പുസ്തകം | നൂറ്റിയൊന്ന് ആട്ടക്കഥകൾ |
ഗ്രന്ഥകർത്താവ് | ഡോ. പി. വേണുഗോപാൽ |
പ്രസാധകൻ | SPCS |
അവതാരിക (2017) | നെടുമുടി വേണു |
"കഥകളി” എന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത്, അമ്പലപ്പറമ്പുകളില്‍ വെരകിനടന്ന കുട്ടിക്കാലമാണ്. “രാമായണക്കാറ്റേ” എന്നു സിനിമാപ്പാട്ടില്‍ കേട്ടപ്പോള്‍ പലരും നെറ്റി ചുളിച്ചു. പക്ഷേ, “കഥകളിക്കാറ്റ്' എന്നൊന്നുണ്ട്, അതനുഭവമാണ്. നെടുമുടി കൊട്ടാരം ഭഗവതിക്ഷേത്രത്തില്‍ കളിയുള്ള ദിവസം സന്ധ്യ ഇരുളുംമുമ്പ്, അകലെനിന്നാണതു വീശുക. കേളിയുടെ ചിലങ്ക കെട്ടിയ ഒരു കാറ്റ്. ആ കാറ്റിന്, കത്തുന്ന തിരിയുടെയും കനച്ച എണ്ണയുടെയും എത്ര വെയിലത്തുണക്കിയാലും മാറാത്ത വിഴുപ്പിന്റെയും വിയര്‍പ്പിന്റെയും മണംപുരണ്ട നിറമുള്ള ആടകളുടെയും മനയോലയുടെയും ഗന്ധമുണ്ടാകും. പടിഞ്ഞാറന്‍ മാനത്ത് നിറച്ചാര്‍ത്തുകള്‍ തെളിഞ്ഞും മാഞ്ഞും കളിക്കും. പിന്നെയെല്ലാം പെട്ടെന്നാണ്; നാമം ചൊല്ലലും ഉടുപ്പിടലും അത്താഴം കഴിക്കലും എല്ലാം. അച്ഛന്റെയോ മുതിര്‍ന്നവരുടെയോ വിരലില്‍ തൂങ്ങി, ഊട്ടുപുരയും വഴിക്കടകളും താല്ക്കാലിക കാപ്പിക്കടകളും കടന്നുള്ള നടത്തം. പിന്നെ കളിവിളക്കിനുമുന്നില്‍. പതിഞ്ഞ പദങ്ങള്‍ക്ക് ഉറക്കം തൂങ്ങിയും, മേളം മുറുകുമ്പോഴും താടിവേഷത്തിന്റെ അലര്‍ച്ചയുറയുമ്പോഴും കണ്ണുകള്‍ വലിച്ചുതുറന്നും, പുലര്‍ച്ചെ, തലേന്ന് സ്വപ്നസമാനമായി കണ്ടതും കേട്ടതും ചോര്‍ന്നുപോകാതെ തലയ്ക്കുള്ളില്‍ കാത്തുവെച്ച് വീട്ടിലേക്കുള്ള മടക്കവും.
കലാവാസനയ്ക്കു വളര്‍ന്നു പടരാന്‍ അനുയോജ്യമായ അന്തരീക്ഷമായിരുന്നു നാട്ടിലും വീട്ടിലുമുണ്ടായിരുന്നത്. അച്ഛന്‍ മക്കളെ കര്‍ണ്ണാടകസംഗീതവും മൃദംഗവും പുറമേ കഥകളിപ്പാട്ടും അഭ്യസിപ്പിച്ചു. അച്ഛന്‍ “വാമനാവതാരം” എന്നൊരു ആട്ടക്കഥ രചിച്ചിരുന്നുവെന്നും, തൊട്ടയല്‍ഗ്രാമമായ ചമ്പക്കുളത്തുകാരന്‍ ഗോപിനാഥനാണ് കൌപീനവസ്ത്രധാരിയായ വാമനനായി അരങ്ങത്തു വന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് ഗുരു ഗോപിനാഥായിത്തീര്‍ന്ന അദ്ദേഹത്തിന്റെ അരങ്ങേറ്റം അതായിരുന്നുവത്രേ. വാമനാവതാരത്തിന്റെ കൈയെഴുത്തു പ്രതി എന്നോ നഷ്ടപ്പെട്ടു. അഞ്ചാണ്‍മക്കളില്‍ ഇളയവനായ ഞാന്‍ അഭ്യസിക്കാന്‍ പരുവപ്പെടാത്തതുകൊണ്ട്, ചേട്ടന്മാര്‍ പഠിക്കുന്നിടത്ത് പെട്ടും പെടാതെയും അങ്ങനെ പോയി. അദ്ധ്യാപകനായ അച്ഛന്‍ ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ കൃത്യമായുള്ള വരുമാനം നിന്നു. അന്നു പെന്‍ഷനായാല്‍ കാശില്ല. മക്കള്‍ വലിയ ക്ലാസ്സുകളിലേക്കായി, ചെലവു കൂടി. ഗുരുക്കന്മാരെ വരുത്തി താമസിപ്പിച്ചു പഠിപ്പിക്കാന്‍ ഞെരുക്കമായി. അങ്ങനെ “പൌരസ്ത്യകലാലയം' എന്ന പേരില്‍ അച്ഛന്‍ തുടങ്ങിവെച്ച സ്ഥാപനം, പതുക്കെപ്പതുക്കെ പേരില്‍ മാത്രമൊതുങ്ങി.
പക്ഷേ, അച്ഛനറിയാതെ ചേട്ടന്മാര്‍ ഒരു കഥകളിസംഘമുണ്ടാക്കി. അച്ഛന്‍ ഇടയ്ക്കിടെ തറവാട്ടിലേക്കു പോകുന്ന ദിവസമാണ് കളി. ഓലക്കുടയുടെ വട്ടം മുറിച്ചു കിരീടവും, ചിരട്ടയും വണ്ടിന്‍തോടും കുപ്പിച്ചില്ലും വര്‍ണ്ണക്കടലാസുംകൊണ്ട് മറ്റ് അണിയലങ്ങളും, മനയോലയും അരകല്ലും അരിമാവും ചുണ്ണാമ്പും ഡ്രോയിങ് പേപ്പര്‍ വെട്ടിയെടുത്ത ചുട്ടിയും--അങ്ങനെ എല്ലാം ശാസ്ത്രീയമായിത്തന്നെ.
ഇതിന്റെ ശില്പിയും സൂത്രധാരനും എന്റെ മുന്നാമത്തെ ചേട്ടന്‍ പ്രഭാകരന്‍നായരായിരുന്നു. (അദ്ദേഹമിപ്പോള്‍ തിരുവനന്തപുരത്ത് “ദൃശ്യവേദി"യുടെ സജീവപ്രവര്‍ത്തകനും ഖജാന്‍ജിയുമാണ്. അഞ്ചുമക്കളില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ.) കളി കാണാനും തിരശ്ശീല പിടിക്കാനും ചുറ്റുവട്ടത്തുള്ള കാര്‍ന്നോന്മാരൊക്കെയെത്തും. എന്തൊക്കെ കഥകളാണാടിയിരുന്നത് എന്നോര്‍മ്മയില്ല. ഒന്നു മാത്രമറിയാം, കൊച്ചായതുകൊണ്ട് എനിക്ക് സ്ഥിരം സ്ത്രീവേഷമാണ്. ഒരുദിവസം ഞാന്‍ ബഹളമുണ്ടാക്കി, എനിക്കു പുരുഷവേഷം കെട്ടണം. അവരാരും സമ്മതിച്ചില്ല. പിറ്റേന്ന് ആരുമറിയാതെ എല്ലാ കോപ്പുകളും ഞാന്‍ തോട്ടിലെറിഞ്ഞു. കഥകളിയിലെ സ്ത്രീവേഷക്കാരന്റെ ആദ്യപ്രതിഷേധം. എന്തായാലും പിന്നെ കളിയുണ്ടായില്ല.
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഇനി കാര്യങ്ങള്‍ സ്വയം ഗ്രഹിക്കട്ടെ എന്നുള്ള അച്ഛന്റെ തീരുമാനത്തിനുശേഷമാണ് ശരിക്കും സ്വന്തം കണ്ണിലൂടെ കളി കണ്ടു തുടങ്ങിയത്. കൊട്ടുവാദ്യങ്ങളോടും സംഗീതത്തോടുമുള്ള ഭ്രമം കൊണ്ട് ആദ്യം പിടിച്ചുവലിച്ചത് മേളവും പാട്ടുംതന്നെയാണ്. ചേര്‍ത്തല കുട്ടപ്പക്കുറുപ്പും തകഴി കുട്ടന്‍പിള്ളയും പൊതുവാളുമാരും കോട്ടയ്ക്കല്‍ കുട്ടന്‍മാരാരും അങ്ങനെ നീളുന്നു, അന്ന് അരങ്ങില്‍ മനസ്സ് കൊളുത്തിയിട്ടവരുടെ പട്ടിക. പിന്നെയാണ് ആഹാര്യം. കിരീടത്തിലേയും മുഖത്തെഴുത്തിലേയും ഉടുത്തുകെട്ടിലേയും വൈവിദ്ധ്യങ്ങള്‍. അണിയറയില്‍ നിന്നുതന്നെ കളി കണ്ടുതുടങ്ങണം, അതൊരു ശീലമായി. ശ്യാമവര്‍ണ്ണമായ മുഖത്ത് വസൂരിക്കലകളുള്ള, കാഴ്ചയില്‍ സാധാരണക്കാരനായ പള്ളിപ്പുറം ഗോപാലന്‍നായരാശാനെപ്പോലെ ഒരാള്‍, എങ്ങനെയാണ് കാമോപമനായ നളനായും കാമാതുരനായ കീചകനായും പ്രണയാര്‍ത്ഥിയായ കാട്ടാളനായും ക്രമാനുഗതമായി രൂപം മാറുന്നത് എന്ന് എത്രയോ രാത്രികളില്‍ ഔത്സുക്യത്തോടെ നോക്കിയിരുന്നിട്ടുണ്ട്. കൃഷ്ണന്‍നായരാശാന്റെ കാര്യമാണെങ്കില്‍ വേഷമില്ലാതെതന്നെ ആ മുഖത്തേക്ക് നോക്കിയിരിക്കുന്നത് വല്ലാത്തൊരു രസമാണ്. കുടമാളൂരും ചിറക്കര മാധവന്‍കുട്ടിയും ദമയന്തിയും ഉര്‍വ്വശിയും രംഭയുമൊക്കെയായിത്തീരുന്ന ഇന്ദ്രജാലം. ഒരു കുട്ടനാടന്‍ കൃഷീവലന്റെ ശരീരഭാഷയുള്ള, കുട്ടികളെപ്പോലെ നിഷ്കപടമായി ചിരിക്കുന്ന പാച്ചുപിള്ളച്ചേട്ടന്‍, വെളുപ്പാന്‍കാലത്തെ അലറിയുണര്‍ത്തുന്ന ദുശ്ലാസനനായും ത്രിഗര്‍ത്തനായും നരസിംഹമായും മാറുന്ന കാഴ്ച. ഇതെല്ലാം കൌമാര കൌതുകത്തിനപ്പുറമുള്ള നിതാന്തവിസ്മയങ്ങളായിരുന്നു.
നടന്നെത്താവുന്നിടത്തൊക്കെ കളി കാണാന്‍ പോയിത്തുടങ്ങി. പിറ്റേന്ന്, കണ്ട കളിയെക്കുറിച്ച് ചേട്ടന്മാരും മുതിര്‍ന്നവരുമൊക്കെയായി ചര്‍ച്ചയുണ്ടാവും. അന്ന് അമ്പലപ്പുഴയില്‍ മൂന്നുദിവസം മേജര്‍സെറ്റു കഥകളിയാണ്. അവിടെ വന്നു പോകാത്ത പ്രാമാണികരില്ല. ഇന്നത്തെപ്പോലെയല്ല, വന്‍പുരുഷാരമാണു കളികാണാന്‍. എല്ലാ ദിവസത്തെയും കളി കണ്ട്, ഉറക്കം പിടിച്ചുനിര്‍ത്തി ക്ലാസ്സിലിരുന്ന്, നാലാംപക്കം കണ്ണടച്ചാല്‍ തലയ്ക്കകത്ത് മേളത്തിന്റെ മൂളക്കം, നിറക്കൂട്ടുകളുടെ തിരയിളക്കം. ഈ ലഹരി അനുഭവിക്കാനാണ് മൂന്നുദിവസം ഉറക്കത്തെ വരിഞ്ഞുമുറുക്കിയുള്ള ഈ സാഹസം.
കഥകളിയെ സംബന്ധിച്ചിടത്തോളം പ്രയോക്താവും പ്രേക്ഷകനും സുശിക്ഷിതരായിരിക്കണമല്ലോ. ഇതില്‍ പ്രാഥമികമായിട്ടുള്ളത് കഥതന്നെയാണ്. കുറഞ്ഞത് മൂന്നു കഥകളെങ്കിലും ഒരു രാത്രിയിലൊതുക്കുന്ന രീതിയിലേക്കു കഥകളി മാറി. അങ്ങനെ വരുമ്പോള്‍ പല രംഗങ്ങളും ഒഴിവാക്കേണ്ടിവരും. പൊന്നാനിപ്പാട്ടുകാരന്‍തന്നെയാണ് ഇവിടെ സംവിധായകനും സംയോജകനും. ചുരുക്കത്തില്‍, കാണുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും കഥയില്‍ ഒരു നൈരന്തര്യം അനുഭവപ്പെട്ടില്ലെന്നുവരും. രംഗം തിരിച്ചുള്ള പത്രികകളോ അറിയിപ്പുകളോ അന്നൊന്നും പതിവില്ല. ആ മൂന്നു കഥകളെക്കുറിച്ച് സ മഗ്രമായ ധാരണയുള്ള ഒരാള്‍ക്കു മാത്രമേ കളി ആസ്വാദ്യമാവുന്നുള്ളൂ. മുതിര്‍ന്നവര്‍ പറഞ്ഞു കേള്‍ക്കുന്നതല്ലാതെ ആട്ടക്കഥകളെ അടുത്തറിയത്തക്കവിധമുള്ള ആധികാരിക ഗ്രന്ഥങ്ങളൊന്നും അന്നില്ല. സമാഹരിച്ച് അച്ചടിച്ച കുറച്ച് ആട്ടക്കഥകള്‍ -- എസ്. റ്റി. റെഡ്യാർ ആണെന്നാണോര്‍മ്മ. അച്ഛന്റെ ശേഖരത്തില്‍നിന്നു കിട്ടി. ശ്ലോകങ്ങളും പദങ്ങളും നിരത്തിയിരിക്കുന്നു എന്നല്ലാതെ ആര്, എന്ന്, എവിടെ തുടങ്ങിയ രംഗവിഭജനങ്ങളൊന്നും അതിലില്ല. പ്രയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഉപയോഗപ്പെടുത്താമെന്നല്ലാതെ, തുടക്കക്കാര്‍ക്ക് വെറുതെ മറിച്ചുനോക്കാമെന്നേയുള്ളു. പിന്നീടാണ് കെ. പി. എസ്. മേനോന്റെ “കഥകളിരംഗ"വും “കഥകളി ആട്ടപ്രകാര"വും പുറത്തിറങ്ങിയത്. പഠിതാക്കളും ആസ്വാദകരും അറിഞ്ഞിരിക്കേണ്ടത് സംക്ഷിപ്തമായാണെങ്കിലും ഈ രണ്ടു പുസ്തകങ്ങളിലുമുണ്ട്. “ആട്ടപ്രകാരം” പ്രത്യേകിച്ചും ഞങ്ങള്‍ കുട്ടികള്‍ക്ക് നല്ല ഒരു മാര്‍ഗ്ഗദര്‍ശി ആയിരുന്നു. 1979-ല്‍ ഡോ. എസ്. കെ. നായരുടെ കാര്‍മ്മികത്വത്തില്‍ “നൂറ്റിയൊന്ന് ആട്ടക്കഥകള്‍” എസ്. പി. സി. എസ്. പുറത്തിറക്കി. ആസ്വാദകരെ സംബന്ധിച്ചും അന്വേഷകരെ സംബന്ധിച്ചും, രണ്ടു ഭാഗങ്ങളുള്ള ആ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടുതന്നെയാണ്. എങ്കിലും ഈ നൂറ്റിയൊന്നില്‍ വിരലിലെണ്ണാവുന്നവയൊഴിച്ചാല്‍, ഭൂരിഭാഗവും അരങ്ങില്‍ പ്രചാരം ഇല്ലാത്തവ.
രംഗ പ്രയോഗക്ഷമമല്ലെങ്കിലും പ്രസിദ്ധീകരണയോഗ്യമായ ചില ഘടകങ്ങള്‍ ഈ ആട്ടക്കഥകള്‍ക്കുണ്ടെന്ന് എസ്. കെ. നായര്‍ അവകാശപ്പെടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം എസ്. പി. സി. എസ്. തന്നെ നൂറ്റിയൊന്ന് ആട്ടക്കഥകള്‍ പുന: പ്രസിദ്ധീകരിക്കുന്നു എന്നു കേട്ടപ്പോള്‍ അതിന്റെ ഔചിത്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ന്യായമായും എനിക്ക് ചില ആശങ്കകളുണ്ടായി. പക്ഷേ, നമ്മുടെ പാരമ്പര്യ കലകളെ, പ്രത്യേകിച്ച് കഥകളിയെ, വേണ്ടതുപോലെ അടുത്തറിയുകയും പറയുകയും ചെയ്യുന്ന ഡോ. വേണുഗോപാലന്റെ പ്രാമാണൃത്തിലാണ് ഈ ഗ്രന്ഥം പുനരവതരിക്കാനൊരുങ്ങുന്നത് എന്ന അറിവ് എന്നില്‍ അളവറ്റ താല്‍പര്യമുളവാക്കി. പഴയതില്‍നിന്ന് ക്രിയാത്മകമായി എന്തൊക്കെ പുതുമകളാണുള്ളത് എന്നു തിരിച്ചറിയാന്‍ ഞാന്‍ അതില്‍ ചേര്‍ത്ത കഥകളുടെ ചില മാതൃകകള്‍ കാണുകയുണ്ടായി. ആട്ടക്കഥാകാരനെക്കുറിച്ചുള്ള കുറിപ്പുകള്‍, മൂലകഥ, ആട്ടക്കഥയുടെ കഥ, സംസ്കൃതജടിലമായ ശ്ലോകങ്ങളുടെ എല്ലാം അര്‍ത്ഥ വിവരണം, രംഗവിഭജനം, ഓരോ പദങ്ങളും ഏതൊക്കെ കഥാപാത്രങ്ങള്‍ക്കുള്ളതാണ്, അവ പാടിപ്പോരുന്ന രാഗതാളങ്ങള്‍, കഥാനുസൃതമായി ചിട്ടചെയ്തുവെച്ചിരിക്കുന്ന ഇളകിയാട്ടങ്ങള്‍, അങ്ങനെ ഗവേഷകനും തുടക്കക്കാരനും ആസ്വാദകനുമെല്ലാം ഉപയുക്തമായ മട്ടിലാണ് അത്യന്തം ശ്രമകരമായ ഈ പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. ഇങ്ങനെയൊരു ഗ്രന്ഥമാണല്ലോ കളിക്കുപോകുംമുമ്പ് മറിച്ചുനോക്കാന്‍ ഉണ്ടാവേണ്ടിയിരുന്നത് എന്നിപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ഒട്ടേറെ കാര്യങ്ങള്‍കൊണ്ട് ഈ സംരംഭം എനിക്ക് അതിരറ്റ ആഹ്ളാദം തരുന്നു. ഒന്നാമത്തേത്, എന്തുതരം ഉല്‍പന്നമായാലും ചൂടോടെ വിറ്റഴിക്കപ്പെടുന്നതിന്റെ ഉല്‍പാദകരാവണം തങ്ങള്‍ എന്ന് അത്യാഗ്രഹിക്കുന്നവര്‍ പെരുത്തുവരുന്നകാലത്ത്, കച്ചവടക്കണ്ണേതുമില്ലാതെ, എക്കാലവും നിലനില്‍ക്കേണ്ട ഇങ്ങനെയൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ സന്മനസ്സും ധൈര്യവും കാട്ടിയ, ഞങ്ങളുടെ തലമുറയെയാകെ വായനയുടെ ലോകത്തേക്കാനയിച്ച, എസ്. പി. സി. എസ്സിനെ എത്രകണ്ടു ശ്ശാഘിച്ചാലും അധികമല്ല. പിന്നെ, ഗ്രന്ഥകാരന്‍ ഡോ. വേണുഗോപാലനാണ്. ആലപ്പുഴ എസ്. ഡി. കോളേജില്‍ എന്നേക്കാൾ രണ്ടുവര്‍ഷം ഇളയതായി പഠിച്ചതാണ് വേണു. ഭാഷയായിരുന്നു ഞങ്ങളുടെ ഐച്ഛികവിഷയം. വേണു, “മലയാഴ"ത്തിലേക്കു മുങ്ങി, തപ്പിയെടുത്ത വിശിഷ്ടമായ പലതും നമുക്കു സമ്മാനിച്ചു. ഞാന്‍ നീന്തിത്തുടിച്ച് സിനിമാക്കരയിലുമെത്തി. “അത്ഭുതാദരം” എന്നു സത്യസന്ധമായി പറയാന്‍ അത്യപൂര്‍വ്വമായേ അവസരം കൈവരുന്നുള്ളു. ഇങ്ങനെയൊരു ഗ്രന്ഥരചനയ്ക്കു പിന്നിലെ പരിശ്രമം, കാര്യങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നതിലെ സൌന്ദര്യപരമായ നിഷ്കര്‍ഷ, ഇതെല്ലാം ഒന്നിച്ചുചേര്‍ത്തു വായിക്കുമ്പോള്‍ അത്ഭുതാദരങ്ങളോടെ എന്റെ പ്രിയതോഴനെ കൈകുൂപ്പുന്നു.
പഴയ ആ നൂറ്റിയൊന്നില്‍നിന്നും ഒട്ടേറെ സൂക്ഷ്മപരിശോധനയ്ക്കുശേഷമാവണം, ഇരുപത്തിമൂന്നോളം കഥകള്‍ ഒഴിവാക്കുകയും അത്രതന്നെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതായി വേണു എന്നോടു പറഞ്ഞു. ഒ.എം.സി., പുതുമന, ഒളപ്പമണ്ണ, എന്‍. വി. കൃഷ്ണവാരിയര്‍, കൃഷ്ണന്‍കുട്ടിപൊതുവാള്‍, കലാമണ്ഡലം കേശവന്‍, കളര്‍കോടു നാരായണന്‍നായര്‍, മാലി മാധവന്‍നായര്‍ -- ഇങ്ങനെ, ഒരു കാലഘട്ടത്തിനുശേഷം വന്ന പലരുടേയും ആട്ടക്കഥകള്‍ ഈ പുതിയവയില്‍ വരുന്നു. പക്ഷേ, അക്കൂട്ടത്തില്‍ ഗ്രന്ഥകര്‍ത്താവിന്റെ “കൃഷ്ണലീല” ഉള്‍പ്പെടുത്തിയിട്ടുമില്ല. ശേഷം വന്നവയില്‍ “കര്‍ണ്ണശപഥം” കഴിഞ്ഞാല്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ഇത്രയേറെ അരങ്ങുണര്‍ത്തിയ മറ്റൊരു കഥയില്ല. രണ്ടായിരത്തി മൂന്നില്‍ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ നാടകശാലയില്‍ “കൃഷ്ണലീല"യുടെ ആദ്യ കളിക്കു വിളക്കുകൊളുത്താന്‍ ഭാഗ്യമുണ്ടായത് എനിക്കാണ്, എന്നൊരു വൈകാരികബന്ധം കൂടി “കൃഷ്ണലീല"യുമായി ബന്ധപ്പെട്ട് ഞാന്‍ കാത്തുവെച്ചിട്ടുണ്ട്. കളി കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സില്‍ തോന്നിയ കാര്യം ഞാന്‍ വേണുവിനോടു പറയുകയും ചെയ്തു; ഇതൊരു പുതിയ കഥയായല്ല, പലപ്പോഴായി ആടി പതം വന്ന ഒരാട്ടക്കഥയായാണ് എനിക്കു തോന്നിയത്. രചനാപരമായും, പാടിക്കേള്‍ക്കാനും, ഒപ്പം ആട്ടത്തിന്റേയും പകര്‍ന്നാട്ടത്തിന്റേയും അനന്തസാദ്ധ്യതകള്‍ നിബന്ധിക്കപ്പെട്ടിരിക്കുകയും ചെയ്യുന്ന ലക്ഷണയുക്തമായ ആട്ടക്കഥ ഇവിടെ പെടാത്തതില്‍ പരിഭവിക്കുന്നവര്‍ എന്നെപ്പോലെ ധാരാളമായി ഉണ്ടാവും. അതുപോലെ തന്നെയാണ് സര്‍വാന്റിസിന്റെ “ഡോണ്‍ ക്വിക്സോട്ടി"ന്റെയും കഥ. വൈദേശികമായ ഒരു കഥാവസ്തു, ക്ലാസ്സിക്കല്‍ കലാരൂപത്തിന്റെ ശാസ്ത്രീയതയ്ക്കും ചട്ടങ്ങള്‍ക്കും വിധേയമായി നിന്നുകൊണ്ടുതന്നെ എങ്ങനെ കഥകളിവല്ക്കരിക്കാം എന്നതിന്റെ ഉത്തമമാതൃകയായിരുന്നു അതിന്റെ രൂപഘടനയും ചെയ് വനയും. എന്തുകൊണ്ട് ഈ രണ്ടു കഥകളും ഒഴിവാക്കി എന്നു വേണുവിനോടുതന്നെ ചോദിച്ചു. “ആട്ടക്കഥാകാരന്‍ ജീവിച്ചിരിക്കുന്നുവല്ലോ” എന്നായിരുന്നു ചിരിയില്‍ കുതിര്‍ന്ന മറുപടി. ഏതായാലും, പരാതി, പരാതിയായിത്തന്നെ നിലനില്‍ക്കുന്നു.
പുലരുംവരെ ആട്ടവിളക്കിന്റെ തിരിയണയുംവരെ കളി ഒരു ലഹരിയായികൊണ്ടുനടന്ന് ഒടുവില്‍, ഇപ്പോള്‍, കഥകളിക്ലബ്ബിന്റെ അരങ്ങുകള്‍ക്കു മുമ്പില്‍ വിടര്‍ന്ന കണ്ണും മനസ്സുമായി ഇരിക്കുന്ന ഒരു സാധാരണ ആസ്വാദകന്‍ മാത്രമായ എനിക്ക്, മഹത്തും ബൃഹത്തുമായ ഈ ഗ്രന്ഥത്തിന്റെ പൂമുഖത്ത്, ഒരു ആതിഥേയന്റെ നേര്യതും പുതച്ച് ഇങ്ങനെ ഇരിക്കാന്‍ കഴിയുന്നത് -- മറ്റൊരു മഹാഭാഗ്യമെന്നേ കരുതേണ്ടു. സ്വാഗതം... എല്ലാ കളിക്കൂട്ടുകാര്‍ക്കും ഹൃദയംഗമമായ സ്വാഗതം.
PeerBey.Com, Kollannur
Zanan Mission Road, Opp. BSNL
Chembukavu, Thrissur - 680020
© 2020 PeerBey. All rights reserved