൊടുക്കുന്നത്.
ആ സന്ദര്‍ഭത്തില്‍ ആരുണി പല ഉദാഹരണങ്ങള്‍ സത്യാന്വേഷണത്തിനായി തന്റെ മകന്റെ മുമ്പില്‍ നിരത്തിവയ്ക്കുന്നുണ്ട്. സാധാരണഗതിയില്‍ ഒരു ഉദാഹരണത്തിലുള്ളത് ഉപമാനോപമേയങ്ങളുടെ സന്ദര്‍ഭം മാത്രമാണ്. എന്നാല്‍, ഇവിടെ ഉദാഹരണം നല്‍കുന്നത് ഗുരുവാണ്. ശാസ്ത്ര വാക്യവും ഗുരുവാക്യവും ശ്രുതിയാണ്. ശ്രുതിയിലിരിക്കുന്നത് ശബ്ദപ്രമാണമാണ്. ശബ്ദം പ്രമാണമായി വരുന്നത് ലക്ഷണലക്ഷ്യങ്ങളുടെ സംബന്ധംകൊണ്ട് ശ്രോതാവിന് ആനുഭൂതികജഞാനം ഉണ്ടാകുമെന്നുള്ള അസാധാരണമായ അനുഭവം ഇരിക്കുന്നതിനാലാണ്. ഏതു ഉദാഹരണത്തിലും ലക്ഷ്യമായിരിക്കുന്നതിനെ കൂടാതെ ലക്ഷണയുക്തമല്ലാത്ത പല ആനുഷംഗികതകളും കാണാം.
എന്നാല്‍, ഉദാഹരണംകൊണ്ട് ലക്ഷീകരിക്കാത്തതെല്ലാം ശ്രോതാവ് മനസ്സുകൊണ്ടു തള്ളിക്കളയണം. ഉദാഹരണത്തില്‍ 'ഉദ്' അതായത് പൊന്തിനില്ക്കുന്നതായ ലക്ഷ്യം മാത്രം സ്വീകരിച്ചിട്ട് ബാക്കി എല്ലാറ്റിനേയും 'ആഹരണം' ചെയ്തു അസംഗതമായതിനെ തള്ളിക്കളയണം. കല്ലും നെല്ലും കൂട്ടിക്കലര്‍ത്തിക്കൊടുത്താല്‍ പക്ഷികള്‍ നെല്ലു തിന്നിട്ട് കല്ല് ഉപേക്ഷിക്കുന്നതുപോലെ, അസംഗതമായതിനെയെല്ലാം ശിഷ്യന്‍ തള്ളിക്കളയണം. അതിനായി ആദ്യംതന്നെ ശിഷ്യനില്‍ അടക്കാനാവാത്ത അന്വേഷണാസക്തി ഉണ്ടാകണം.
ഛാന്ദോഗ്യോപനിഷത്തില്‍ അപ്രകാരമുള്ള ഒരു ഉത്സാഹം തന്റെ ശിഷ്യനില്‍ ഉണ്ടാക്കിയതിനുശേഷമേ ആരുണി പുത്രന് 'തത്ത്വമസി' എന്ന ഉപദേശവാക്യം നല്‍കുന്നുള്ളൂ, ഈ ഉപദേശവാക്യം നല്‍കുന്നതിന് ഇടയായിട്ടുള്ള പശ്ചാത്തലവും ഒന്നിനുപിറകെ ഒന്നായി ഗുരു ശിഷ്യനു നല്‍കിയ ഏഴു ഉദാഹരണങ്ങളും തുടര്‍ന്നു വരുന്നപഠനത്തില്‍ പൂര്‍ണ രൂപത്തില്‍ത്തന്നെ ചേര്‍ത്തിട്ടുണ്ട്.
ആദ്യമായി നമുക്ക് 'തത്ത്വമസി' എന്ന മഹാവാക്യത്തിന്റെ താത്ത്വികമായ പൊരുള്‍ മനസ്സിലാക്കാം, പിന്നീട് അപരോക്ഷമായി ലഭിക്കുന്ന ആ അനുഭൂതിയെ എങ്ങനെ ജീവിതത്തില്‍ പ്രയോഗിക്കാം എന്നു പരിശോധിച്ചുനോക്കാം. 'തത്ത്വമസി' എന്ന മഹാവാക്യത്തിന്റെ അര്‍ത്ഥവും അനുഷ്ഠാനവുമാണ് ഈ കൃതിയുടെ ഉള്ളടക്കം.
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved