Dr. Ayyappa Paniker
Updated on : 23, December, 2023
Posted on : 8, July, 2022.    Post views : 890
Category : Book introductory, Literature
BOOKMARK THIS ARTICLE MOVE BACK

ഷേക്സ്പിയർ സമ്പൂർണ്ണ കൃതികൾ - അയ്യപ്പപ്പണിക്കരുടെ അവതാരിക

അയ്യപ്പപ്പണിക്കര്‍







പുസ്തകം ഷെയ്ക്സ്പീയർ സമ്പൂർണ്ണ കൃതികൾ
ചീഫ് എഡിറ്റർ അയ്യപ്പപ്പണിക്കർ 
അവതാരിക (2000)അയ്യപ്പപ്പണിക്കർ 
പ്രസാധകൻ ഡി. സി. ബുക്സ് 

“വീരാരാധന ഇപ്പോൾ ശോച്യാവസ്ഥയില്‍ ആയിട്ടും, ഒന്നാലോചിച്ചുനോക്കു, ഈ ഷെയ്ക്സ്പിയര്‍ വാസ്തവത്തില്‍ നമ്മുടെയിടയില്‍ എന്തായിത്തിര്‍ന്നിട്ടുണ്ടെന്ന്‌. നമ്മുടെ നാട്ടില്‍ ജന്മംകൊണ്ട ഏതിംഗ്ലീഷുകാരനെയാണ്‌, എത്രലക്ഷം ഇംഗ്ലിഷുകാരെയാണ്‌, ഈ സ്ട്രാറ്റ്ഫഡ്‌ കൃഷിക്കാരനു പകരമായി നാം ഉപേക്ഷിക്കാതിരിക്കുക? അത്യുന്നതസ്ഥാനികളുടെ ഒരു സംഘാതംപോലുമില്ല അദ്ദേഹത്തിനു പകരം വിലവയ്ക്കാനായി. ഇതുവരെ നാം ചെയ്തിട്ടുള്ളതില്‍വച്ച്‌ ഏറ്റവും ഗംഭീരമായ കാര്യമാണ്‌, അദ്ദേഹം വിദേശികളുടെ ഇടയില്‍ നമുക്കഭിമാനമായി, നമ്മുടെ ഇംഗ്ലീഷ്‌ ഗൃഹാന്തരീക്ഷത്തിന്‌ അലങ്കാരമെന്നനിലയില്‍, അദ്ദേഹത്തിനു പകരം വിട്ടുകൊടുക്കാന്‍ കഴിയാത്ത എന്തു കാര്യമാണുള്ളത്‌ ? ഒന്നാലോചിക്കു. അവര്‍ ചോദിക്കുകയാണെന്നിരിക്കട്ടെ, ഹേ, ഇംഗ്ലീഷുകാരേ, നിങ്ങളുടെ ഇന്ത്യാസാമ്രാജ്യത്തെയാണോ നിങ്ങളുടെ ഷെയ്ക്സ്പിയറെയാണോ നിങ്ങൾ  ഉപേക്ഷിക്കുക! ഒരിക്കലും ഇന്ത്യാസാമ്രാജ്യം ഉണ്ടായിരുന്നില്ലെന്നതോ ഒരു ഷെയ്ക്സ്പിയര്‍ ഉണ്ടായിരുന്നില്ലെന്നതോ ? സത്യത്തില്‍ ഇതൊരു കടുത്ത ചോദ്യംതന്നെ. ഉദ്യോഗസ്ഥവൃന്ദം ഔദ്യോഗികഭാഷയില്‍ തന്നെ മറുപടി പറയും, സംശയമില്ല. പക്ഷേ നമുക്കുവേണ്ടി നമ്മൾ തന്നെ ഉത്തരം  പറയാന്‍ നിര്‍ബന്ധിതരാവില്ലേ? ഇന്ത്യാസാമ്രാജ്യം ഉണ്ടെങ്കിലും ശരി, ഇന്ത്യാസാമ്രാജ്യം ഇല്ലെങ്കിലും ശരി, നമുക്കു ഷെയ്ക്സ്പിയറില്ലാതെ പറ്റില്ല. ഇന്ത്യാസാമ്രാജ്യം എന്നെങ്കിലും ഒരു ദിവസം ഏതായാലും പോകും; പക്ഷേ, ഈ ഷെയ്ക്സ്പിയര്‍ പോകയില്ല, അദ്ദേഹം എന്നും നമ്മോടൊപ്പം  ഉണ്ടാകും. നമുക്ക്‌ നമ്മുടെ ഷെയ്ക്സ്പിയറെ  കയ്യൊഴിയാന്‍ വയ്യ". 1840-ല്‍ ഇന്ത്യാസാമ്രാജ്യം ബ്രിട്ടീഷുകാരുടെ പൂര്‍ണമായ അധീനതയില്‍ വന്നുകൊണ്ടിരുന്ന കാലത്ത്, ഇംഗ്ലണ്ടിനെക്കാൾ  എത്രയോവലിപ്പമുള്ളതും ദീര്‍ഘമായ പാരമ്പര്യമുള്ളതും, സമ്പത്തുണ്ടായിരുന്നതും ആയ ഇന്ത്യ അധിനിവേശത്തിന്റെ ഇരുട്ടില്‍ ആമഗ്നമായിക്കൊണ്ടിരുന്ന സമയത്ത്‌, റ്റോമസ് കാര്‍ലൈല്‍ ഉദ്ഘോഷിച്ച പ്രവചനസദൃശമായ വാക്യങ്ങളാണ്‌ ഇവിടെ ഉദ്ധരിച്ചത്‌.


കാര്‍ലൈല്‍ പറഞ്ഞതുപോലെ ഇന്ത്യാസാമ്രാജ്യം പോയി, ഒരു നൂറ്റാണ്ടിനുശേഷം ഷെയ്ക്സ്പിയര്‍ കൃതികൾ  ഇംഗ്ലണ്ടിന്റെ  മാത്രമല്ല, മറുനാടുകളുടെയുംകൂടി അഭിമാനമായി മാറിയിരിക്കുന്നു. പ്രാചീന മഹാകവികളോടു കിടപിടിക്കുന്ന ആധുനികകാലത്തെ എഴുത്തുകാരില്‍ മുന്‍പന്തിയില്‍ ഏതാണ്ട്  ഒന്നാമനായി നില്‍ക്കുന്ന ഷെയ്ക്സ്പിയര്‍ ഇന്ന്‌ ഇംഗ്ലണ്ടിനുമാത്രം ഒതുക്കിവയ്ക്കാവുന്ന ഒരു സ്വത്തല്ലാതായിത്തിര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെയും  ആംഗലസംസ്കാരത്തിന്റെയും ഇംഗ്ലിഷ് ഭാഷയുടെയും അതിര്‍ത്തികൾ  അതിലംഘിച്ച്‌ സാര്‍വലൌകിക സംസ്‌കാരത്തിന്റെയും സര്‍വലോക സാഹിത്യത്തിന്റെയും വീരനായകനായി വിലസുന്നു അദ്ദേഹം എന്നതില്‍ പക്ഷാന്തരമില്ല. ഭാഷയുടെ അതിര്‍ത്തികൾ ഭേദിച്ചു വിവര്‍ത്തനത്തിലൂടെ മലയാളികളുടെകൂടി പൊതുസ്വത്തായിത്തീരുകയാണ്‌ ഈ പ്രസാധനത്തോടുകൂടി ഷെയ്ക്സ്പിയര്‍.


37 നാടകങ്ങളും ഒരു കവിതാസമാഹാരവും ചേര്‍ന്ന കെയ്ക്സ്പിയറുടെ സമ്പൂര്‍ണകൃതികൾ  പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ ഇന്ത്യൻ ഭാഷ മലയാളമായിക്കൂടെന്നില്ല. ഇതിനു മുന്‍കൈയെടുത്ത വിവര്‍ത്തകര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന ഡി.സി ബുക്സിനും എഡിറ്റിങ്ങില്‍ സഹായിച്ചവര്‍ക്കും നന്ദി പറയട്ടെ.


ജീവിതരേഖ

വില്യം ഷെയ്ക്സ്പിയറുടെ ജനനം, വിദ്യാഭ്യാസം, തൊഴില്‍ മുതലായ കാര്യങ്ങളെപ്പറ്റി കുറെയേറെ കാര്യങ്ങൾ  നമുക്കറിയാമെങ്കിലും അദ്ദേഹത്തെപ്പറ്റി ആവശ്യമുള്ള വിവരങ്ങളെല്ലാം നമുക്കു ലഭ്യമല്ലാതെയാണിരിക്കുന്നത്‌. അദ്ദേഹമാണോ ഈ നാടകങ്ങളെല്ലാം എഴുതിയത്‌ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക്‌ ഇപ്പോഴും സംശയങ്ങളുണ്ട്‌. സമകാലികരായ വേറെ പലരുടെയും പേരുകൾ  ഇതിനുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് ---എലിസബെത്‌ രാജ്ഞി മുതല്‍ ഫ്രാന്‍സിസ്‌ ബേക്കണ്‍ വരെ. അറിയപ്പെട്ടിട്ടുള്ള ജീവചരിത്രവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃതികൾ  വ്യാഖ്യാനിക്കാനും കൃതികളില്‍ സൂചിതമായിട്ടുള്ള വിവരങ്ങൾ വച്ചുകൊണ്ട്‌ ജീവിതരേഖ രൂപപ്പെടുത്താനുമുള്ള ശ്രമങ്ങൾ  നടന്നിട്ടുണ്ട്‌. ഓരോ പണ്ഡിതനും അവനവന്റെ സൈദ്ധാന്തിക നിലപാടുകൾക്കും വ്യക്തിപരമായ  ഇഷ്ടാനിഷ്ടങ്ങൾക്കും അനുസരണമായി ആവശ്യത്തില്‍ കൂടുതല്‍ എഴുതിക്കഴിഞ്ഞിരിക്കുന്നു.


17ാം നൂറ്റാണ്ട്‌ മുതല്‍ക്കുള്ള പഠനനിരൂപണാദികളുടെ അതിശ്രദ്ധകൊണ്ടു തന്നെ ചിന്താക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ജീവചരിത്രങ്ങൾ, കൃതിപാഠങ്ങൾ, വ്യാഖ്യാനങ്ങൾ, ഭാഷ്യങ്ങൾ, രംഗാവതരണക്രമങ്ങൾ, വിവാദങ്ങൾ , അവതാരികകൾ എന്നിങ്ങനെ വിവിധ മാതൃകകളിലൂടെ  ഷെയ്ക്സ്പിയര്‍ പഠനം ഒരു വ്യവസായമായിത്തന്നെ വളര്‍ന്നിട്ടുണ്ട്. മാറിമാറി വരുന്ന സിദ്ധാന്തങ്ങളെ സാധൂകരിക്കാന്‍ ചരിത്രകാരന്മാരും  സാമൂഹികചിന്തകന്മാരും അധ്യാപകരും സംവിധായകന്മാരും നടീനടന്മാരും ഷെയ്ക്സ്പിയര്‍ കൃതികളെ ആശ്രയിച്ചിട്ടുണ്ട്‌. ഒരു വ്യക്തിയുടെ വളര്‍ച്ച എന്നപോലെ ഒരു  കാലഘട്ടത്തിന്റെ അഭിരുചികളും അഭിലാഷങ്ങളും കൂടി ഈ കൃതികളില്‍ നിഴലിക്കുന്നുണ്ട്‌. ഒരു ബാഹ്യചരിത്രരേഖ താഴെക്കൊടുക്കുന്ന പട്ടികയില്‍ നിന്നു കിട്ടും.

  • 1558 എലിസബെത്‌ രാജ്ഞി അധികാരം ഏൽക്കുന്നു .
  • 1564 ഏപ്രില്‍ 26-ന്‌ ഷെയ്ക്‌സ്പിയറുടെ ജ്ഞാനസ്‌നാനം.
  • 1568 ജോണ്‍ ഷെയ്ക്സ്പിയര്‍ സ്ട്രാററ്ഫഡിലെ ബെയ് ലിഫ്‌ ആയി തിരഞ്ഞെടുക്കപ്പെടുന്നു.
  • 1577 സര്‍ ഫ്രാന്‍സിസ്‌ ഡ്രെയ്കിന്റെ  ലോകംചുറ്റല്‍.
  • 1582 ഷെയ്ക്സ്പിയര്‍ ആന്‍ ഹാതവേയെ വിവാഹം കഴിക്കുന്നു. 
  • 1583 മകൾ  സൂസന്നയുടെ ജനനം.
  • 1585 ഹാംനെറ്റ്, ജുഡിത്‌ എന്നീ   ഇരട്ടക്കുട്ടികളുടെ ജനനം.
  • 1587 സ്‌കോട്ലന്‍ഡ്‌ റാണി മേരിയുടെ വധം.
  • 1588 സ്പാനിഷ്‌ അര്‍മേഡയുടെ പരാജയം.
  • 1592 ഹെന്‍റി ആറാമന്‍: ഒന്നാംഭാഗം: രംഗാവതരണം.
  • 1593 വീനസും അഡോണിസും. പ്രകാശനം.
  • 1593 ക്രിസ്റ്റഫര്‍ മാര്‍ലോയുടെ മരണം.
  • 1594 ഷെയ്ക്സ്പിയര്‍ ചെയ്ംബര്‍ലെയ്ന്‍ പ്രഭൂവിന്റെ നാടക സംഘത്തില്‍ ചേർന്നു.
  • 1596 ഹാംനെറ്റിന്റെ മരണം.
  • 1597 ഷെയ്ക്സ്പിയര്‍ 'ന്യൂപ്ലെയിസ്‌' വാങ്ങുന്നു.
  • 1599 ഗ്ലോബ്  നാട്യശാല ഉദ്ഘാടനം.
  • 1600 ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ആരംഭം.
  • 1601 അച്ഛന്റെ മരണം.
  • 1602 പഴയ സ്ട്രാറ്റ്ഫഡില്‍ ഷെയ്ക്സ്പിയര്‍ സ്ഥലംവാങ്ങുന്നു.
  • 1603  എലിസബെത്തിന്റെ മരണം, ജെയിസ്‌ ഒന്നാമന്റെ സ്ഥാനാരോഹണം.
  • 1605 ഹൈ ഫോക്സിന്റെ ഗണ്‍പൌഡർ ഗൂഢാലോചന.
  • 1607 അമേരിക്കയില്‍ ഇംഗ്ലീഷുകാരുടെ ആദ്യകുടിയേറ്റം.
  • 1608 സൂസന്നയുടെ വിവാഹം - ജോണ്‍ഹോളുമായി.
  • 1608 കൊച്ചുമകൾ  എലിസബെത് ഹോളിന്റെ ജനനം.
  • 1608 അമ്മയുടെ മരണം.
  • 1609 ഗീതകങ്ങൾ  - ആദ്യപതിപ്പിന്റെ പ്രസിദ്ധികരണം.
  • 1610 ലണ്ടന്‍ വിട്ട് ന്യൂ പ്ലേയിസിലേക്കു താമസംമറ്റം.
  • 1613 ഗ്ലോബ്  നാട്യശാലയ്ക്ക് തീപിടിത്തം.
  • 1616 എപ്രില്‍ 23 ന്  ഷെയ്ക്സ്പിയറുടെ മരണം.
  • 1623 ആദ്യത്തെ ഹോളിയോപതിപ്പ്‌.

  • സമകാലചരിത്രത്തിന്റെ  ഈ കേവലമായ അസ്ഥിപഞ്ജരത്തില്‍ നിന്ന്‌ ബ്രിട്ടിഷ്‌ സാമ്രാജ്യത്തിന്റെ ആരംഭമോ അതിലും വിസ്തൃതമായ ഷെയ്ക്സ്പിയറുടെ മാനസിക പ്രപഞ്ചമോ ഊഹിച്ചെടുക്കാന്‍ വിഷമമാണ്‌. എങ്കിലും എലിസബെത്തിന്റെ  കാലത്തു നിലനിന്ന സമാധാനാന്തരീക്ഷവും ഇംഗ്ലീഷ് ജനതയുടെ ഐക്യവും അഭ്യുന്നതിക്കുള്ള അഭിലാഷവും നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും അഖില യൂറോപ്യന്‍ തരംഗങ്ങളുമായി ഇടപഴകി വലിയ ഒരു കുതിപ്പിനു തയ്യാറെടുക്കുകയായിരുന്നു അക്കാലത്ത്‌  എന്നുകാണാന്‍ വിഷമമില്ല.


    അനേകം ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളും ചരിത്രരേഖകളുടെ വര്‍ഷാനുചരിതങ്ങളുടെ--- പ്രസിദ്ധീകരണവും ലണ്ടനില്‍--- പ്രത്യേകിച്ചും ടൈംസ്  നദിയുടെ തെക്കേക്കരയില്‍--കെട്ടി ഉയര്‍ത്തപ്പെട്ട അനേകം നാട്യശാലകളും തുരുതുരെയുള്ള നാടകാവതരണവും പണ്ഡിതന്മാരുടെയും നാടകക്യത്തുക്കളുടെയും നടീനടന്മാരുടെയും ഒരേ സമയത്തുള്ള ആവിര്‍ഭാവവും കവിതയിലും കഥയിലും നാടകത്തിലും എല്ലാം താത്പര്യമെടുക്കാനുള്ള ജനതയുടെ അദമ്യമായ അഭിവാഞ്ഛയും ഒത്തുചേര്‍ന്നപ്പോൾ  എലിസബെത്ത്‌ രാജ്ഞിയുടെ 'വിശാലദിനങ്ങള്‍' രൂപം പ്രാപിച്ചു.

    ഡ്രെയ്കിനെയും റോലിയെയും പോലുള്ള സാഹസിക സമുദ്രാന്തരയാത്രികരുടെ ഉത്സാഹത്തിമിർപ്പും ലണ്ടന്‍ തുറമുഖ നഗരത്തിന്റെ  അഭൂതപൂര്‍വമായ വികാസവും വിദേശവാണിജ്യബന്ധങ്ങളുടെ വളര്‍ച്ചയും യുദ്ധരംഗങ്ങളില്‍ ഇംഗ്ലണ്ടിനു നേടാന്‍ കഴിഞ്ഞ തുടര്‍ച്ചയായ വിജയവും എല്ലാം ഒരു ജനതയുടെ വികാസോൻമുഖത്വരയ്ക്ക്‌ പ്രചോദനമായി ഭവിച്ചു. ഇന്ന്‌, സാമ്രാജ്യപതനാനന്തരം തിരിഞ്ഞു നോക്കുമ്പോൾ, ഭൂമിശാസ്ത്രത്തിനുമേല്‍ ചരിത്രത്തിനു കിട്ടിയ ആധിപത്യത്തിന്റെ പൊരുൾ  അവിശ്വസനീയമായി തോന്നാം. നമ്മുടെ കാലത്ത്‌ ബഹിരാകാശസഞ്ചാരത്തില്‍ തോന്നുന്നപോലുള്ള ഔത്സുക്യം ഷെയ്ക്സ്പിയറുടെ കാലത്ത്‌ ഭൂഗോള ഭ്രമണത്തിലും ദ്വീപാന്തര സന്ദര്‍ശനത്തിലും ആളുകൾക്ക്‌ തോന്നിയിരുന്നു.

    വില്യം ഷേക്സ്പിയറുടെ ജന്മദിനം  കൃത്യമായി നമുക്കറിഞ്ഞുകൂട. 1564  എപ്രില്‍ 26-ന്‌ മാമോദീസാ നടത്തിയതിനു രേഖയുള്ളതുകൊണ്ട്‌ സാമാന്യമായി കണക്കാക്കി ഏപ്രില്‍ 23 ആണ്‌ ജന്മ ദിനമെന്നു കരുതപ്പെടുന്നു. ജോണ്‍ ഷെയ്ക്സ്പിയറുടെയും മേരിയുടെയും മൂന്നാമത്തെ സന്താനവും മൂത്തപുത്രനുമായിരുന്നു വില്യം, നാലു സഹോദരിമാരും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നതില്‍ പലരും നേരത്തേതന്നെ മരിച്ചുപോയി. സാധാരണക്കാരനായിരുന്നു എങ്കിലും അമ്മവഴി കുലീന കുടുംബബന്ധമുണ്ടായിരുന്നതുകൊണ്ട്‌ ഷെയ്ക്സ്പിയറുടെ അച്ഛന്  ഒരു പദവിമുദ്ര  സമ്പാദിക്കാന്‍ പിൽക്കാലത്തു കഴിഞ്ഞു. ഒരു കൃഷിക്കാരനായിരുന്ന  റിച്ചഡ്‌ ഷെയ്ക്സ്പിയറുടെ മകന്‍ ജോണ്‍ കമ്പിളിക്കച്ചവടത്തില്‍ ഏര്‍പ്പെട്ട് 1552-ല്‍ സ്ട്രാറ്റ്ഫഡിലെ ഹെന്‍ലി തെരുവില്‍ താമസമാരംഭിച്ചു. അവിടെയാണ്‌ വില്യം ജനിച്ചതും ബാല്യം ചെലവഴിച്ചതും. 1557-ലാണ്‌ മേരി ആര്‍ഡനെ ജോണ്‍ വിവാഹം കഴിച്ചത്. 1601-ല്‍ ജോണും 1608-ല്‍ മേരിയും മരിച്ചു, 1582 നവമ്പറില്‍ റിച്ചഡ്‌ ഹാതവേയുടെ മകളായ ആനുമായുള്ള  വില്യമിന്റെ വിവാഹത്തിന്റെ അറിയിപ്പ്  വന്നു. അന്നു പതിനെട്ടു വയസായിരുന്ന വില്യമിനെക്കാൾ  ഏഴോ എട്ടോ വയസ്‌ കൂടുതലായിരുന്നു ആനിന്‌ എന്നു പറയപ്പെടുന്നു. 1623-ല്‍ 67-ാം വയസിലാണ്‌ ആന്‍ മരിച്ചത്‌ എന്നതിന്‌ രേഖയുണ്ട്. അവരുടെ പ്രഥമസന്താന൦ -സൂസന്ന--1583 മേയ്‌ 26 നു ജനിച്ചു. 1584 ഫ്രെബ്രുവരിയില്‍ ജനിച്ച ഇരട്ടക്കുട്ടികളിലെ ഹാംനെറ്റ്‌ (അഥവാ ഹാംലെറ്റ്‌) 1596 ആഗസ്റ്റില്‍ 11-ാം വയസില്‍ മരണമടഞ്ഞു. സൂസന്ന 1649-ലും ഇരട്ടകളിലെ ജൂഡിത്‌ 1662-ലും ദിവംഗതരായി. സൂസന്നയുടെ മകൾ  കുട്ടികളില്ലാതെ 1670-ല്‍ മരിച്ചതോടെ ഷെയ്ക്സ്പിയര്‍ കുടുംബ൦-നേര്‍താവഴി-- അന്യംനിന്നു.

    എന്നാണ്‌, എങ്ങനെയാണ്‌ വില്യം ഷെയ്ക്‌സ്ചിയര്‍ സ്ട്രാററ്ഫഡ്  വിട്ട്  ലണ്ടനില്‍ എത്തിപ്പെട്ടത്‌ എന്നതും കൃത്യമായി അറിഞ്ഞുകൂട. ഗ്രാമര്‍ സ്‌കൂളില്‍ നിന്നു കടന്നതും സര്‍ റ്റോമസ്‌ ലൂസിയുടെ തോപ്പില്‍ നിന്നു മാനിനെ പിടിക്കാന്‍ ശ്രമിച്ചതും മറ്റും ഐതിഹ്യങ്ങളായിട്ടുണ്ടെങ്കിലും 1580 കളില്‍ തന്നെ ഷെയ്ക്സ്പിയര്‍ ലണ്ടനിലെത്തി നാട്യശാലകളില്‍ സമ്പന്നരായ കാണികളുടെ കുതിര സൂക്ഷിപ്പുകാരനായി കഴിഞ്ഞു എന്നും കഥകളില്ലാതില്ല. ചെയ്മ്പര്‍ലെയിന്‍ നാട്യസംഘത്തിലെ ഒരംഗമായി ഷെയ്ക്സ്പിയര്‍ അറിയപ്പെടുന്നത്‌ 1595 മുതൽക്കാണ്‌. പ്രശസ്ത നടന്മാരായിരുന്ന വില്യംകംപിന്റെയും റിച്ചഡ്‌ ബേര്‍ബെയ്ജിന്റെയും മററും കൂട്ടത്തില്‍ എലിസബെത്‌ രാജ്ഞിയുടെ മുമ്പില്‍ നാടകം അവതരിപ്പിച്ചപ്പോൾ ഷെയ്ക്സ്പിയറൂം ഉണ്ടായിരുന്നു. 1599-ല്‍ തന്നെ ഗ്ലോബ്‌ നാട്യശാലയുടെ പത്തില്‍ ഒന്ന് ഓഹരി ഷെയ്കിസ്പിയര്‍ക്ക്‌ ഉണ്ടായിരുന്നു. 1603-ല്‍ നടന്മാരെല്ലാം രാജാവിന്റെ ആൾക്കാര്‍ (Kings Men) എന്ന സംഘത്തില്‍ ചേര്‍ന്നു. എല്ലാത്തരം നാടകങ്ങളും അരങ്ങേറുന്ന ഒരു സംഘമായി അതു പ്രവര്‍ത്തിച്ചു. ബ്ലാക്‌  ഫ്രയഴ്സ് എന്ന സ്വകാര്യനാട്യശാല ഏറ്റെടുത്ത്‌ വളരെ പ്രശസ്തമായി തുടര്‍ന്നു. ഷെയ്ക്സ്പിയറുടെ അവസാന കൃതിയായ ഹെന്റി എട്ടാമന്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ 1613-ല്‍ ഗ്ലോബ്‌ നാട്യശാലയ്ക്കു തീപിടിച്ചു. അപ്പോഴേക്ക് ഷെയ്ക്സ്പിയര്‍ സ്ട്രാറ്റ്ഫഡിലേക്കു പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. 1616 ഏപ്രില്‍ 23-ന്‌ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ  മരണപത്രവും കയ്യൊപ്പും ശവമാടത്തിലെ ചരമക്കുറിപ്പും അനേകം ചെറിയ ഔദ്യോഗിക രേഖകളും ജീവചരിത്രപരമായി പ്രധാനപ്പെട്ട വസ്തുതകളാണ്‌.


    1592-ലാണ്‌ ഒരു നാടകകൃത്തെന്ന നിലയില്‍ പരോക്ഷമായി ഷെയ്ക്സ്പിയര്‍ അറിയപ്പെട്ടുതുടങ്ങിയത്‌. റോബര്‍റ്റ്‌ ഗ്രീന്‍ എഴുതിയ ഒരു കൃതിയില്‍ “മറ്റുള്ളവരുടെ തൂവലുകൾകൊണ്ടലംകൃതനായ” ഒരു നാടകകൃത്തിനെപ്പറ്റി ഭര്‍ത്സനപരാമര്‍ശമുണ്ട്‌. “രാജ്യത്തെ ഒരേയൊരു ഷെയ്ക്‌-സീന്‍” (രംഗചാലകന്‍) താനാണെന്നു ഭാവിക്കുന്ന, “നടന്‍റ തുകലും കടുവയുടെ കരളുമുള്ള, ഒരാൾ" എന്നൊക്കെ ഗ്രീന്‍ ഷെയ്ക്സ്പിയറെ  അവഹേളിക്കുന്നുണ്ട് -- മുന്‍കാല നാടകങ്ങളെ തിരുത്തിയെഴുതിയാണല്ലോ ഷെയ്ക്സ്പിയര്‍ നാടകരചന ആരംഭിച്ചത്‌. ഈ അവഹേളനമാകാം ഒരുപക്ഷേ ഷെയ്ക്സ്പിയര്‍ക്കു കിട്ടിയ ആദ്യത്തെ അംഗീകാരം. ഒരു പുതിയ എഴുത്തുകാരന്‍ അറിയപ്പെട്ടുതുടങ്ങുമ്പോൾ  പഴയ ആസ്ഥാനവിദ്വാൻമാര്‍ക്ക്‌ അങ്കലാപ്പുവരു൦-അതിന്‌ ആ എഴുത്തുകാരന്‍ നേരിട്ട്‌ ഉത്തരവാദിയാകണമെന്നില്ല. പിന്നീട്‌ ആരാധന കലര്‍ന്ന പരാമര്‍ശങ്ങൾ  ധാരാളം ഉണ്ടായി. 1598-ലെ Palladis Tamia എന്ന ഗ്രന്ഥത്തില്‍ ഫ്രാന്‍സിസ്‌ മിയഴ്‌സ്‌ കയ്യയച്ച്‌ പ്രശംസ കോരിചൊരിയുന്നുണ്ട്. "മധുവാണി” മുതലായ വിശേഷണങ്ങൾ  ഉപയോഗിച്ച്‌. ശുഭാന്തത്തിനും ദുരന്തത്തിനും ഷെയ്ക്‌സ്പിയര്‍ക്കുള്ള കഴിവ്‌ എടുത്തുപറയുന്നുണ്ട്. “വാഗ്ദേവതമാര്‍ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നെങ്കില്‍” ഷെയ്ക്സ്പിയരുടെ “ചിന്തേരിട്ടു മിനുക്കിയ പദാവലി” ഉപയോഗിച്ചേനെ എന്നു വരെ.


    1598-ല്‍ അദ്ദേഹത്തിനു വയസ്  34 മാത്രം, പിന്നീടുള്ള 10-15 കൊല്ലം അദ്ദേഹം ഈ നിലവാരം നിലനിര്‍ത്തിപ്പോന്നു. കവിയെന്ന നിലയിലുള്ള ആദ്യപരാമര്‍ശം 1593-ല്‍ “വീനസും അഡോണിസി"ലും നാടകകൃത്തെന്ന നിലയിലുള്ള പ്രത്യക്ഷ പരാമര്‍ശം 1598-ലെ “റിച്ചഡ്  മൂന്നാമന്‍" എന്ന കൃതിയുടെ രണ്ടും മുന്നും പതിപ്പുകളിലും ആയിരുന്നു. പല നാടകങ്ങളും ഷെയ്ക്സ്പിയറുടെ ജീവിതകാലത്ത്‌ അദ്ദേഹത്തിന്റെ  മേല്‍നോട്ടത്തില്‍ പ്രസിദ്ധികരിക്കാതിരുന്നതുകൊണ്ട്‌ പല അബദ്ധപാഠങ്ങളും പ്രചരിക്കാനിടയായി. ചിലതൊന്നും പ്രസിദ്ധീകരിക്കുകയേ ഉണ്ടായില്ല. ഷെയ്ക്സ്പിയറുടെ നാട്യസംഘത്തിലുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ -- ലോണ്‍ ഹെമിങ്‌, ഹെന്‍റി കോണ്‍ഡെല്‍--- 1623-ല്‍ ഷെയ്ക്൯പിയര്‍ കൃതികൾ  ഒറ്റവാല്യത്തില്‍-ആദ്യത്തെ ഫോളിയോപതിപ്പായി- പ്രസിദ്ധപ്പെടുത്തി.


    “ആവര്‍ത്തിച്ചു വായിച്ചിട്ടും ഒരാൾക്ക് ഷെയ്ക്സ്പിയറെ ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അയാൾക്ക്‌ എന്തോ സാരമായ തകരാറുണ്ടായിരിക്കും" എന്ന്‌ അവര്‍ വായനക്കാരോടുള്ള മുഖക്കുറിപ്പില്‍ പറയുന്നുണ്ട്‌. ഷെയ്ക്സ്പിയരുടെ മരണാനന്തരം പ്രസിദ്ധീകരിച്ചിട്ടുള്ള പ്രശംസാഗീതികളില്‍ ബെന്‍ ജോണ്‍സണ്‍ അദ്ദേഹത്തിന്‌ അത്യുന്നത സ്ഥാനംതന്നെ നല്‍കിയിരുന്നു. “കാലഘട്ടത്തി൯െറ ആത്മാവ്‌, നമ്മുടെ നാടകവേദിയുടെ അംഗീകാരം, ആനന്ദം, അദ്ഭുതം! എന്റെ ഷെയ്ക്സ്പിയര്‍." ജോണ്‍ മില്‍ട്ടണ്‍ തുടങ്ങിയ അനന്തരഗാമികൾ ഷെയ്ക്സ്പിയറുടെ മഹത്ത്വം അംഗീകരിച്ചിട്ടുണ്ട്. എങ്കിലും ഓരോ തലമുറയിലും അദ്ദേഹത്തിന്റെ  കൃതികൾ വീണ്ടും വീണ്ടും വിലയിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ വിശ്വോത്തരസാഹിത്യപ്രതിഭകളില്‍ ഒന്നായി ലോകം അംഗീകരിച്ചുകഴിഞ്ഞ ഷെയ്ക്‌സ്പിയറുടെ ഏറ്റവും വലിയ മഹത്ത് ലക്ഷണം അദ്ദേഹത്തിന്റെ സാര്‍വജനീനതയാണെന്നു പറയാം.


    എല്ലാ ശ്രേണിയിലും പ്രായത്തിലും മാനസികാവസ്ഥയിലും ശരീരസ്ഥിതിയിലും ഉള്ള പാത്രങ്ങൾ -അവരുടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങൾ -അവയുടെ സജീവചിത്രീകരണം-പോരായ്മകളൊന്നുമില്ലെന്ന അവകാശവാദംകൂടാതെ മനസിലാക്കാവുന്ന കാര്യങ്ങളാണിവ.


    കൃതികൾ 

    മുപ്പത്തേഴു നാടകങ്ങളും ഏതാനും കവിതകളുമാണ്‌ ഷെയ്ക്സ്പിയര്‍ കൃതികളായി പൊതുവേ അംഗീകാരം നേടിയിടുള്ളത്‌. ഇവയില്‍ ചില കൃതികൾ  അദ്ദേഹം രചിച്ചതല്ല എന്ന വാദമില്ലാതെയില്ല. വേറെ ചില കൃതികളുടെയും കര്‍ത്തൃത്വം ചില പണ്ഡിതന്മാര്‍ ഷെയ്ക്സ്പിയര്‍ക്കു നല്‍കിയിട്ടുണ്ട്‌. നാടകങ്ങളില്‍ 13 ശുഭാന്തങ്ങളും 10 ദുരന്തങ്ങളും കൂടാതെ 10 ചരിത്രകൃതികളും 4 ദുരന്തശുഭാന്തങ്ങളും ഉണ്ട്‌. ഈ വിഭജനം വിഷയാധിഷ്ഠിതമോ ഭാവാധിഷ്ഠിതമോ ആണ്‌. ദുരന്ത ശുഭാന്തങ്ങളെ അദ്‌ഭൂതാത്മകങ്ങളെന്നും വിശേഷിപ്പിക്കാറുണ്ട്‌. കവിതകളില്‍ “വിനസും അഡോണിസും', “ലുക്രിസിന്റെ  ബലാത്സംഗം" എന്നീ ആഖ്യാനകാവ്യങ്ങളും 154 ഗീതകങ്ങളും മറ്റുചില ഭാവഗീതങ്ങളും ഉൾപ്പെടുന്നു.


    രചനാകാലത്തെ സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായം ഇല്ലാത്തതുകൊണ്ട്‌ രൂപഭാവാധിഷ്ഠിത വിഭജനം സ്വീകാര്യമാണെന്നുപറയാം. നാടകകൃത്തെന്ന നിലയില്‍ ഷെയ്ക്‌സ്പിയര്‍ക്കുണ്ടായ വികാസ ക്രമത്തെ ആസ്പദമാക്കിയും കൃതികൾ  വിഭജിക്കപ്പെട്ടിട്ടുണ്ട്‌.


    1. ആദ്യകാലകൃതികളുടെ ഘട്ടം -"പണിപ്പുരയില്‍"- 1584 മുതല്‍ 1594 വരെ ഇതില്‍ പത്തുനാടകങ്ങൾ  ഉൾപ്പെടുത്താം.


    1. വെറോണയിലെ രണ്ടു മാന്യന്മാര്‍

    2. വഴക്കാളിയെ മെരുക്കൽ

    3. തെറ്റുകളുടെ ശുഭാന്തം

    4-5-6. ഹെന്‍റി ആറാമന്‍ ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ 

    7. റിച്ചഡ്‌ മൂന്നാമന്‍

    8. ജോണ്‍ രാജാവ്‌

    9. റ്റൈറ്റസ്‌ ആന്‍ഡ്രോനിക്കസ്‌

    10. പ്രേമ പ്രയത്നം വൃഥാ


    2. ഇടക്കാല കൃതികളുടെ ഘട്ടം - "ലോക വേദിയില്" 1594 മുതൽ 1599 വരെ. ഇതിലും 10 നാടകങ്ങൾ ഉൾപ്പെടുന്നു.


    1. ഒരു മധ്യവേനല്‍ രാക്കിനാവ്‌

    2. വെനീസിലെ വ്യാപാരി

    3. വിന്‍സറിലെ രസികത്തികൾ 

    4. ഇല്ലാത്ത കാര്യത്തിനു വല്ലാത്ത പുകില്‌

    5. നിങ്ങളുടെ ഇഷ്ടംപോലെ

    6. റിച്ചാഡ് രണ്ടാമൻ 

    7-8. ഹെന്‍റി നാലാമന്‍ ഒന്നും രണ്ടും ഭാഗങ്ങൾ 

    9. ഹെന്‍റി അഞ്ചാമന്‍

    10. റോമിയോയും ജൂലിയറ്റും


    3. പില്ക്കാല കൃതികളുടെ ഘട്ടം - "ആഴങ്ങളിൽ  നിന്ന്" 1599 മുതൽ 1608 വരെ. ഇതിൽ 12 നാടകങ്ങൾ ഉൾപ്പെടുന്നു.


    1. പന്ത്രണ്ടാംരാവ്‌

    2. ട്രോയ് ലെസും ക്രെസിഡയും

    3. പകരത്തിനു പകരം

    4. ശുഭാന്ത്യങ്ങളെല്ലാം ശുഭം

    5. ജൂലിയസ്  സീസര്‍

    6. ഹാംലെറ്റ്‌

    7. ഒഥല്ലോ

    8. ആതന്‍സിലെ റ്റൈമണ്‍

    9. ലിയര്‍ രാജാവ്‌

    10. മക്ബെത്‌.

    11. ആന്‍റണിയും ക്ലിയോപാട്രയും

    12. കോറിയലെയ്നസ്‌


    4. അവസാനകൃതികളുടെ ഘട്ടം - "ഉന്നതങ്ങളില്‍"- 1608 മുതല്‍ 1613 വരെ. ഇതില്‍ 5 നാടകങ്ങൾ  ഉൾപ്പെടുന്നു


    1. പെരിക്ലീസ്‌

    2. സിംബിലീന്‍

    3. ശൈത്യകാലകഥ

    4. കൊടുങ്കാറ്റ് 

    5. ഹെന്‍റി എട്ടാമന്‍


    കവിതകൾ  മിക്കതും ആദ്യ കാല രചനകളായി പരിഗണിക്കപ്പെടുന്നു. ഈ നാല്  ഘട്ടങ്ങളിലൂടെ നാടകകൃത്തിന്റെ ശില്പ ജ്ഞാനപരമായും പാത്രചിത്രീകരണപരമായും ഭാഷാപരമായും  ജീവിതവീക്ഷണപരമായും മറ്റുമുള്ള വളർച്ച മനസ്സിലാക്കാൻ  എളുപ്പമാണ്.

    വര്‍ഷന്തോറും ദൃഢമായിവരുന്ന നാട്യാവബോധവും  മനുഷ്യഹൃദയ ജ്ഞാനവും ജീവിത ദർശനവുമാണ്‌ ഈ വളര്‍ച്ചയ്ക്കു കാരണമായി പറയാവുന്നത്‌. ഷെയ്ക്സ്പിയറുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തിയും നിരൂപകര്‍ ഈ വളര്‍ച്ചയുടെ ഘട്ടങ്ങളെ വ്യാഖ്യാനിക്കാറുണ്ട്. ഉദാഹരണത്തിന്‌, മൂന്നാംഘട്ടത്തില്‍ ദുരന്തനാടകങ്ങൾ  ഒന്നിനു പിറകെ ഒന്നായി എഴുതുന്നതും അതിനുതൊട്ടുതന്നെ പ്രശ്നനാടകങ്ങളില്‍ ധാര്‍മികസന്നിഗ്ദ്ധത ചിത്രീകരിക്കുന്നതും മറ്റും വ്യക്തിയെന്ന നിലയില്‍ അനുഭവിച്ച മാനസിക വ്യഥകളുടെ സമ്മര്‍ദംകൊണ്ടാണെന്നു ചിലര്‍ വാദിച്ചിട്ടുണ്ട്‌. അതുപോലെ അവസാനകൃതികളില്‍ സ്വപ്നതുല്യമായ മായിക പ്രപഞ്ചരംഗങ്ങളില്‍ വച്ച്  മനുഷ്യബന്ധങ്ങൾക്ക്  മാസ്മരിക ഭംഗി പകര്‍ന്ന്‌, വിദ്വേഷത്തെക്കാൾ കാമ്യം  സ്നേഹവും മാപ്പുകൊടുക്കലും ആണെന്നും ഉള്ള ചിന്തകൾ  നാടകക്യത്തിനെ ഋഷിതുല്യനാക്കുന്നുവെന്ന്‌ പൊതുവെ  കരുതപ്പെടുന്നു. പ്രതികാരമല്ല, പ്രത്യുപകാരമാണ്‌ മനുഷ്യോചിതം എന്ന സൂചന ആവര്‍ത്തിച്ചുവരുന്നുമുണ്ട് ഈ അവസാനകൃതികളില്‍.


    ദുരന്ത സാധ്യതകളെത്തന്നെ ശുഭാന്തങ്ങളാക്കിത്തീര്‍ക്കുന്നതും ഈ ചിന്താഗതിയുടെ പ്രതിഫലനമായി വ്യാഖ്യാനിക്കാറുമുണ്ട്. തന്റെ കഥാപാത്രങ്ങളിൽനിന്നും അവരുടെ വികാരവിചാരങ്ങളിൽനിന്നും അകന്നുവർത്തിക്കുന്ന ഒരാളാണ് ഷേക്സ്പിയർ എന്നും നാടകകൃത്ത് എതെങ്കിലും കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കരുതെന്നും ഒരു കഥാപാത്രത്തിന്റേയും വാക്കുകൾ നാടകകൃത്തിന്റേതായി വ്യാഖ്യാനിക്കരുതെന്നും വാദിക്കുന്നവര്‍ ഉണ്ട്.

    ശിഷ്ടരും ദുഷ്ടരും ആയ പാത്രങ്ങളെ ഒരേ തന്മയത്വത്തോടെ  അവതരിപ്പിക്കാന്‍ ഷെയ്ക്‌സ്പിയര്‍ക്കു കഴിഞ്ഞത്‌ “നിഷേധാത്മകസിദ്ധി” (negative capability) കൊണ്ടാണന്ന്‌ ജോൺ കീറ്റ്സ്‌ വ്യഞ്ജിപ്പിക്കുന്നു. എല്ലാ സ്വഭാവത്തിലുമുള്ള പാത്രങ്ങളുമായി പകര്‍ന്നാടാൻ ഷെയ്ക്സ്പിയർക്കു സാധിച്ചിട്ടുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട്‌ ഏതെങ്കിലും ഒരു കഥാപാത്രം മാത്രമാണ് അദ്ദേഹത്തിന്റെ വ്യക്തയാവെന്ന്  കരുതാൻ വിഷമമാണ്. വൈവിധ്യം ഷെയ്ക്സ്പിയറുടെ മുഖമുദ്രയാണെന്ന് പറയുന്നത് അതുകൊണ്ടാവാം. 


    കവിയും നാടകകൃത്തും

    ഷെയ്ക്സ്പിയരുടെ കവിതകളിലും നാടകങ്ങളിലും കാവ്യഭാവനയുടെ ഉജ്വല വിളയാട്ടം കാണാം. ധ്വനിസാന്ദ്രമായ കല്പനകളിലും വാങ്മയചിത്രങ്ങളിലും കവിയുടെ സാന്നിധ്യം ശക്തമാണ്. അരിസ്റ്റോട്ടിലിന്റെയും മറ്റും ക്ലാസിക്കല്‍ നാടക സമ്പ്രദായത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ സങ്കേതങ്ങളാണ്‌ എലിസബെത്തിന്റെ കാലത്തെ നാടകകൃത്തുക്കൾ പ്രത്യേകിച്ചും ഷെയിക്സ്പിയര്‍, അവലംബിച്ചിരുന്നത്‌.

    സ്ഥലൈക്യം, കാലൈക്യം, ഇതിവൃത്തൈക്യം എന്നീ ഐക്യത്രയങ്ങൾ  ഈ നാടകങ്ങളില്‍ ലംഘിച്ചിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌. കലയെക്കാൾ  പ്രകൃതിയാണിവടെ നിയാമകശക്തി. താത്ത്വിക നിലപാടിനെക്കാൾ  ജീവിതസത്യമാണിവിടെ വഴികാട്ടി--സിദ്ധാന്തത്തേക്കാൾ  പ്രയോഗവും. അതുകൊണ്ട്‌ വിദൂരസ്ഥലങ്ങൾ  ഒരേ നാടകത്തില്‍ അടുത്തടുത്തുള്ള രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സുദീര്‍ഘമായ കാലയളവില്‍ നടക്കുന്ന സംഭവങ്ങൾ  ഒരേ രംഗത്ത്‌ അവതരിപ്പിക്കപ്പെടുന്നു. മുഖ്യമായ ഇതിവൃത്തത്തെക്കൂടാതെ, ഉപകഥകൾ --ഒന്നോ ഒന്നില്‍ കൂടുതലോ ---നാടകത്തില്‍ സന്നിവേശിപ്പിക്കപ്പെടുന്നു. ശുഭാന്തങ്ങളും ദുരന്തങ്ങളും ഒരേകൃതിയില്‍ ചേര്‍ന്നു പ്രത്യക്ഷപ്പെടുന്നു. ചിരിയും കരച്ചിലും ഒരേ കൃതിയിൽ  അടുത്തടുത്തുള്ള രംഗങ്ങളിൽ ഇടകലരുന്നു. വിഭിന്ന രസങ്ങളുടെ ഉചിതമായ ചേരുവ - രസമിശ്രണം - കൃതികളുടെ ഹൃദ്യത വർദ്ധിപ്പിക്കുന്നു. ധാരാളം കഥാപാത്രങ്ങളും രംഗങ്ങളും സംഭവങ്ങളും ഉള്ളതുകൊണ്ട്  നാടകത്തിന്റെ  ഉൾവിസ്തൃതി ശ്രദ്ധേയമാണ്‌. ഹാസ്യ ശൃംഗാരത്തിനും കരുണത്തിനും വീരത്തിനും പരഭാഗശോഭ നൽകുന്നു; ഏകതാനത ഒഴിവാക്കുന്നു. ശുദ്ധ കാല്പനികമായ ഭാവനയുടെ ഒപ്പം തനിയഥാതഥ വസ്തുതകൾ  രംഗത്തു പ്രത്യക്ഷമാകുന്നു. ഭദ്രമായ ആഢ്യ കല്പനകളുടെ  ഇടയില്‍ അതിഭാവുകത്വം കലര്‍ന്ന സംഭാഷണങ്ങൾ  കടന്നുവരുന്നു. ശീലാശ്ലീലവിവേചനംപോലും നാടകകൃത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വമായി എഴുന്നള്ളിക്കപ്പെടുന്നില്ല. പല കൃതികളിലും അതിമനോഹരമായ പ്രകൃതിവർണനകൾക്കൊപ്പം മനുഷ്യ സ്വഭാവത്തിന്റെ വിചിത്ര ഭാവങ്ങളും അവയ്ക്കു പറ്റിയ ഭാഷയിൽ വിവരിക്കപ്പെടുന്നു. ദുരന്ത നായകന്മാരുടെ ആത്മാലാപങ്ങൾ  ചിന്തയെയും വികാരത്തെയും ഇണക്കുന്നു. നാടും നഗരവും കാടും കടലും കൊട്ടാരവും ഇടയക്കുടിലും രാവും പകലും തെരുവും വീടും സ്നേഹവും വൈരാഗ്യവും - ഈ മാതിരി വൈരുധ്യങ്ങളുടെ സഹവര്‍ത്തിത്വംകൊണ്ട്‌ ധന്യമാണ്‌ ഷെയ്ക്സ്പിയർ കൃതികൾ.


    എലിസബത്തൻ നാടകവേദി

    ബ്രിട്ടീഷ്‌ നാടകവേദിയുടെയും നാടകസാഹിത്യത്തിന്റെയും പുഷ്കലമായ യുഗമായിരുന്നു ഷെയ്ക്സ്പിയറുടെ ജീവിതകാലം. അദ്ദേഹത്തിനു 12 വയസുള്ളപ്പോഴാണ്‌ ആദ്യമായി ഒരു സ്ഥിരം നാട്യശാല പണിചെയ്യപ്പെട്ടത്. അതിനെ തുടര്‍ന്ന്  അനേകം നാട്യശാലകൾ  ലണ്ടനു ചുറ്റും ഉയര്‍ന്നുവന്നു. തിയറ്റര്‍, കര്‍ട്ടന്‍, റോസ്‌, ഗ്ലോബ് തുടങ്ങിയ നാട്യ ഗൃഹങ്ങൾ   നാടകത്തിന്റെ വളര്‍ച്ചയ്ക്ക്‌ സഹായകമായി. (ഷെയ്ക്സ്പിയറുടെ പ്രധാന പ്രവര്‍ത്തനരംഗമായിരുന്ന ഗ്ലോബ്‌ തിയറ്റര്‍ ഈയിടെ പുതിയതായി പണിതുയര്‍ത്തിയിട്ടുണ്ട്‌.) സത്രങ്ങളുടെ മുറ്റങ്ങളിലും ജന്മിഗൃഹങ്ങളിലും കൊട്ടാരങ്ങളിലും മറ്റും നാടകം അരങ്ങേറാറുണ്ടായിരുന്നു. 


    രണ്ടുമൂന്നു നിലയുള്ള അരങ്ങാണ്  നാട്യശാലയില്‍ ഉണ്ടായിരുന്നത്‌. രംഗ ദൃശ്യങ്ങളൊന്നുമില്ല. ഗാനവും നൃത്തവും വാദ്യവും ധാരാളമായി ഉപയോഗിച്ചിരുന്നു. വേദിക്കു താഴെയുള്ള നിലവറയും മേലേയുള്ള ബാല്‍ക്കണിയും പിന്നിലുള്ള അകത്തളവും എല്ലാം പലനാടകങ്ങളുടെയും അവതരണത്തിനു സഹായകരമായിരുന്നു. ഹാംലെറ്റിലെ പ്രേതാത്മാവിനു മറയാന്‍ നിലവറയും റോമിയോയും ജൂലിയറ്റും എന്ന കൃതിയിലെ കാമിനികാമുക സംഗമത്തിനു ബാല്‍ക്കണിയും ഹാംലെറ്റിലെ അമ്മയും മകനും തമ്മിലുള്ള രംഗത്തിന്  അകത്തളവും യുദ്ധരംഗങ്ങൾക്കും

    രാജസഭായോഗങ്ങൾക്കും തെരുവുരംഗങ്ങൾക്കും മറ്റും മുന്നിലെ പ്രധാനവേദിയും ഉപകരിച്ചു.


    ഉച്ചതിരിഞ്ഞ്‌ രണ്ടുമൂന്നു മണിക്കൂര്‍ കൊണ്ടു കളിക്കുന്ന നാടകങ്ങൾ  കാണാന്‍ സാധാരണക്കാര്‍ തടിച്ചുകൂടിയിരുന്നു. കോമാളിയുടെ വിക്രിയകൾ  അവരെ നന്നേ രസിപ്പിച്ചു. അരങ്ങിനു സമീപം ഇരുന്നിരുന്നവര്‍ക്ക്‌ ആത്മഗതങ്ങളും അപവാര്യകളും (മറ്റ് കഥാപാത്രങ്ങൾ കേൾക്കാത്ത ഭാഷണം) വ്യക്തമായി കേൾക്കാമായിരുന്നു. പല പ്രധാന പ്രസംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്ക്‌ ഉദ്വേഗവും ആനന്ദവും നല്‍കിപ്പോന്നു. അവര്‍ ശബ്ദമുയര്‍ത്തിത്തന്നെ പ്രതികരിക്കയും ചെയ്തിരുന്നു. അനേകം പ്രസിദ്ധരായ നടന്മാര്‍ അക്കാലത്ത്‌ ഷെയ്ക്‌സ്പിയറുടെയും സഹനാടകകൃത്തുക്കളുടെയും മുഖ്യവേഷങ്ങൾ  ഭംഗിയായി അവതരിപ്പിച്ചിരുന്നു. രചനാപാടവമുള്ള നാടകകാരന്മാര്‍, അഭിനയപടുക്കളായ നടന്മാര്‍ (സ്ത്രീവേഷവും  ബാലനടന്മാരാണ് കെട്ടിയിരുന്നത്). ആസ്വാദനോത്സുകരായ ഒരു പ്രേക്ഷക സമൂഹം - ഇത്രയുമാണ് ബ്രിട്ടീഷ്‌ നാടകചരിത്രത്തിലെ സുവര്‍ണയുഗത്തെ ഒരു തലമുറക്കാലം താങ്ങിനിര്‍ത്തിയത്‌.


    പഠന നിരൂപണങ്ങൾ 


    ക്ലാസു മുറിയിലും രംഗവേദിയിലും ഒരുപോലെ വിജയം കൊണ്ടാടുന്നവയാണ്‌ ഷെയ്ക്സ്പിയര്‍ കൃതികൾ. പക്ഷേ പ്രാഥമികമായും അവ പാഠപുസ്തകങ്ങളല്ല; രംഗത്തു ശോഭിക്കുന്ന നാട്യകൃതികളാണ്‌. ആംഗികാഹാര്യ സാത്വിക സാധ്യതകൾ  ഉൾക്കൊള്ളുന്ന വാചികമാണ് അവയിലെ ഉദാത്തമായ കാവ്യശം. ജീവിതാനുവങ്ങളില്‍നിനും ഉത്തമന്ഥങ്ങളിൽ നിന്നും സ്വന്തം ഭാവനയില്‍നിന്നും സ്വരുക്കൂട്ടിയവയാണ്‌ അവയുടെ ആശയമണ്ഡലം. അതി ഗഹനമായ ആധ്യാത്മിക തത്ത്വങ്ങളും അതിനിഗൂഢമായ മാനസികാവസ്ഥകളും ആവിഷ്കരിക്കുമ്പോഴും ബാഹ്യചേഷ്ടകളില്‍ ആകൃഷ്ടരാകുന്ന സാധാരണ ജനങ്ങൾക്കുപോലും ഒരളവുവരെ ആസ്വദിക്കാന്‍ പോന്ന വിഭവങ്ങൾ --വിഭവസാകല്യം-ഒരുക്കുന്നതിൽ ഷെയ്ക്സ്പിയര്‍ സമര്‍ഥനായിരുന്നു.

    എലിസബത്തന്‍ നാടകവേദിയില്‍ നാടകം കണാന്‍ തടിച്ചുകൂടിയ അനഭ്യസ്തവിദ്യരായ കാണികളുടെ അംഗീകാരം അവയ്ക്ക്‌ നേടാന്‍ കഴിഞ്ഞിരുന്നു, ഉന്നതരായ അനേകം നടീനടന്മാര്‍ ഈ നാടകങ്ങളുടെ അന്തസ്സത്ത കണ്ടെടുത്ത്‌ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. നാടകകൃത്തിന്റെ  സമകാലികര്‍ മുതല്‍ തുടര്‍ച്ചയായി ഓരോ കാലത്തെയും പ്രശസ്ത നടീനടന്മാരുടെ കഴിവുകൾ  പരിശോധിക്കാന്‍ പറ്റിയപാകത്തില്‍ ഈ കൃതികൾ അരങ്ങേറിയിട്ടുമുണ്ട്‌. ഡേവി, ഗാരിക്‌, ശ്രീമതി സിഡണ്‍സ്‌, എഡ് മണ്ട് കീന്‍, ജോണ്‍ ഗീല്‍ഗുഡ്‌, ലോറന്‍സ്‌ ഒലിവിയര്‍, പോൾ റോബ്സന്‍, പെഗി ആഷ് ക്രോഫ്റ്റ്  തുടങ്ങിയ നൂറുകണക്കിന്‌ ഒന്നാംതരം നാടക പ്രവര്‍ത്തകരുടെ അസുലഭ സിദ്ധികൾ  അദ്ദേഹത്തിന്റെ  വരികളിലെ ചൈതന്യം ആവാഹിച്ചിട്ടുണ്ട്‌. ലോകത്തെമ്പാടുമുള്ള നാടകവേദികളില്‍ അതതു സ്ഥലത്തെ ഭാഷകളില്‍ ഈ കഥാപാത്രങ്ങൾ  അവരുടെ ഉള്ളുതുറന്നു കാണിച്ചിട്ടുണ്ട്‌. ഷെയ്ക്സ്പിയര്‍ കൃതികളുടെ അരങ്ങുചരിത്രം തന്നെ അദ്ഭുതകരമാണ്. വിവര്‍ത്തനങ്ങളായും ആശയാനുവാദങ്ങളായും രൂപാന്തരങ്ങളായും ഈ കൃതികൾ വിശ്വഭാഷകളില്‍ പ്രചരിച്ചിട്ടുണ്ട്‌, അരങ്ങേറിയിട്ടുമുണ്ട്.


    സാഹിത്യ നിരൂപകന്മാര്‍ക്കു നിത്യപ്രചോദനമാണ് ഷേയ്ക്സ്പിയര്‍. ഇംഗ്ലീഷിലെയും മറ്റ്  വിശ്വഭാഷകളിലെയും നിരൂപണ പ്രസ്ഥാനങ്ങൾക്ക്‌ അദ്ദേഹത്തിന്റെ  കൃതികൾ  ആധാരമായിട്ടുണ്ട്‌. ഡ്രൈഡന്‍, ഡോക്ടര്‍ ജോണ്‍സണ്‍, കീറ്റ്സ്‌, കോളറിഡ്ജ്‌, കാര്‍ലൈൻ, മാത്യു ആര്‍നോൾഡ്, റ്റി.എസ്‌. എലിയറ്റ്‌ എന്നിങ്ങനെ അനേകം നിരൂപകന്മാര്‍ സ്വന്തം കഴിവുകളുടെ മാറ്റുരച്ചുനോക്കുന്നത്‌ പലപ്പോഴും ഷെയ്ക്സ്പിയര്‍ കൃതികളിലാണ്‌. ഗ്വെറ്റെ, പാസ്റ്റർ നാക് തുടങ്ങിയ മഹാപ്രതിഭകളെ കോരിത്തരിപ്പിച്ച ഷെയ്ക്സ്പിയര്‍ക്ക്‌ ടോൾസ്റ്റോയ് , വോൾട്ടയര്‍ തുടങ്ങിയവരുടെ പ്രതികൂല വിമര്‍ശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്‌. ആധുനികകാലത്ത്‌ ഒട്ടനേകം പുതിയ വ്യാഖ്യാനങ്ങള്‍ പ്രചോദിപ്പിക്കാന്‍ ഈ കൃതികൾക്ക്‌ സാധിക്കുകയുണ്ടായി. സാമ്രാജ്യാനന്തര സിദ്ധാന്തങ്ങൾ, പാഠാന്തര പഠനങ്ങൾ, മനഃശാസ്ത്ര തത്വ വിശദീകരണങ്ങൾ, മാര്‍ക്സിയന്‍ വീക്ഷണങ്ങള്‍, ചരിത്രവാദസിദ്ധാന്തങ്ങൾ, ഫ്രോയിഡ്-യൂങ്-ലക്കാന്‍ എന്നിവരുടെ  മനോവിശ്ലേഷണാധിഷ്ഠിത വിമർശനങ്ങൾ എന്നിങ്ങനെ പുതിയ പുതിയ വിശകലനങ്ങൾക്ക്‌ ഈ കൃതികൾ  വിളനിലങ്ങളായിട്ടുണ്ട്‌. ഓക്സ്ഫഡ്‌, കേംബ്രിഡ്ജ്, യെയ്ല്‍ തുടങ്ങിയ സര്‍വകലാശാലകളുടെ പ്രസിദ്ധീകരണങ്ങൾ, ആര്‍ഡന്‍, വെരിറ്റി, പെൻഗ്വിന്‍, വോറിക്‌, നോര്‍ട്ടണ്‍ തുടങ്ങി അനേകം പുസ്തകശാലകളുടെ പാഠപുസ്തകങ്ങൾ, അനവധി സംപൂര്‍ണ സമാഹാരങ്ങൾ  -.ഇവയെല്ലാം നാനൂറുകൊല്ലം മുന്‍പ്‌ അസാധാരണനായ ഒരു സാധാരണക്കാരന്‍ രചിച്ച കൃതികളുടെ നിത്യപ്രസക്തി വെളിവാക്കുന്നു.


    മലയാള വിവര്‍ത്തനം


    ഷെയ്ക്‌സ്പിയറുടെ പല കൃതികളും മലയാളത്തില്‍ വിവര്‍ത്തനങ്ങളായും ആശയാനുവാദങ്ങളായും രൂപാന്തരങ്ങളായും പ്രചരിച്ചിട്ടുണ്ട്. The commedy of errors എന്ന പ്രശസ്തമെന്നു പറയാവുന്ന ശുഭാന്ത നാടകത്തിന്റെ വിവര്‍ത്തനമായ “ആൾമാറാട്ടം" 1866-ല്‍ പ്രകാശിതമായി. കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസായിരുന്നു വിവര്‍ത്തകന്‍. വളരെ ശ്രദ്ധേയമായ ഒരു ശ്രമമായിരുന്നു ആ വിവര്‍ത്തനം. ഭാഷയിലും ശൈലിയിലും മറ്റും ഒട്ടേറെ മാറ്റങ്ങള്‍ ഈ കാലയളവില്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും വായിച്ചു രസിക്കാന്‍ കഴിയുന്ന ഒരു കൃതിയാണിതെന്നു പറയാം. പിന്നീട്‌ പ്രഗൽഭന്മാരായ പലരും ആധുനിക നാടകത്തിന്റെ  വളര്‍ച്ചയെ സഹായിക്കുമാറ്‌ അനേകം ഷെയ്ക്സ്പിയര്‍ കൃതികൾ മലയാളത്തിലാക്കി. എ. ഗോവിന്ദപ്പിള്ള, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മുതല്‍ എം. ആര്‍ നായര്‍, കുട്ടനാടു രാമകൃഷ്ണപിള്ള, കൈനിക്കര കുമാരപിള്ള, വി.എ. പി. തുടങ്ങിയവര്‍ വരെ അവരവര്‍ക്ക്‌ ഇഷ്ടപ്പെട്ട നാടകങ്ങൾക്ക് മലയാള രൂപം നല്കി. പലതും രംഗത്ത്‌ അവതരിപ്പിച്ചിട്ടുണ്ട്. ചിലത്‌ പുസ്തകരൂപതില്‍ പ്രചരിച്ചതേ ഉള്ളൂ. എല്ലാ വിവര്‍ത്തനങ്ങളും എടുത്തു പറയേണ്ട സന്ദർഭം ഇതല്ലല്ലോ.


    ഇപ്പോൾ  പ്രസിദ്ധികരിക്കുന്ന ഈ ഷെയ്ക്സ്പിയര്‍ സമ്പൂർണ്ണ കൃതികളിലെ വിവർത്തനങ്ങളെല്ലാം ഇതിനുവേണ്ടി പുതിയതായി തയ്യാറാക്കിയവയാണ്. വിശേഷവിധിയായി ഷെയ്ക്സ്പിയറുടെ കവിതകളുടെ വിവര്‍ത്തനങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്‌. നാടകകൃത്തുകളോ, സംവിധായകരോ, ഷേക്സ്പിയർ കൃതികൾ പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകരോ വിവാർത്തനത്തിൽ  ഗവേഷണം നടത്തിയിട്ടുള്ളവരോ വിവർത്തനത്തിൽ  പ്രത്യേക സിദ്ധി പ്രകടിപ്പിച്ചിട്ടുള്ളവരോ ആയ പതിന്നാലുപേരുടെ സംയുക്ത ശ്രമമാണ് ഈ സമ്പൂർണ്ണ വിവര്‍ത്തന സമാഹാരം.


    ശ്രീ. കാവാലം നാരായണപ്പണിക്കര്‍ (2) ശ്രീ പി.കെ. വേണുക്കുട്ടന്‍ നായര്‍ (5), ശ്രീ നാരായണക്കുറുപ്പ് (6), ഡോക്ടര്‍ കെ.പി. ശശിധരന്‍ (6) ഡോക്ടര്‍ സുധ ഗോപാലകൃഷ്ണൻ (4) ഡോക്ടര്‍ എന്‍. രാമചന്ദ്രന്‍ നായര്‍ (3), ഡോക്ടർ സി. പി. ശിവദാസൻ (1) ഡോക്ടർ കെ. നാരായനചന്ദ്രൻ (1) ശ്രീ വി. കെ ഉണ്ണികൃഷ്ണൻ (1) ഡോക്ടർ ഉഷ നമ്പൂതിരിപ്പാട് (2) ഡോക്ടർ ശ്രീദേവി കെ നായർ (2), ഡോക്ടർ ജയശ്രീ രാമകൃഷ്ണൻ (4), ഡോക്ടര്‍ കെ. സച്ചിദാനന്ദന്‍ (ഗീതകങ്ങൾ), ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍ (മറ്റ് കവിതകൾ).


    ഈ പൊതു മുഖവുര കൂടാതെ, ഓരോ നാടകത്തിനും ലഘുവായ ഒരാമുഖം വീതം എഴുതിച്ചേർത്തിട്ടുണ്ട്‌. ഷേക്സ്പിയറെ സംബന്ധിക്കുന്ന ചില ചിത്രങ്ങളും ചരിത്ര നാടകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന രാജകുടുംബ പട്ടികകളും കഴിയുന്നത്ര സമഗ്രമായ ഒരു കഥാപാത്രപ്പട്ടികയും ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. സാധാരണ വായനക്കാര്‍ക്കും വിദ്യാര്‍ത്ഥികൾക്കും ഉപയോഗപ്രദമാകണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി പാണ്ഡിത്യ പ്രകടനപരമായ അംശങ്ങൾ  ഒഴിവാക്കിയിട്ടുണ്ട്‌. സുഗമമായി വായിക്കാന്‍ സഹായിക്കുന്ന, ക്ലിഷ്ടത കുറഞ്ഞ,ഒരു ശൈലിയാണ്‌ പ്രായേണ എല്ലാ വിവര്‍ത്തകരും ഉപയോഗിച്ചിട്ടുള്ളത്. രംഗപ്രയോഗത്തിനു സഹായകരമാകുന്ന രീതിയില്‍ അര്‍ഥപ്രതീതി വിളംബം ഒഴിവാക്കാന്‍ എല്ലാവരും ശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നു, ഇംഗ്ലീഷില്‍ പ്രാസരഹിത ഛന്ദസ്  (Blank verse) ഉപയോഗിച്ചിടുളള ഭാഗങ്ങൾ അര്‍ഥവൈശദ്യത്തിനു തടസമുണ്ടാകാതെ ഗദ്യത്തില്‍തന്നെയാണു വിവര്‍ത്തനം ചെയ്തിട്ടുള്ളത്‌. മൂലകൃതിയിലെ ഗാനങ്ങൾ  ഗാനങ്ങളായി നിലനിര്‍ത്തിർത്തിയിട്ടുണ്ട്‌. അനുവാചകന് അഭിഗമ്യമാകുമാറ്‌ ആര്‍ജവം, രംഗവേദിയില്‍ ഉച്ചരിക്കാന്‍ വിഷമം ഉണ്ടാകാത്ത  രീതിയിലുള്ള ജീവല്‍ ഭാഷാശൈലി, സൂചിത കഥകളും ശ്ളേഷാര്‍ത്ഥങ്ങളും, എല്ലാം വ്യക്തമാക്കി വിസ്തരിച്ച്‌ സുഗമ പഠനത്തിനു തടസമുണ്ടാകാവുന്ന കാര്യങ്ങൾ ഒഴിവാക്കുന്ന ലാളിത്യം -  ഇവയൊക്കെ വിവര്‍ത്തന ലക്ഷ്യങ്ങളില്‍ പെടുന്നു.  ഇംഗ്ലീഷ്  നന്നായി അറിഞ്ഞുകൂടാത്ത സാധാരണ മലയാളിക്കു വായിക്കാന്‍ ഉതകുന്ന വിവര്‍ത്തനം - ഇതിലാണ്‌ വിവര്‍ത്തകർ  ഉന്നമിട്ടിരിക്കുന്നത്‌. ഇംഗ്ലീഷ്‌ അറിയാവുന്നവര്‍ തുടര്‍ന്നും മൂലകൃതികൾ  തന്നെ വായിക്കണമെന്നപേക്ഷ. മൂലാതിശായി ആകരുത്‌ വിവര്‍ത്തനം എന്നതില്‍ വിവര്‍ത്തകര്‍ നിര്‍ബന്ധം പുലര്‍ത്തിയിരുന്നു. ഈ കൃതികളുടെ സമകാലിക പ്രാധാന്യവും സാര്‍വകാലിക പ്രാധാന്യവും മറഞ്ഞുപോകരുത്‌ വിവര്‍ത്തനത്തില്‍ എന്നത്‌ ഈ ശ്രമത്തില്‍ പങ്കാളികളായവര്‍ക്കൊല്ലാം ഒരു പ്രമാണം തന്നെ ആയിരുന്നു. തെറ്റുകൾ കണ്ടേക്കും. വിവര്‍ത്തനത്തില്‍ കാവ്യാംശം കുറെയൊക്കെ നഷ്ടപ്പെട്ടിരിക്കാം. തെറ്റിദ്ധരിച്ചതുകൊണ്ടുളള പ്രമാദങ്ങൾ പോലും കണ്ടേക്കാം. ഒരു തെറ്റും ചെയ്യാതിരിക്കണമെങ്കില്‍ ഒന്നും ചെയ്യാതിരിക്കണമെന്നാണല്ലോ പറയാറ്. പാത്ര നാമങ്ങളുടെയും  സ്ഥലനാമങ്ങളുടെയും ഉച്ചാരണം മലയാള ലിപി വിന്യാസ ക്രമനുസറിച്ച്  ശരിയാക്കുമ്പോൾ  വിചാരിക്കുന്നപോലെ ശരിയാകാതെ വരുന്നു. പദ രചനയിലും വ്യാകരണത്തിലും ഷെയ്ക്സ്പിയര്‍ അവലംബിക്കുന്ന ഉച്ഛൃ൦ഖലത്വം (അനിയന്ത്രിതമായ സ്വാതന്ത്ര്യം) വിവര്‍ത്തകന്  അനുവദിച്ചുകൊടുക്കുകയില്ലല്ലോ ഇംഗ്ലിഷ് ഭാഷയുടെ പ്രത്യേകതകൾ. മലയാളവുമായുള്ള വ്യത്യാസങ്ങൾ ഷേക്സ്പിയറുടെ ഇംഗ്ലീഷിന് ഈ നാനൂറ് കൊല്ലംകൊണ്ട് വന്ന പഴക്കവും, മാറ്റവും യൂറോപ്യന്‍ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സാന്നിദ്ധ്യവും സ്വാധീനവും, നാടകകലാപരമായുളള വ്യത്യാസങ്ങൾ, സംജ്ഞാനാമങ്ങളോടു ബന്ധപ്പെട്ട വൃംഗ്യാര്‍ഥ വൈപുല്യം, ആസ്വാദന സമ്പ്രദായങ്ങളിലുള്ള വ്യത്യാസങ്ങൾ, അനേകം ഇംഗ്ലീഷ്‌ പദങ്ങൾക്കും പ്രയോഗങ്ങൾക്കും മലയാളത്തില്‍ തുല്യപദങ്ങളുടെ അഭാവം, ആചാരവിശ്വാസങ്ങളിലുള്ള വിഭിന്നത, ഇങ്ങനെ എത്രയോപ്രശ്നങ്ങൾ  ഈ വിവര്‍ത്തനശ്രമത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്‌. ഉദാഹരണങ്ങൾ  എടുത്തുപറഞ്ഞാല്‍ ഏറെനീണ്ടുപോകും. നാടക ശീര്‍ഷകങ്ങളുടെ കാര്യത്തിലും നിരൂപണസങ്കേതങ്ങളിലും അഭിപ്രായ ഭിന്നതകൾ ധാരാളമുണ്ടാകും. ഷെയ്ക്‌സ്പിയറുടെ സമകാലികരായി നിന്ന്‌ ഈ കൃതികൾ വായിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഷെയ്ക്‌സ്പിയറേത്തന്നെ നമ്മുടെ സമകാലികനായി കാണാന്‍ ശ്രമിക്കുകയും വേണ്ടിയിരിക്കുന്നു. ഉച്ചാരണഭേദങ്ങളുടെ പ്രശ്‌നം ഞാന്‍ പ്രശസ്ത പണ്ഡിതനും നാടക സംവിധായകനുമായ ജോണ്‍ റസല്‍ ബ്രൌണിന്റെ ശ്രദ്ധയില്‍പെടുത്തി: “ഈ പ്രശ്നത്തില്‍ നിങ്ങൾക്കുചിതമെന്നു തോന്നുന്നത്‌ സ്വീകരിക്കണം. ഇംഗ്ലണ്ടില്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ഏകാഭിപ്രായമില്ല” എന്ന്‌ അദ്ദേഹം അറിയിച്ചു. ഈ നീക്കുപോക്ക്‌-_സ്വച്ഛന്ദത--അഭികാമ്യമാണെന്നു തോന്നുന്നു എല്ലാത്തരം വിവര്‍ത്തനത്തിലും. ഷെയ്ക്സ്പിയറും  ഇംഗ്ലീഷിനെ ഒരു ജീവല്‍ ഭാഷയായിട്ടാണു കൈകാര്യം ചെയ്തിട്ടുള്ളത്‌. അദ്ദേഹം ഒരു വ്യാകരണ   ഭ്രാന്തനല്ലായിരുന്നല്ലോ. വ്യാകരണ സാധുതയില്ലാത്ത അദ്ദേഹത്തിന്റെ  ഉച്ഛൃ൦ഖല പ്രയോഗങ്ങൾ  പ്രസിദ്ധങ്ങളാണ്‌. അതുപോലെ തന്നെ നൂറ്റാണ്ടുകളായി വായനക്കാരുടെയും പ്രേക്ഷകരുടെയും മനസില്‍ പതിഞ്ഞ്‌ അര്‍ഥപ്പൊലിമ നേടിയ സംഭാഷണഭാഗങ്ങൾ വിവര്‍ത്തനത്തില്‍ മൂലത്തിന്‌ ഒപ്പം എത്താതെ വരുന്നത്‌ സ്വാഭാവികമാണ്‌. അതുകൊണ്ട്‌ ഈ സമാഹാരത്തിലെ വിവര്‍ത്തനമാതൃകകൾ  കുറ്റമറ്റതാണെന്ന്‌ ആര്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ സാധ്യമല്ല. പാഠഭേദങ്ങളും വ്യാഖ്യാനഭേദങ്ങളും ഭാഷാഭേദങ്ങളും എല്ലാം കൂടുമ്പോൾ  പ്രശ്നം കൂടുതല്‍ സങ്കീർണമാകുന്നു. എങ്കിലും ആകെക്കൂടി നോക്കുമ്പോൾ  ഈ ശ്രമം വ്യര്‍ഥമായിട്ടില്ലെന്ന്‌ വിവര്‍ത്തകരോടും പ്രസാധകരോടും ഒപ്പം എഡിറ്ററും വിശ്വസിക്കുന്നു.

    ******


    PREVIOUS | READ MORE | NEXT

    X


    Comments & Contributions
    Please share your knowledge, comment and feedback


    At a glance


    Quick links



    One of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

    OUR CHANNELS AND SERVICES


    Our Location

    PeerBey Software, dewSpace, 5th Floor
    Chowallur Tower, Ayyanthole road
    West Fort, Thrissur - 680004


    © 2020 PeerBey. All rights reserved

    page counter