Rasheed Panoor
Updated on : 23, December, 2023
Posted on : 27, June, 2022.    Post views : 826
Category : Interviews, Literature
BOOKMARK THIS ARTICLE MOVE BACK

സൗന്ദര്യ ബോധത്തിന്റെ പുതിയ പാഠശാല


സ്വതന്ത്ര ചിന്തകനും നവവിമര്‍ശകനുമായ എം. കെ ഹരികുമാര്‍ വിവിധ ദാര്‍ശനികമണ്ഡലങ്ങളെയും സാഹിത്യകൃതികളെയും സംയോജിപ്പിച്ചുകൊണ്ട്‌ സ്വകീയമായ ആശയധാരകളും സൗന്ദര്യലോകവും സൃഷ്ടിച്ച പശ്ചാത്തലത്തില്‍ ഒരു സംഭാഷണം.




മലയാളത്തില്‍ ആധുനികതാ വിമര്‍ശനത്തിനു തുടക്കം കുറിച്ച "ആത്മായനങ്ങളുടെ ഖസാക്ക്" (1984) എന്ന വിമര്‍ശനകൃതിയിലൂടെ ശ്രദ്ധേയനായ ഹരികുമാര്‍ വിവിധ ചിന്താപദ്ധതികളിലൂടെയും ദാര്‍ശനിക പാഠങ്ങളിലൂടെയും സ്വന്തം സിദ്ധാന്തങ്ങളിലൂടെയും ഈടുറ്റ ഒരു സാഹിത്യസംസ്കാരം സൃഷ്ടിച്ചിരിക്കുന്നു. ഹരികുമാര്‍ മലയാളത്തിലെ ഒരു ഒറ്റയാനാണ്. വീക്ഷണത്തിലും അതിർത്തികളെ മായ്ച്ചു കളയുന്ന നൂതന സര്‍ഗാത്മക, ചിന്താസരണികളിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ ക്ലിക്കുകളുടെയോ പിന്‍ബലമില്ലാതെ കഴിഞ്ഞ നാല്പത്തിയൊന്നു വര്‍ഷമായി എഴുതുകയാണ്‌. തന്റെ കോളേജ് പഠനകാലത്ത്‌, ആധുനികതയുടെ മധ്യാഹ്നസൂര്യന്‍ കത്തിനിന്ന കാലത്ത്‌ ആത്മീയ ശക്തിയോടെ സ്വതന്ത്ര വിചാരമേഖലകളിലേയ്ക്ക് ധീരമായി പ്രവേശിക്കുകയായിരുന്നു ഹരികുമാര്‍. ഒരു കലാകാരനായ വിമര്‍ശകനാണ്‌ അദ്ദേഹം. മലയാളം ക്ലാസിക്ക്‌ വിമര്‍ശനവും നവീന വിമര്‍ശനവും വെറും തകരച്ചെണ്ടയാണെന്നു ഹരികുമാര്‍ വാദിക്കുന്നത്‌ സ്വന്തം നവീന സിദ്ധാന്തങ്ങളുടെ ബലത്തിലാണ്‌. കോളിന്‍ വിത്സന്‍, എഫ്‌. ആര്‍ ലീവ്സ്‌, ഡേവിഡ്‌ ലോഡ്ജ്, ടി. എസ്‌ എലിയട്ട്, സ്റ്റീഫന്‍ സ്പെന്‍ഡര്‍ തുടങ്ങിയ പാശ്ചാത്യ വിമര്‍ശകരുടെ നിഴല്‍ മാത്രമാണ് നമ്മുടെ വിമര്‍ശനമെന്ന്‌ ഹരികുമാര്‍ ചിന്തിക്കുന്നു. ഈ വിചാരങ്ങള്‍ക്ക്‌ ഇപ്പോള്‍ കാലത്തിന്റെ പിന്തുണ ലഭിച്ചിരിക്കുന്നു എന്നതിനു തെളിവാണ്‌ ഹരികുമാറിനു നല്ല വായനക്കാരില്‍ നിന്നു കിട്ടുന്ന ആവേശകരമായ പിന്തുണ. നവാദ്വൈതം, സ്യൂഡോ മോഡേണിസം തുടങ്ങിയ ദർശനങ്ങളിലൂടെ ഹരികുമാർ മലയാള വിമർശനത്തിന്  ഒരു പുതിയ മുഖം നല്കിയിരിക്കുന്നു. അദ്ദേഹം തന്റെ ധൈഷണിക ലോകം ഇവിടെ അനാവരണം ചെയ്യുന്നു. 


താങ്കളുടെ 'അക്ഷരജാലകം'  ഇരുപത്തഞ്ചാം വർഷത്തിലേയ്ക്ക് കടന്നിരിക്കുന്നു. 1998 ഫെബ്രുവരിയിൽ കേരളകൌമുദിയുടെ എഡിറ്റോറിയൽ പേജിലായിരുന്നല്ലോ തുടക്കം. ഇപ്പോൾ അത് മെട്രോ വാർത്തയിൽ തുടരുന്നു.  ഇത്രയും ദീർഘകാലമായി തുടരുന്ന ഒരു സാഹിത്യപംക്തി ഇപ്പോൾ വേറെയില്ല. എങ്ങിനെയാണ്‌ താങ്കള്‍ ഈ പംക്തിയിൽ  ഓരോ ആഴ്ചയിലും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് ?


ഞാന്‍ കുറച്ചൊക്കെ വായിക്കാറുണ്ട്‌. എനിക്ക്‌ പ്രയോജനമില്ലാത്ത കാര്യങ്ങള്‍ വായിക്കാറില്ല. മനനം ചെയ്യുന്നതാണ്‌ എന്റെ രീതി. ആഗോള സാഹിത്യചലനങ്ങളും ചിന്തകളും പരമാവധി ശ്രദ്ധിക്കാറുണ്ട്‌. എന്തെങ്കിലും നവീനമായ ഒരാലോചന വേണം. എങ്കിലേ കോളം ലൈവാകൂ. ഇന്റര്‍നെറ്റില്‍ സൗജന്യമായി, പുസ്തകങ്ങളുടെ പി. ഡി. എഫ്‌ കിട്ടും. ഉത്തര-ഉത്തരാധുനികത, നവാദ്വൈതം, സംസ്‌കാരം തുടങ്ങിയ ആശയങ്ങള്‍ ആദ്യമായി ഞാന്‍ എഴുതിയത്‌ ഈ കോളത്തിലാണ്‌. 


വാക്കുകളുടെ അർത്ഥം എവിടെയാണ്‌ തിരയുക ?


നിഘണ്ടുവിനു പുറത്ത്‌. അറിഞ്ഞതിനുമപ്പുറത്തേക്ക്‌ പോകാന്‍ അതാണ്‌ മാര്‍ഗം. 


ഇന്ന് പ്രേമിക്കുന്നതും വേർപെടുന്നതും വേഗത്തിലാണ്. എന്തുകൊണ്ടാണിത് ?


വേഗം പുതിയ സംസ്കാരമാണ്‌. വേഗത്തെ കീഴടക്കാനാണ്‌ പ്രേമിക്കുന്നത്‌. പ്രേമത്തെ പോലെ പ്രധാനമാണ്‌ വേര്‍പെടുന്നതും. പ്രേമിച്ചു കഴിയുമ്പോള്‍ വേഗം നിന്നു പോവുന്നു. 


എന്താണ് ജീവിതത്തിന്റെ അനന്യത ?


മറ്റുള്ളവരിലല്ല നമ്മൾ ജീവിക്കുന്നത്. നമ്മളിലാണ്. നമ്മൾ തന്നെയാണ് അനന്യത. നമ്മളിലാണ് ചരിത്രമുള്ളത്. നമ്മൾ ജീവിക്കാത്ത ക്രിസ്തുവാണ്. മനസ്സിലാക്കപ്പെടാത്ത മാനസാന്തരമാണ്. 


സാഹിത്യം എന്താണ്?


സാഹിത്യമല്ലാത്തതായി യാതൊന്നുമില്ല. ഒരു കാക്ക കരയുന്നതുപോലും സാഹിത്യമാണ്. അതിൽ  ഒരാഖ്യാനമുണ്ട്. അതാകട്ടെ പലതരം ടെക്സ്റ്റുകളുമാണ്.


സ്വതന്ത്രചിന്ത, സ്വതന്ത്ര വിമർശനം, സ്വന്തമായ സർഗാത്മകത എന്നൊക്കെ പറയുന്നതിനെ താങ്കൾ എങ്ങിനെയാണ് നോക്കിക്കാണുന്നത്? നമ്മുടെ സാഹിത്യത്തിൽ ഇങ്ങനെയുള്ള ചിന്തകൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? താങ്കൾ സ്വാതന്ത്ര്യത്തിനായി എന്താണ് ചെയ്യുന്നത്? എന്താണ് സ്വാതന്ത്ര്യം ?


മഹാഭാരതത്തിലെ ധര്‍മ്മം പോലെ തന്നെ സങ്കീര്‍ണമായ ഒരാശയമാണ് ഇന്ന്  സ്വാതന്ത്ര്യം. ജീവിതം സാങ്കേതികമായി വ്യതിചലിക്കുന്നതോടെ  സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങളും മാറുകയാണ്. ഓൺലൈന്‍, സമൂഹ്യമാധ്യമങ്ങൾ തുടങ്ങിയവയെല്ലാം സ്വാതന്ത്ര്യത്തിന്റെ ചിഹ്നങ്ങളാണ്‌. എന്നാൽ സ്വാതന്ത്ര്യംകൊണ്ട്  നമുക്കൊന്നും ചെയ്യാനില്ല. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ അടിമകളാണ്‌;

പുതിയ അശരീരികള്‍. ശരീരം കൊണ്ട്‌ സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ല. മനുഷ്യനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ അവന്റെ സന്ദേശങ്ങള്‍ക്കും പ്രതിഛായകൾക്കുമാണ് സ്വാതന്ത്ര്യമുള്ളത്. ഏറ്റവും ദരിദ്രനായ, അപമാനിതനായ വ്യക്തിയുടെ സന്ദേശങ്ങള്‍ക്ക്‌ അവനേക്കാള്‍ സ്വാതന്ത്ര്യമുണ്ട്.  സ്വാതന്ത്ര്യം, വ്യക്തികളെ പിന്നിലുപേക്ഷിച്ച്‌ മുന്നോട്ടുപോകുകയാണ്. അത്‌ ആത്യന്തികമായി നിർമ്മിക്കുന്നത്‌ ഒരു പ്രത്യേകതരം ശൂന്യതയാണ്‌, മനുഷ്യനിര്‍മിതമായ ശൂന്യത (Human Emptiness). 

നമ്മുടെ സാഹിത്യത്തിൽ സ്വാനുഭവങ്ങൾക്കോ, സ്വന്തം അഭിപ്രായങ്ങൾക്കോ, സ്വന്തം ആവിഷ്കാരങ്ങൾക്കോ ആരും വില കൊടുക്കുന്നതായി കാണുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം എന്താണെന്ന് അറിയാതെയാണ് പുതു തലമുറ എഴുത്തുകാർ വരുന്നത്. സംഘടനയുടെ അഭിപ്രായമാണ് ഇന്ന് എഴുത്തുകാർക്കുള്ളത്. വ്യക്തികൾ ഇല്ലാതായി. ഇന്ന് എല്ലാവർക്കും ഒന്നിൽ  കൂടുതൽ  സംഘടനകളുണ്ട്. സംഘടനകളുടെ അഭിപ്രായം സമൂഹത്തെ നിയന്ത്രിക്കുന്നു. വ്യക്തികളുടെ മൂല്യങ്ങളായ സ്നേഹം, സഹിഷ്ണുത, ക്ഷമ, കാത്തിരിപ്പ്‌, മൗനം, ഓര്‍മ, വികാരങ്ങള്‍ തുടങ്ങിയവ ഇപ്പോൾ  നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.  നിങ്ങളുടെ കൈയില്‍ പണമുണ്ടെങ്കില്‍ ചിന്തകള്‍ പുസ്തകത്തില്‍ പ്രസിദ്ധീകരിക്കാം.

രാഷ്ട്രിയകക്ഷികളുടെ ചിന്തകളും അതിന്റെ പരിപ്രേക്ഷ്യങ്ങളുമാണ്‌ നമ്മുടെ സാഹിത്യകൃതികളില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്‌. എന്തിനും ഒരു പുരസ്കാരം ഉറപ്പാണ്. ടെലിവിഷന്‍, മറ്റു മാധ്യമങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം എല്ലാ ആര്‍ട്ടിഫാക്റ്റുകളും പുരസ്‌കൃതമാവുകയാണ്‌. സമൂഹം പൂര്‍ണമായി അഴിമതിയുടെ ചെളിയിലേക്ക്‌ വീണു എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌, എല്ലാ പ്രവര്‍ത്തനവും പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്‌, സമൂഹത്തില്‍ മൂല്യങ്ങളേപ്പറ്റിയുള്ള വിചാരവും വിവേക ബുദ്ധിയും ഇല്ലാതായിരിക്കുന്നു. 

ഒരു വാര്‍ത്ത എഴുതുകയോ, വാര്‍ത്ത വായിക്കുകയോ ചെയ്താല്‍ അവാര്‍ഡ്‌ കിട്ടുമെന്ന് ഉറപ്പാണ്‌. ഒരു കവിത എഴുതിയാൽ അവാര്‍ഡ്‌ കിട്ടും. എല്ലാവര്‍ക്കും പറയാന്‍ ധാരാളം അവാര്‍ഡുകളുണ്ട്. ഓരോ എഴുത്തുകാരന്റെയും ബയോഡാറ്റ നീണ്ടു നീണ്ടു പോവുകയാണ്‌. പക്ഷെ, സ്വതന്ത്രമായ ചിന്തയോ ഉള്ളടക്കമോ ഉണ്ടാകുന്നില്ല. ബയോഡാറ്റയായി വരുന്നത്‌ പൊങ്ങച്ചമാണ്‌. ഇതിനു സര്‍ഗ പ്രതിഭയുമായി ബന്ധമില്ല. ഇങ്ങനെയാണ്‌ സംവേദനശേഷി മരിക്കുന്നത്‌. സര്‍ഗാത്മകതയെപ്പറ്റിയുള്ള

ചര്‍ച്ചകള്‍ ഇന്ന്‌ ആരും ഏറ്റെടുക്കുന്നില്ല. അതൊക്കെ ഇന്നു ബാധ്യതയാണ്‌. ഒരു ആനുകാലികത്തില്‍ പോലും അത്‌ വരുന്നില്ല. മറ്റുള്ളവരുടെ കൃതികളില്‍ നിന്ന്‌ മോഷ്ടിച്ചെടുത്ത്‌ സ്വന്തമായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ ഉപയോഗിച്ചാല്‍ മതി, പാഠപുസ്തകങ്ങളില്‍ വരെ കയറിപ്പറ്റാം.

ഞാന്‍ എന്റെ സ്വാതന്ത്യം കണ്ടെത്താന്‍ വേണ്ടി പരീക്ഷണം നടത്തുകയാണ്‌. ഒരു നോട്ടത്തില്‍ പോലും സ്വാതന്ത്ര്യമുണ്ട്‌. സൂര്യോദയം കാണാന്‍ തോന്നുന്നതില്‍ പോലും സ്വാത്രന്ത്യമുണ്ട്‌. ഏകനായിരിക്കാന്‍ സ്വാതന്ത്ര്യം  വേണം, പ്രേമിക്കാന്‍ സ്വാതന്ത്ര്യം വേണം, ഇതെല്ലാം അശരീരികളുടെ കാലത്തെ സ്വാതന്ത്ര്യമാണ്‌. 

പാഠപുസ്തകങ്ങളില്‍ കൃതികള്‍ തിരഞ്ഞെടുക്കുന്നതില്‍ വന്‍ അഴിമതി നടക്കുകയാണ്‌. മനുഷ്യന്‍ മൊബൈല്‍ സ്ക്രീനിലേക്ക്‌ ജീവിതം ചുരുക്കിയ ഈ ഉത്തര-ഉത്തരാധുനിക കാലത്ത്‌ പ്രകൃതിയുമായുള്ള ബന്ധം അറ്റുപോയിരിക്കുന്നു. ജോണ്‍ ബറൌസിന്റെ  (John Burroughs) The Art of Seeing Things എന്ന ലേഖനത്തില്‍ പറയുന്നത്‌ പോലുള്ള പ്രകൃതിയുടെ അനുഭവം ഇന്നത്തെ തലമുറയ്ക്ക്‌ അപ്രാപ്യമായി കഴിഞ്ഞു. ബറൌസ് എഴുതുന്നു: The eyes sees what it has the means of seeing, and it's means of seeing are in proportion to the love and desire behind it.

ഞാന്‍ സ്വതന്ത്രനായിരിക്കാന്‍ ആദ്യം ചെയ്തത്‌ ഒരു സംഘടനയിലും അംഗമാകില്ല എന്നു തീരുമാനിക്കുകയായിരുന്നു. അതിപ്പോഴും പാലിക്കുന്നു. എനിക്ക്‌ രാഷ്ട്രീയമുണ്ട്‌. പക്ഷെ, കക്ഷിരാഷ്ട്രീയമല്ല. എഴുതാനിരിക്കുമ്പോള്‍ സംഘടനകളോ നേതാക്കളോ നമ്മെ അലട്ടരുത്‌. അതുകൊണ്ട്‌ എനിക്ക്‌ പലയിടങ്ങളില്‍ നിന്നും മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്‌. ഒരു നല്ല വാചകമെഴുതണമെങ്കില്‍ ഓര്‍മയെ സ്വതന്ത്രമാക്കണം. സ്വാതന്ത്ര്യം കടല്‍പോലെ മനസ്സിൽ അടിച്ചുയര്‍ന്നാല്‍ മാത്രമെ നമുക്ക്‌ സര്‍ഗാത്മകതയുടെ ആവിഷ്കാരത്തിലേക്ക്‌ പ്രവേശനം കിട്ടുകയുള്ളൂ. സറിയലിസ്റ്റിക്‌ മനോഭാവം മനസ്സിന്റെ ഏതൊരവസ്ഥയ്ക്കും ബാധകമാണെന്ന്‌ ഫ്രഞ്ച്‌ നാടകകൃത്ത്‌ അഥൊന അര്‍ത്തൊ (Antonin Artaud) പറയുന്നുണ്ട്‌; The revolution aspires to a general devaluation of values, a depreciation of the mind, a demineralising of the obvious, an absolute and perpetual confusion of languages, an unleveling of thought.


താങ്കൾ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത്‌ 1984 ലാണ്‌. ആദ്യ ലേഖനം 1981 ൽ അച്ചടിച്ചു വന്നു. ആധുനികതാവിമര്‍ശനത്തിന്റെ ആദ്യകാലത്ത്‌ തന്നെ പുറത്തു വന്ന താങ്കളുടെ ആദ്യ പുസ്തകം തമസ്കരിക്കപ്പെട്ടു എന്ന് പറയാമോ?


അന്ന്‌ മാധ്യമങ്ങള്‍ കുറവാണല്ലോ. എങ്കിലും എനിക്ക്‌ വലിയ പിന്തുണ കിട്ടിയില്ല. എന്നാല്‍ നോവലിസ്റ്റ്‌ വിലാസിനി എന്നെ തൃശൂരിലെ വീട്ടിലേക്ക്‌ ക്ഷണിച്ച്‌ അനുമോദിക്കുകയുണ്ടായി, അദ്ദേഹം പറഞ്ഞത്‌ മറ്റുള്ളവര്‍ ചെറിയ ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ഹരികുമാര്‍ ഒരു നോവലിനെക്കുറിച്ച്‌ ആധുനികതയുടെ എല്ലാ നിയമലംഘനങ്ങളോടെയും ഒരു പുസ്തകം എഴുതിയത്‌ അസാധാരണമായിരിക്കുന്നു എന്നാണ്‌. മറ്റാരും ഒരു നോവലിനെ മാത്രം അധികരിച്ച്‌ ഒരു പുസ്തകം എഴുതിയിട്ടില്ലല്ലോ. മാധ്യമങ്ങള്‍ ആ പുസ്തകത്തിന്‌ കാര്യമായ പിന്തുണ തരാതിരുന്നതിനു പ്രധാന കാരണം അത്‌ പെട്ടെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമാണെന്നതായിരുന്നു. സാമ്പ്രദായിക ലേഖന രചനകള്‍ക്ക്‌ ബദലായിട്ടാണ്‌ എന്റെ പുസ്തകം രൂപപ്പെട്ടത്‌. വളരെ നിഗൂഢവും രഹസ്യാത്മക സ്വഭാവമുള്ളതുമാണ്‌ എന്റെ അന്നത്തെ ഗദ്യം. അത്‌ സംഭവിച്ചു പോയതാണ്‌. കലാശാല പ്രബന്ധങ്ങളില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്തമായ ഒരു സറിയലിസ്റ്റിക്ക്‌ ഗദ്യമാണ്‌ ഞാന്‍ കണ്ടെത്തിയത്‌. അത്‌ കേവലം ഒരു പഠനമല്ല; വായനക്കാര്‍ക്ക്‌ നോവല്‍ എന്താണെന്ന്‌ വിശദീകരിക്കുകയായിരുന്നില്ല എന്റെ ലക്ഷ്യം. ഞാന്‍ "ഖസാക്കിന്റെ ഇതിഹാസ"ത്തെക്കുറിച്ച്‌ ഒരു വിമര്‍ശനമെഴുതി എന്നു പറയുന്നതുപോലും തെറ്റാണ്‌. എന്റെ കലാപരമായ അനുഭവമാണത്‌. വാന്‍ഗോഗ്‌, മാറ്റിസ്‌ തുടങ്ങിയവര്‍ പെയിന്റുകൊണ്ട്‌ എന്ത് ചെയ്തുവോ അതുപോലെ വാക്കുകള്‍കൊണ്ട്‌ ചില ആവിഷ്കാരങ്ങള്‍ എന്നിലൂടെ സംഭവിക്കുകയായിരുന്നു. ചിലപ്പോള്‍ അര്‍ത്ഥം നഷ്ടപ്പെടുന്നു. ചിലപ്പോള്‍ യുക്തിയും. എങ്കിലും അത്‌ ആവിഷ്കാരമാണ്‌. എല്ലാം എല്ലാവര്‍ക്കും മനസ്സിലാവണമെന്ന ശാഠ്യം കലയുടെ മേഖലയില്‍ നിലനില്ക്കില്ല; ഉത്തരക്കടലാസിന്റെ കാര്യത്തില്‍ ശരിയായിരിക്കും. നീണ്ട വാചകങ്ങളും യുക്തിക്ക്‌ വഴങ്ങാത്ത പ്രയോഗങ്ങളും അതീന്ദ്രിയമായ ആവിര്‍ഭാവങ്ങളും ഗദ്യത്തിന്റെ നിഷ്കളങ്കവും കലാപരവും സൗന്ദര്യാത്മകവുമായ ഒരു വിതാനമായി മാറി. അത്‌ വളരെയേറെ ഇഷ്ടത്തോടെ സ്വീകരിച്ച വായനക്കാരുണ്ട്. വ്യാഖ്യാനം എന്റെ മനസ്സില്‍ നടന്നിട്ടുണ്ടാകാം. എന്നാല്‍ ഞാന്‍ മറ്റൊരു ആന്തരിക യുക്തിയാണ്‌ ഉപയോഗിച്ചത്‌. എന്റെ ആത്മാവില്‍ സംഭവിച്ച ഒരു വാഗ്സ്ഫോടനമാണത്‌. വാക്കുകള്‍ അതിന്റെ ജനിമൃതികളിലൂടെ ഉല്പത്തി തേടുകയായിരുന്നു. ആധുനികതാവിമര്‍ശനമെന്ന തലത്തില്‍ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചത്‌ മറ്റു ചിലരുടെ കൃതികളാണെന്ന്‌ പറയട്ടെ. ഒരു പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥി എഴുതിയ ആ പുസ്തകം പ്രോത്സാഹിപ്പിക്കപ്പെടാനുള്ള സാഹചര്യമില്ലായിരുന്നു. എനിക്ക്‌ ഒരു ഗോഡ് ഫാദറുമില്ലായിരുന്നു. എഴുത്തിന്റെ  ആഭിചാരത്തിനു വിധേയനായ ഒരു യുവാവായിരുന്നു ഞാന്‍. 


“ആത്മായനങ്ങളുടെ ഖസാക്ക്" ആധുനികതാ വിമശനത്തിന് വിപ്ലവകരമായ തുടക്കം കുറിച്ചു എന്നാണോ താങ്കളുടെ അഭിപ്രായം ? 


കലാപരമായി വിമര്‍ശനത്തെ അനുഭവിക്കുന്ന ഒരു കൃതിയാണ്‌ “ആത്മായനങ്ങളുടെ ഖസാക്ക്‌". അതുപോലൊരു കൃതി അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. പലരും നോവലുകളെക്കുറിച്ച്‌, കവിതകളെക്കുറിച്ച്‌ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടാകാം. എന്നാല്‍ ഒരു നോവലിനെക്കുറിച്ച്‌ മാത്രം പ്രതിപാദിക്കുന്ന ഒരു മുഴുനീള പുസ്തകം വേറെ ഏതാണുള്ളത്‌. ഞാന്‍ കലാശാല സങ്കല്പത്തിലുള്ള വിമര്‍ശനമല്ല എഴുതിയത്‌. 

എപ്പോഴും കലാപരവും തത്ത്വചിന്താപരവുമായ വഴികളാണ്‌ ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്‌, മനസ്സിലാകുന്നില്ല എന്ന പരാതി മഹത്തായ കലയുടെ മുന്നില്‍ വിവരമുള്ളവര്‍ ഉന്നയിച്ചിട്ടില്ല. മറ്റ്  ആധുനികതാവിമര്‍ശകര്‍, ആദരവ് നിലനിര്‍ത്തിക്കൊണ്ട്‌ പറയട്ടെ, എഴുതിയതെല്ലാം ലേഖനങ്ങളാണ്‌. ഞാന്‍ “വീണപൂവ്‌ കാവ്യങ്ങള്‍ക്ക്‌ മുമ്പേ” എന്ന പുസ്തകത്തിലും എന്റെ നിലപാട്‌ തുടര്‍ന്നു. അമൂര്‍ത്തം എന്ന്‌ വിളിക്കപ്പെട്ടുവെങ്കിലും “ആത്മായനങ്ങളുടെ ഖസാക്കി"ല്‍ ഒരു കലാകാരന്റെ, സൗന്ദര്യാമ്പേഷകന്റെ മനസ്സുണ്ട്‌. സൗന്ദര്യദാഹിയെ, 

അന്തര്‍ദാര്‍ശനികനെ ഒരു സ്‌കൂളിനും പരിമിതപ്പെടുത്താനാകില്ല. കാരണം, അങ്ങനെയുള്ള എഴുത്തുകാര്‍ ഒരു പുതിയ സ്‌കൂളിന്റെ പിറവിക്ക്‌ കാരണമായിത്തീരുകയാണ്‌. സ്പാനിഷ്‌ തത്ത്വചിന്തകന്‍ ഒര്‍ട്ടേഗാ ഗാസറ്റ് (Ortega Gasset) കവിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പറഞ്ഞത്‌ കാവ്യാത്മക സർ റിയലിസമായ എന്റെ വിമര്‍ശനത്തിനും ബാധകമാണ്‌; The poet begins where the man ends. The man's lot is to live this human life. The poet is to invent what is nonexistent. വിമര്‍ശനത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ വിമര്‍ശകര്‍ കലയിലാണ്‌ എത്തിച്ചേരുന്നത്‌.


എങ്ങനെയാണ്‌ “ആത്മായനങ്ങലൂടെ ഖസാക്ക്” ഒരു സ്കൂൾ നിർമ്മിക്കുന്നത് ? 


അത്‌ ഒരിടത്തും പഠിച്ചതോ പഠിപ്പിച്ചതോ ആയിട്ടുള്ള ഭാഷയോ ചിന്തയോ അല്ല. ഒരു സാഹിത്യകലാകാരന്റെ മനസ്സിന്റെ അടിത്തട്ടിലുള്ള പ്രതിഫലനങ്ങളും അതീന്ദ്രിയ ഉന്മാദങ്ങളുമാണത്‌. അതിനെ കേവല വിമര്‍ശനത്തിന്റെ പരിമിതിക്കുള്ളിലല്ല തളച്ചിടേണ്ടത്‌. അത്‌ അന്തര്‍ദര്‍ശനപരമാണ്‌. കലാകാരന്റെ മനസ്സിലെ പ്രതിഫലനങ്ങള്‍ മതി, വാക്കുകളില്‍ വിസ്ഫോടനങ്ങളുണ്ടാകുന്നു. അതിനെ സാമ്പ്രദായിക വിമര്‍ശനത്തിന്റെ പരിമിതിക്കുള്ളിലല്ല കാണേണ്ടത്‌. ഭാഷയിലൂടെ എഴുത്തുകാരന്‍ പുനര്‍ജനിക്കുകയാണ്‌. സാല്‍വദോര്‍ ദാലിയുടെ ചിത്രങ്ങളുടെ അര്‍ത്ഥമെന്താണെന്ന്‌ ചോദിക്കുന്നത്‌ അപരിഷ്കൃതമാണ്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ ആസ്വദിക്കാന്‍ ഒരു പുതിയ അവബോധം ആവശ്യമാണ്‌. അത്‌ കലയുടെ ഉന്നതമായ കാഴ്ചയാണ്‌. നമ്മുടെ നാട്ടില്‍ യാഥാസ്ഥിതികമായ സ്ഥാപനങ്ങള്‍ അംഗീകരിച്ചു ചുണ്ടിക്കാട്ടുന്നത്‌ മാത്രമാണ്‌ പൊതുവെ സ്വീകാര്യത നേടുന്നത്‌. പരമ്പരാഗത സ്കൂളുകളുടെ പരിധിക്കകത്താണ്‌ നമ്മള്‍ കഴിയുന്നത്‌. സര്‍ക്കാര്‍ സംവിധാനങ്ങളോ കലാശാലകളോ പിന്താങ്ങുന്ന കലാസൃഷ്ടികളെയാണ്‌ നാം ആഘോഷിക്കുന്നത്‌. ഇത്‌ അങ്ങേയറ്റം പ്രതിലോമകരമാണ്‌. ഒരു ഉന്നതമായ കലാസൃഷ്ടി യാഥാസ്ഥിതികവും അക്കാദമികവുമായ വീക്ഷണങ്ങളെ ധ്വംസിക്കുകയാണ്‌ ചെയ്യുന്നത്‌. അപരിചിതമായ ഒരു നടത്തയാണ്‌ ഉണ്ടാകുന്നത്‌, ഒരു കാലത്ത്‌ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വഴികാട്ടികളായിരുന്നെങ്കില്‍ ഇന്ന്‌ അവര്‍ വ്യവസ്ഥാപിതമായിത്തന്നെ എല്ലാ സ്വതന്ത്ര അന്വേഷണങ്ങള്‍ക്കും എതിരായിത്തീര്‍ന്നിരിക്കുന്നു. ഏറ്റവും അഗാധമായ ഒരു ഗര്‍ത്തത്തിനു മുകളിലൂടെ ഒറ്റയ്ക്ക്‌ കയറില്‍ നടക്കുന്ന പോലെ സാഹസികമാണത്‌. അവര്‍ സിലബസ്‌, ക്ളാസ്‌റും എന്നിവയുടെ ചുറ്റുമതിലുകള്‍ക്കുള്ളില്‍ സുരക്ഷിതമായി കഴിയാനാണ്‌ ഇഷ്ടപ്പെടുന്നത്. അവര്‍ സാമ്പ്രദായിക രാഷ്ട്രീയത്തിന്റെയും അക്കാദമിക യാഥാസ്ഥിതികത്വത്തിന്റെയും പ്രചാരണമാണ്‌ ഏറ്റെടുക്കുന്നത്‌. നവീനമായ, സാഹസികമായ ഒരു സൗന്ദര്യവിചാരത്തെയും പിന്തുണയിക്കാത്ത വിഭാഗമാണ്‌, പൊതുവെ അദ്ധ്യാപകര്‍. അതാണ്‌ എന്നെപ്പോലെയുള്ളവരെ നിരാശപ്പെടുത്തുന്നത്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ ഇറങ്ങി മുപ്പത്തിയെട്ട്‌ വര്‍ഷമായിട്ടും ഒരു കലാശാല അധ്യാപകനോ, കലാശാല സ്ഥാപനമോ ഇതുവരെ ഈ പുസ്തകത്തെക്കുറിച്ച്‌ ഒരു ലേഖനം പോലും എഴുതിയില്ല. അതിന്റെ ഫലമായാണ്‌ മാധ്യമങ്ങളും പിന്നോട്ട് പോയത്‌.


ആത്മായനങ്ങളുടെ ഖസാക്കിനെക്കുറിച്ച് ആധുനികതാവിമർശകർ എന്തുകൊണ്ടാണ്‌ പ്രതികരിക്കാതിരുന്നത്?


അവരുടെ തലമുറയില്‍പ്പെടാത്തതുകൊണ്ടാവാം. കോളേജ് അധ്യാപകനല്ലാത്തതുകൊണ്ടുമാവാം. നവീനം എന്ന്‌ വിളംബരം ചെയ്യപ്പെട്ട ആധുനികതാവിമര്‍ശനത്തിന്‌, കലാസൃഷ്ടി തന്നെയായി നില്ക്കുന്ന എന്റെ വിമര്‍ശനത്തെ നേരിടാനുള്ള ഉപകരണങ്ങളില്ലായിരുന്നു.


ആധുനികതാവിമർശനത്തിന് ഈ കൃതി എന്ത്‌ സംഭാവനയാണ്‌ മുഖ്യമായി നല്കുന്നത്‌ ?


വിമര്‍ശനം എന്ന യുക്തിബോധത്തെ തീക്ഷ്ണമായ കലാനുഭവത്തിലേക്ക്‌ രൂപാന്തരപ്പെടുത്തുന്നത്‌, മലയാള വിമര്‍ശനത്തില്‍ ഇതാദ്യമാണ്‌. അക്കാദമിക്‌ ചിന്താമണ്ഡലത്തില്‍ നിന്ന്‌ സമ്പൂര്‍ണമായി ഇത്‌ മാറി നില്ക്കുകയാണ്‌. ഇത്‌ ഒരു സൃഷ്ടിയാണ്‌.


താങ്കളുടെ കൃതിയിൽ ഖസാക്കിന്റെ ഇതിഹാസം എഴുതിയ ഓ. വി. വിജയൻ ഒരു കഥാപാത്രമാണെന്ന് എഴുതിയതോർക്കുന്നു. ഒരു വിമർശന കൃതിയിൽ നോവലിസ്റ്റ് കഥാപാത്രമാകുന്നത് എങ്ങിനെയാണ്?


അത്‌ എന്റെ വായനയെക്കുറിച്ചുള്ള ആശയമാണ്‌. ഒരാള്‍ ഒരു കൃതി വായിക്കുമ്പോള്‍ അതെഴുതിയ ആളിനെയും വായിക്കുയാണ്‌. കഥാപാത്രങ്ങളുടെ മനസ്സും പ്രകൃതിയുമാണ്‌ വിവരിക്കപ്പെടുന്നതെങ്കിലും അതിലുടെ നോവലിസ്റ്റ്‌ സംസാരിക്കുന്നുണ്ട്‌. അത്‌ വേറൊരു വ്യക്തിയാണ്‌. എന്റെ കൃതിയിലെ കഥാപാത്രം ഒ. വി വിജയന്‍ എന്ന വ്യക്തിയല്ല; ഖസാക്കിന്റെ ഇതിഹാസം എഴുതിയ മറ്റൊരാളാണ്‌, അത്‌ വിജയന്‍ എന്ന യഥാര്‍ത്ഥ വ്യക്തിയല്ല. വിജയനില്‍ പ്രത്യക്ഷത്തില്‍ കാണാത്ത മറ്റൊരു വ്യക്തിയാണ്‌. അത്‌ കഥ പറയുന്ന അന്തരാത്മാവാണ്‌. അത്‌ ഭാവനയുടെയും അന്തരംഗത്തിന്റെയും വ്യക്തിത്വമാണ്‌. ആ വ്യക്തിയുമായാണ്‌ വായനക്കാരന്‍ മൗനത്തില്‍ സംവേദനം ചെയ്യുന്നത്‌, ആ സംവേദനം തൃപ്തികരമാണെങ്കില്‍ നോവല്‍ തടസ്സമില്ലാതെ വായിക്കാം; അനുഭവിക്കാം.


സാഹിത്യവിമര്‍ശനത്തെ ജിവിതമൂല്യങ്ങളുമായി, പരിസ്ഥിതിയുമായി, ആത്മീയതയുമായി, ഭാവിയുമായി, മന:ശാസ്ത്രവുമായി ബന്ധിപ്പിച്ചാണല്ലോ താങ്കൾ എഴുതുന്നത്. മൂല്യങ്ങൾ ഒരു വഴിക്കും മനുഷ്യർ വേറൊരു  വഴിക്കുമാണോ സഞ്ചരിക്കുന്നത് ?


സാഹിത്യകലയില്‍ പണത്തിനാണ്‌ ഇപ്പോള്‍ ആധിപത്യം. മികച്ച ഒരു വാക്യമോ കൃതിയോ എഴുതിയാല്‍ കുറെ നല്ല വായനക്കാരെ കിട്ടാതിരിക്കില്ല. എന്നാല്‍ ബഹുഭൂരിപക്ഷം വായനക്കാരും കറപ്റ്റായി കഴിഞ്ഞു. കറപ്റ്റാക്കുന്നവരുമുണ്ട്‌. ഫേസ്ബുക്ക്‌ വായനക്കാരെ കറപ്റ്റാക്കുന്നതിന്‌ വേണ്ടി ഉപയോഗിക്കുന്നവരുണ്ട്‌. യാഥാസ്ഥിതിക വായനയും മൂല്യവും നിലനിര്‍ത്താനും പോഷിപ്പിക്കാനും ഇന്ന്‌ ആസൂത്രിതമായ ശ്രമങ്ങളുണ്ടാകുന്നത്‌ ഫേസ്ബുക്കിലാണ്‌. സാഹിത്യത്തെ ഇപ്പോഴും അടക്കി ഭരിക്കുന്നത്‌ ഫ്യൂഡല്‍ മൂല്യങ്ങളും പണവുമാണ്‌.


താങ്കൾ എന്തുകൊണ്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും എഴുതാത്തത്?


അവര്‍ ആവശ്യപ്പെടാത്തതുകൊണ്ട്‌. ആവശ്യപ്പെടാതെ ഞാന്‍ ആര്‍ക്കും അയയ്ക്കാറില്ല. എന്റെ ലേഖനം ഒരു ഓഫീസിലും കെട്ടിക്കിടക്കുന്നത്‌ എനിക്കിഷ്ടമല്ല. പെട്ടെന്ന്‌ പ്രതികരിക്കേണ്ടതാണെങ്കില്‍ ഞങ്ങളുടെ ഇംപ്രസിലോ, വെബ്സൈറ്റിലോ, എന്റെ ബ്ളോഗിലോ പ്രസിദ്ധീകരിക്കും; വാട്സപ്പ്‌ ഗ്രൂപ്പിലിടും. അവിടെ പെട്ടെന്നുതന്നെ ആളുകള്‍ വന്നു വായിച്ചുതുടങ്ങും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ ആദ്യമായി എഴുതുന്നത്‌ 1991 ലാണ്‌. ഞാന്‍ കഥകളെക്കുറിച്ച്‌ ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുകയാണെന്ന്‌ വെറുതെ ഒരു കത്തിലെഴുതിയതാണ്‌. കത്ത്‌ വായിച്ച ഉടനെ എം. ടി എനിക്ക്‌ മറുപടി എഴുതി, ആ ലേഖനം ഓണപ്പതിപ്പിനു വേണ്ടി അയച്ചു തരണമെന്ന്. ഞാന്‍ ലേഖനം അയച്ചു. ഓണപ്പതിപ്പില്‍ ചേര്‍ക്കുകയും ചെയ്തു. എം. കൃഷ്ണന്‍നായര്‍, കെ. പി അപ്പന്‍, എം. എം ബഷീര്‍ എന്നിവര്‍ പങ്കെടുത്ത ഒരു സിമ്പോസിയത്തിലാണ്‌ എം. ടി എന്റെ ലേഖനം അച്ചടിച്ചത്‌, പിന്നീടും ഞാന്‍ മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട്‌. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആഴ്ചപ്പതിപ്പില്‍ ചിലര്‍ വന്നത്‌ എല്ലാം തകിടം മറിച്ചു. ഗുഢാലോചന നടന്നു. ചിലര്‍ ഒഴിവാക്കപ്പെട്ടു. ഇക്കാര്യത്തില്‍ മാനേജിമെന്റിനെ കുറ്റപ്പെടുത്താനാവില്ല. ഇപ്പോഴത്തെ ആള്‍ക്കാരും എന്നോടൊന്നും ചോദിച്ചില്ല. ഞാന്‍ അയച്ചിട്ടുമില്ല. മാതൃഭൂമിയുമായി ആത്മബന്ധമുള്ള എന്നെ പതിറ്റാണ്ടിലേറെ കാലമായി അവര്‍ ബഹിഷ്കരിച്ചിരിക്കുകയാണ്‌, മറ്റു ചിലര്‍ക്കു വേണ്ടി.


പുരസ്കാരങ്ങളെക്കുവിച്ച്‌ താങ്കൾ സംശയമുന്നയിക്കുന്നു. എഴുത്തുകാരുടെ ബയോഡേറ്റ വായിക്കുന്നില്ലെന്ന് പറയുന്നു. ധാരാളും അവാർഡുകൾ കിട്ടുന്ന കൃതികൾ വായിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന്‌ പറയുന്നു. ഇതൊക്കെ എങ്ങനെയാണ്‌ ശരിയാകുക? പുരസ്കാരങ്ങള്‍ വാങ്ങാതെ ഈ മേഖലയിൽ എങ്ങനെ നിലനിൽക്കും ?


മത്സരിക്കുന്നവര്‍ മത്സരിക്കട്ടെ, എഴുതാനുള്ളത്‌ സൂക്ഷ്മമായി എഴുതിയാല്‍ പോരേ? ഇപ്പോള്‍ പുരസ്‌കാരങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും വിനിമയം ചെയ്യാനില്ല. എല്ലാ സാഹിത്യപ്രവര്‍ത്തനവും വല്ലാതെ രാഷ്ട്രീയവത്ക്കരിക്കപ്പെടുകയാണിന്ന്‌. അപ്പോള്‍ ബയോഡാറ്റയോട് എങ്ങനെ താത്പര്യം തോന്നും? പുരസ്കാരങ്ങള്‍ കിട്ടുന്നത്‌ കൃതികള്‍ക്കാണെങ്കിലും അതിന്റെ ഉള്ളടക്കം എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. വ്യക്തികള്‍ മാത്രം പ്രശസ്തരാവുന്നു. ഇതൊരു വ്യാജലോകമാണ്‌. ഉള്ളടക്കത്തെ പിന്നില്‍ ഉപേക്ഷിച്ച്, ഒറ്റയ്ക്ക് സ്വന്തം പ്രതിച്ഛായ മാത്രമായി നടക്കുന്നതാണ്‌ ദുരന്തം. ഇത്‌ വായനയുടെ ലക്ഷ്യത്തെപ്പോലും അട്ടിമറിക്കുന്നു. അതുകൊണ്ടാണ്‌ പൂര്‍വ്വകാല കൃതികള്‍ വായിക്കേണ്ടതില്ല എന്ന ചിന്തയില്‍ പലരും എത്തിച്ചേര്‍ന്നത്‌. മഹാനായ കൃഷ്ണചൈതന്യയുടെ കൃതികള്‍ വീണ്ടും അച്ചടിക്കാത്തതിന്റെ കാരണമിതാണ്‌.


സംവേദനരഹിതമായ കാലമാണിതെന്ന് താങ്കൾ എഴുതിയല്ലോ. എങ്കിൽ ഈ കാലത്ത് എഴുതുന്നതിന്റെ അർത്ഥമെന്താണ്?


പലര്‍ക്കും ഭൗതികമായ നേട്ടങ്ങളുണ്ട്‌. ഇക്കാലത്ത്‌ കോളെജ്‌ അധ്യാപകരും ഉദ്യോഗസ്ഥന്മാരും കവിത എഴുതാന്‍ മുന്നോട്ടുവരുന്നത്‌ എ. അയ്യപ്പനെ പോലെ ഉത്ക്കടമായി ആഗ്രഹിച്ചിട്ടാണോ? വികാരങ്ങളും ആശയങ്ങളും ചേര്‍ന്ന്‌ അവ്യക്തത സൃഷ്ടിക്കുമ്പോള്‍ അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവര്‍ എത്ര പേരുണ്ട്‌?

ആത്മഹത്യയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമം എന്ന പോലെയാണ്‌ യഥാര്‍ത്ഥ കവിയുടെ വരികള്‍ പിറക്കുന്നത്‌.


മൌലികത ഇല്ലാത്തവർ എഴുതുന്നതുകൊണ്ട് എന്താണ് കുഴപ്പം ?


ആര്‍ക്കും എന്തും ചെയ്യാമല്ലോ? വിമര്‍ശിച്ചാല്‍ ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ നോക്കും. അതുകൊണ്ട്‌ ആരും മിണ്ടാന്‍ പോകില്ല. മൗലികത പുറമെ നിന്നു നോക്കുമ്പോള്‍ കാണാനുള്ളതല്ല. മറ്റൊരാളുടെ രചന മോഷ്ടിക്കുകയാണെന്ന്‌ പരസ്യമായി പറഞ്ഞുകൊണ്ടും എഴുതാം. പക്ഷേ, പ്രതിഭ വേണം. മോഷ്ടിക്കുന്നതുകൊണ്ട്‌ നാമെന്ത്‌ ചെയ്തു എന്നാണ്‌ നോക്കുന്നത്‌.


ഇരുപത്തഞ്ച്‌ പുസ്തകങ്ങൾ എഴുതിയ താങ്കളുടെ പുതിയ കൃതികളൊന്നും കണ്ടില്ല ?


പുസ്തകങ്ങളായി പ്രസിദ്ധികരിക്കാതായിട്ട്  നാലുവര്‍ഷം കഴിഞ്ഞു. പ്രസിദ്ധീകരിക്കുന്നതെല്ലാം ഇന്റര്‍നെറ്റില്‍ കൊടുക്കുകയാണ്‌. പുസ്തകപ്രസാധനം ഏതാനും പേരുടെ കൈകളിലമര്‍ന്നിരിക്കയാണ്‌. എല്ലാം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു.


സൗന്ദര്യത്തെ മാത്രം അന്വേഷിക്കുന്ന ഒരു വിമർശന കൃതി മലയാളത്തിൽ  ഉണ്ടോ?


ആത്മായനങ്ങളുടെ ഖസാക്ക്‌.


പുതിയ രചന?


ബൃഹദാരണ്യകോപനിഷത്ത്‌ വായിച്ചതിന്റെ അനുഭവം ഒരു ദീര്‍ഘകവിതയായി എഴുതി; സര്‍വസ്വ ആത്മന; അത്‌ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. പിന്നെ, കഴിഞ്ഞ വിഷുവിനു എന്റെ മുപ്പതോളം രചനകള്‍ (ലേഖനങ്ങളും കവിതകളും മറ്റും) ഉള്‍ക്കൊള്ളിച്ച്‌ ഒരു “എം. കെ ഹരികുമാര്‍ വിഷുപ്പതിപ്പ്‌” ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. ഇത്തരം പതിപ്പുകള്‍ - നവവത്സര പതിപ്പ്‌, ഓണപ്പതിപ്പ്, വിഷുപ്പതിപ്പ്‌ - കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തിറക്കാറുണ്ട്‌. എന്റെ രചനകള്‍ മാത്രമാണ് ഇതില്‍ ചേര്‍ക്കാറുള്ളത്‌.


എഴുതി, ജിവിച്ചു എന്നതിന്റെ രേഖയായിട്ടാണ് സാഹിത്യവിമർശനത്തെയും മറ്റു രചനകളെയും കാണുന്നത്‌ എന്ന് താങ്കൾ അഭിപ്രായപ്പെട്ടു. എന്താണ്‌ അതുകൊണ്ട് വിവക്ഷിക്കുന്നത്‌ ?


ഞാന്‍ ജിീവിച്ചതാണ്‌ എന്റെ ക്രിയേറ്റിവിറ്റിയായി പുറത്തു വന്നത്‌. ഈ ജീവിതം ഞാന്‍ എങ്ങനെ ജിവിച്ചു എന്ന്‌ വിശദമാക്കാനാണ്‌ ഞാന്‍ എഴുതിയത്‌. എനിക്കാവശ്യമുള്ളതാണ്‌ ഞാന്‍ എഴുതുന്നത്‌. സൂര്യന്‍, മയില്‍, പുലി, ജലം എന്നീ വിഷയങ്ങളെ അധികരിച്ച്‌ ഞാന്‍ എഴുതിയ 




 

വിചിത്രലേഖനങ്ങള്‍ എന്റെ ആവശ്യമായിരുന്നു. എന്റെ സമ്പൂര്‍ണ കൃതികള്‍ അച്ചടിച്ചാല്‍ നൂറ്‌ പുസ്തകങ്ങളെങ്കിലും വരും.


ആരൊക്കെയാണ് നമ്മുടെ സ്വതന്ത്ര ചിന്തകർ ? സി. ജെ തോമസ്. എം. ഗോവിന്ദൻ ?


സി. ജെ യെയും ഗോവിന്ദനെയും സ്വത്രന്തചിന്തകരായി ഞാന്‍ കാണുന്നില്ല. സ്വതന്ത്രചിന്തകന്‍ എന്നാല്‍ അരാജകവാദി എന്നല്ല അര്‍ത്ഥം. നമ്മുടെ ഭാഷയുടെയും കാലത്തിന്റെയും ജീനിയസിനെ കണ്ടെത്തുന്നതില്‍ യാതൊരുവിധ സ്വാധീനത്തിലും വഴങ്ങാതെ എല്ലാറ്റിനെയും നീതിയോടെ നോക്കാന്‍ കഴിയണം. സി.ജെ, ഗോവിന്ദന്‍ തുടങ്ങിയവര്‍ ദളിത്‌-പിന്നോക്ക വിഭാഗങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങളെ കണ്ടതായി തോന്നിയിട്ടില്ല. എന്നാല്‍ പി. കെ ബാലകൃഷ്ണന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള. ഡോ. കെ ഭാസ്ക്കരന്‍നായര്‍, ഒ. വി വിജയന്‍ എന്നിവര്‍ ശരിക്കും സ്വതന്ത്ര ചിന്തകരാണ്.


ലയാളത്തില്‍ ആധുനികതയ്ക്ക്‌ എന്താണ്‌ സംഭവിച്ചത്‌? മലയാള ആധുനികത യുറോപ്യന്‍, ലാറ്റിനമേരിക്കാ൯ രാജ്യങ്ങളിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പറയുന്നുണ്ടല്ലോ ?


ആധുനികത വികസിക്കേണ്ടതായിരുന്നു. പുതിയ പുതിയ സങ്കേതങ്ങള്‍ വരണമായിരുന്നു. അത്‌ ഉണ്ടായില്ല. എന്നാല്‍ പിന്നീട് മലയാളസാഹിത്യം പൈങ്കിളിയിലേക്ക്‌ പോകുന്നതാണ്‌ നാം കാണുന്നത്‌. ചിന്താശേഷിയില്ലാത്തവര്‍ പെരുകി. മനുഷ്യന്റെ അസ്തിത്വപരമായ ആധി എപ്പോഴെങ്കിലും അവസാനിക്കുമോ? പുതിയ ശൈലിയും ഭാഷയും ഉണ്ടാകുന്നതിനെ ആധുനികത എന്ന്‌ പറയാം. ഒരാള്‍ അസ്തിത്വവ്യഥ അനുഭവിക്കുന്നത്‌ അസ്തിത്വവാദിയായതുകൊണ്ടല്ല. അത്‌ ജീവന്റെ പ്രശ്നമാണ്‌, വൈകാരിക സംവേദനമാണത്‌. ഇതാണ്‌ എഴുതേണ്ടത്‌. പഠിച്ച എഞ്ചുവടിയോ കണക്കോ അല്ല എഴുതേണ്ടത്‌. അജ്ഞാതമായ പൊരുളിനു നേര്‍ക്ക്‌ ഒരു കണ്ണുവേണം, മലയാളത്തില്‍ പുതിയ ശൈലിയോ ഭാഷയോ ഇപ്പോഴില്ല. ഒ. വി വിജയനു ശേഷം മലയാള നോവല്‍ വളര്‍ന്നിട്ടില്ല, “ധര്‍മപുരാണം" ഒരു വിപ്ലവമായി ഇപ്പോഴും നിലനിൽക്കുകയാണ്.


താങ്കൾ വിമർശനത്തിൽനിന്ന് നോവലിലേക്കും കഥയിലേക്കും കവിതയിലേക്കും കടന്നത് ശരിയാണോ? ചിലർ അങ്ങനെ ചോദിക്കാറുണ്ട്....


ഈ പറഞ്ഞ മാന്യന്മാരുടെ വീട്ടുപടിക്കല്‍ പോയി കാത്തുനിന്നിട്ട് നോവലെഴുതാനുള്ള അനുവാദം ചോദിക്കണമായിരിക്കും. ഇവരുടെ വാക്കുകള്‍ ആരു കേള്‍ക്കുന്നു. ഇതൊക്കെ ലോകപരിചയം ഇല്ലാത്തതു കൊണ്ട്‌ പറയുന്നതാണ്‌. സൂസന്‍ സൊന്‍ടാഗ്‌, കോളിന്‍ വിത്സന്‍ തുടങ്ങിയവര്‍ വിമര്‍ശനവും നോവലും എഴുതിയിട്ടുണ്ട്‌. മാത്യു ആര്‍നോള്‍ഡ്‌, ടി.ഏസ്‌ എലിയട്ട് എന്നിവര്‍ കവിതയും വിമര്‍ശനവും എഴുതിയിട്ടുണ്ട്‌. ഒരു ശാഖയില്‍ തന്നെ ഒതുങ്ങണമെന്ന ഒരു നിയമവുമില്ല, അതിരുകള്‍ മാഞ്ഞുപോകുന്ന കാലമാണിത്‌, ഒരാള്‍ക്ക്‌ അധികമായുള്ള പ്രതിഭയാണ്‌ പുതിയ രൂപങ്ങള്‍ തേടുന്നത്‌.


താങ്കളുടെ 'ശ്രീനാരായണായ" വേണ്ടത്ര ചർച്ച ചെയ്തില്ല എന്ന് തോന്നുന്നുണ്ടോ?


അങ്ങനെ തോന്നുന്നില്ല. അത്‌ നന്നായി വായിച്ചവരുണ്ട്‌. മലയാളത്തിന്  അജ്ഞാതമായ ഒരു രൂപവും ശൈലിയും ഉള്ളടക്കവും സംഭാവന ചെയ്ത ആ ബൃഹത്‌നോവല്‍ എന്റെ സര്‍ഗശേഷിയുടെ പാരമ്യമാണ്‌, അതിനെക്കുറിച്ച്‌ കുറെ ലേഖനങ്ങള്‍ എഴുതപ്പെട്ടു. അത്ര കൊട്ടിഘോഷിക്കപ്പെട്ടില്ല എന്നത്‌ നേരാണ്‌. അതിന്റെ കാരണം അസഹിഷ്ണുതയും അസൂയയുമാണ്‌. നൂറുവര്‍ഷത്തെ നോവലുകളില്‍ വലിയ സ്ഥാനം നേടുന്ന കൃതിയാണിതെന്ന്‌ പലരും പറഞ്ഞു. നോവല്‍ എല്ലായിപ്പോഴും നവമായിരിക്കണം. അത്‌ അകം ലോകത്തെയാണ്‌ അന്വേഷിക്കുന്നത്‌. ആ വാക്കിന്റെ അര്‍ത്ഥമതാണ്‌. സൂസന്‍ സൊന്‍ടാഗ്‌ പറഞ്ഞു; A novel worth really is an education of the hearts. It enlarges your sense of human possibilities, of what human nature is, of what happens in the world. It is a creator of inwardness.


ഇന്നത്തെ മലയാള വിമർശനം നിശ്ചലമാണെന്ന് അഭിപ്രായപ്പെടുന്നവരോട് എന്താണ് പറയാനുള്ളത്?


പലരുടെയും വിമര്‍ശനം നിശ്ചലമായിട്ടുണ്ടാവാം. പക്ഷ,എന്റെ വിമര്‍ശനം ആത്മായനങ്ങളുടെ ഖസാക്ക്‌ മുതല്‍ വികസിച്ചിട്ടേയുള്ളു. ഞാന്‍ പുതിയ പ്രമേയങ്ങളും ചിന്തകളും കണ്ടെത്തി. ലോകനിലവാരത്തിലാണ്‌ ഞാന്‍ മുന്നോട്ടുപോയത്‌. ഉത്തര-ഉത്തരാധുനികത, നവാദ്വൈതം, തനിമനസ്‌, ഉല്പരിവര്‍ത്തനം, സ്യൂഡോ റിയലിസം, നോവലിസ്റ്റ്‌ കഥാപാത്രമാണ്‌ തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ മുന്നോട്ടുപോവുകയാണ്‌. "എം. കെ ഹരികുമാറിന്റെ സിദ്ധാന്തങ്ങള്‍" എന്ന പുസ്തകം തന്നെ വന്നിട്ടുണ്ട്‌. എന്നാല്‍ മലയാളകഥ വലിയ തകര്‍ച്ചയിലാണ്‌. പത്ത്‌ വര്‍ഷം കൂടുമ്പോള്‍ ഒരു കണക്കെടുക്കൂ, മികച്ച അഞ്ചു കഥകള്‍ പോലും എടുക്കാനുണ്ടാവില്ല.


ഇതുവരെയുള്ള വായനയിൽനിന്ന് പത്ത് മികച്ച സാഹിത്യരചനകൾ തിരഞ്ഞെടുക്കാമോ? മലയാളവും, ഇന്ത്യനും വേണ്ട. ഏതുശാഖയിൽനിന്നുള്ള രചനകളും ചേർക്കാം


മികച്ച രചനകള്‍ എന്ന നിലയില്‍ പരിശോധിക്കാം.

1) ജോനാഥന്‍ ലിവിംഗ്സ്റ്റണ്‍ സീഗള്‍ (നോവല്ല): റിച്ചാര്‍ഡ്‌ ബാക്ക്‌

2) ദ ജന്റില്‍മാന്‍ ഫ്രം സാന്‍ഫ്രാന്‍സിസ്കോ (കഥ); ഇവാന്‍ ബുനിന്‍

3) ദ്‌ ഡെത്ത്‌ ഓഫ്‌ ഒലിവിയര്‍ ബികെയ്ളി (കഥ): എമിലി സോള

4) നോസിയ (നോവല്‍); സാര്‍തൃ

5) ദ് ഹൈറ്റ്സ്‌ ഓഫ്‌ മാച്ചുപിച്ചു (കവിത); നെരുദ

6) ഡോവര്‍ ബീച്ച്‌ (കവിത): മാത്യു അര്‍ണോള്‍ഡ്‌

7) സെന്‍ ആന്റ്‌ മോട്ടോര്‍ സൈക്കിള്‍ മെയിന്റനന്‍സ്‌ (നോവല്‍): റോബര്‍ട്ട് എം. പിര്‍സിഗ്‌

8) മെറ്റാമോര്‍ഫോസിസ്‌ (കഥ); ഫ്രാന്‍സ്‌ കാഫ്ക

9) ലീവ്സ്‌ ഓഫ്‌ ഗ്രാസ്‌ (കവിത); വാള്‍ട്ട്‌ വിറ്റ് മാൻ 

10) പെഡ്രോ പരാമോ (നോവല്‍); ഹ്വാന്‍ റൂള്‍ഫോ


വിമർശകന്റെ ഭാഷ അല്ലെങ്കിൽ  ഗദ്യം എന്താണ്? അതിനു താങ്കൾ എന്ത് ആശയമാണ് നല്കുന്നത്?


വിമര്‍ശകന്റെ ഗദ്യം എന്തായാലും, എം. എ ക്ലാസുകളില്‍ പഠിച്ചതോ, പഠിപ്പിച്ചതോ ആയിരിക്കരുത്‌. എന്റെ ഭാഷയില്‍ എം. എ മലയാളംകാരുടെ ക്ലീഷേ ഒന്നുമില്ല. ഭാഷ എഴുത്തുകാരനാണ്‌ കണ്ടെത്തുന്നത്‌. അയാളെ പഠിപ്പിച്ച അധ്യാപകരല്ല. ഒരു യഥാര്‍ത്ഥ വിമര്‍ശകന്‍ ക്ലാസ്‌ റൂമുകളില്‍ കേട്ടതൊന്നും എടുക്കരുതെന്നാണ്‌ എന്റെ പക്ഷം, കലാശാലാ അധ്യാപകരുടെയോ ഗവേഷകരുടെയോ ഗദ്യത്തിന്റെ ഒരു കണികപോലും കടന്നുവരാത്ത വിധമാണ്‌ ഞാന്‍ മനുഷ്യാംബരാന്തങ്ങള്‍, വീണപൂവ് കാവ്യങ്ങള്‍ക്ക്‌ മുമ്പേ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയത്‌. ഗദ്യം വെറും യഥാര്‍ത്ഥ രൂപമല്ല; അത്‌ നമ്മുടെ ഉള്ളില്‍ സംഭവിച്ച ഒരു സ്ഫോടനത്തിന്റെ ആകെത്തുകയാണ്‌. അതിനുള്ളിലേക്ക്‌ ദാര്‍ശനികവും സൗന്ദര്യാത്മകവും ധിഷണാപരവുമായ മനസ്സുകള്‍ കയറിച്ചെല്ലണം.


ഇന്നത്തെ എഴുത്തുകാർ കക്ഷി രാഷ്ട്രീയത്തിന് അടിമപ്പെട്ട വെറും കുഞ്ഞാടുകൾ ആയിരിക്കുകയല്ലേ ?


ഭൂരിപക്ഷവും അധികാരത്തെയാണ്‌ ആരാധിക്കുന്നത്‌. കുഞ്ഞാടുകള്‍ ആയാല്‍ പ്രയോജനം ഉണ്ടല്ലോ. വേദികള്‍ കിട്ടും. മാഗസിനുകളില്‍ ഇടം തുറന്നുകിട്ടും. പുസ്തകങ്ങള്‍ യഥേഷ്ടം പ്രസിദ്ധീകരിക്കാം. വാരാന്ത്യപ്പതിപ്പുകള്‍ കിട്ടും. അവാര്‍ഡുകളും കിട്ടും. നല്ല റോയല്‍റ്റിയും തരപ്പെടും. കോടീശ്വരനാകാം. എഴുത്തുകാരന്റെ വ്യക്തിത്വത്തിന്റെയും അഭിപ്രായത്തിന്റെയും കാലം കഴിഞ്ഞു. ഇപ്പോള്‍ അഭിപ്രായം പറയാന്‍ ധൈര്യമുള്ളത്‌ യുട്യുബേഴ്സിനാണ്‌. എഴുത്തുകാരന്റെ വാക്കുകള്‍ക്ക്‌ പുതുമ നഷ്ടപ്പെട്ടു. ഒരു ജീര്‍ണിച്ച ഏടാകൂടമാണ് ഇന്നത്തെ ശരാശരി എഴുത്തുകാരന്റെ മനസ്സ്‌.


കൊറോണ, യുക്രെയിൻ യുദ്ധം തുടങ്ങിയ മഹാവിപത്തുകൾ നമ്മുടെ സാഹിത്യത്തെ ഏശാതെ പോയത്‌ എന്തുകൊണ്ടാണ്‌?


യഥാര്‍ത്ഥ പ്രതിഭകള്‍ ഇല്ലാത്തതുകൊണ്ടാണ്‌. നേരത്തെ പറഞ്ഞ കാരണങ്ങളുമുണ്ട്‌. ഇവിടെ പ്രചോദനവും സംവേദനവും നഷ്ടപ്പെട്ടിരിക്കുകയാണ്‌. നിങ്ങള്‍ എത്ര സുന്ദരമായി എഴുതിയാലും അതൊന്നും വലിയ രീതിയില്‍ മാനിക്കപ്പെടുകയില്ല. ചിലര്‍ ആഗ്രഹിക്കുന്നവര്‍ എഴുതണം. അവാര്‍ഡ്‌ മാടമ്പിമാര്‍ ഇവിടെ എല്ലാം പഴയ കാലത്തേക്ക്‌ മടക്കിക്കൊണ്ടുപോകാന്‍ തയ്യാറായി നില്ക്കുകയാണ്‌. സാഹിത്യപരിഷത്ത്‌ തുടങ്ങിയ മിക്കവാറും അവാര്‍ഡ്‌ സ്ഥാപനങ്ങള്‍ ഫ്യൂഡല്‍ മൂല്യങ്ങളിലേക്ക്‌ പരിഗണനാ വിഷയങ്ങള്‍ ചുരുക്കിയിരിക്കയാണ്‌. ഉയര്‍ന്ന സാമൂഹിക പദവി, ഉയര്‍ന്ന വരുമാനം, രാഷ്ട്രീയ സ്വാധീനം, കുടുംബമഹിമ എന്നിവയെല്ലാം നോക്കിയാണ്‌ ഈ സ്ഥാപനങ്ങൾ അവാര്‍ഡ്‌ നല്‍കുന്നത്‌.


മുൻ തലമുറയിലെ വിമര്‍ശകര്‍ എന്തുകൊണ്ടാണ്‌ പുതിയാതൊന്നും ചിന്തിക്കാതെ സ്വന്തം വാത്മികത്തിലേക്ക്‌ വലിഞ്ഞിരിക്കുന്നത് ?


അവരുടെ ചിന്താശേഷി വറ്റിയിരിക്കുന്നു. ഉപകരണങ്ങള്‍ കാലഹരണപ്പെട്ടാല്‍ വേറെന്ത്‌ ചെയ്യും? പഴയ വിമര്‍ശകര്‍ നിരാശരാണ്‌.


ഫിക്ഷൻ മരിച്ചു എന്ന് താങ്കൾ എഴുതിയത്‌ എത്‌ പശ്ചാത്തലത്തിലാണ്?


ഫിക്ഷന്‍ പരമ്പരാഗതമായ ഒരു ആഖ്യാനം എന്ന നിലയില്‍ മരിച്ചു എന്നാണ്‌ പറഞ്ഞത്‌. ഫിക്ഷന്‍ യഥാര്‍ത്ഥമല്ലാത്തതാണ്‌. അതുകൊണ്ട്‌ പുതിയ ഭാവനകള്‍ ആവശ്യമാണ്‌. യഥാർത്ഥമെന്ന്‌ കരുതുന്ന വസ്തുക്കളെ, പാഠങ്ങളെ, ചരിത്രത്തെ ഭാവനയിലൂടെ രൂപാന്തരപ്പെടുത്തുകയാണ്‌ ഇനി വേണ്ടത്‌, എന്റെ “ജലഛായ", “ശ്രീനാരായണായ", “വാന്‍ഗോഗിന്‌” എന്നീ നോവലുകളിലൂടെ ഞാന്‍ ഇതാണ്‌ ചെയ്തത്‌.


പ്രകൃതിയിൽ  സൌന്ദര്യമുണ്ടോ?


പ്രകൃതിയില്‍ സൗന്ദര്യമുണ്ട്‌, പക്ഷെ, അത്‌ നമുക്ക്‌ വേണ്ടിയുള്ളതല്ല. നമുക്ക്‌ അതുമായി യാതൊരു ബന്ധവുമില്ല. എത്ര പൂത്തുലഞ്ഞുനിൽക്കുന്ന വൃക്ഷമായാലും നമ്മെ സംരക്ഷിക്കുകയില്ലല്ലോ. നമ്മളുടെ ഭാവനയിലൂടെയാണ്‌ നാം ബന്ധം സ്ഥാപിക്കുന്നത്‌. മനുഷ്യന്‍ ഒരു യഥാര്‍ത്ഥജീവിയല്ല; ഭാവനാജീവിയാണ്‌.


ജീവിതത്തിന്റെ സമസ്യയെ താങ്കൾ എങ്ങനെ വിക്ഷിക്കുന്നു?


ജീവിതത്തെ മറ്റൊരാള്‍ക്ക്‌ കാണിച്ചുകൊടുക്കാനാവില്ല. അതാണ്‌ സമസ്യ. എല്ലാ ലോകങ്ങളും നമ്മളില്‍ തന്നെ ഉദിച്ച്‌ അസ്തമിക്കുകയാണ്‌. തൊട്ടടുത്തുള്ളവനോട് വിനിമയം ചെയ്യാനാവില്ല. ഈ പാരതന്ത്ര്യത്തെ മറികടക്കാന്‍ നമുക്ക്‌ ആത്മീയതയില്‍ വ്യഥാ അഭയം തേടാം. മാനവികത, ആത്മീയത തുടങ്ങിയവയൊക്കെ വല്ലാതെ വാഴ്ത്തപ്പെടുന്നതാണ്‌. മനുഷ്യനു വേണ്ടി മാത്രമായി ഒരു ലോകവീക്ഷണം ആപത്താണ്‌; യുക്രെയിന്‍ യുദ്ധം അതിന്റെ തെളിവാണ്‌. സൗന്ദര്യത്തിനു വേണ്ടിയാണ്‌ ലോകം നിലനില്ക്കേണ്ടത്‌.


ഒരു കലാ സൃഷ്ടിയുടെ പൂട്ട്‌ എന്താണ്‌?


കലാസൃഷ്ടിയുടെ പൂട്ട്‌ അതിന്റെ ഭ്രമലോകവുമായി ബന്ധപ്പെട്ടതാണ്‌. ഒരു വസ്തുവിനെ അപരിചിതമാക്കുന്നതാണ്‌ കല. ഒരു യഥാര്‍ത്ഥ പൂച്ചയെ, എല്ലാവരും നേരത്തെ കണ്ട ഒരു പൂച്ചയെ വരയ്ക്കരുത്. അത്‌ ഫോട്ടോ കോപ്പിയായിരിക്കും. ഒരു വസ്തുവിനെ അയഥാര്‍ത്ഥമാക്കുകയാണ്‌ വേണ്ടത്‌. ഫിക്ഷന്‍ ഒരു നുണയാണെന്ന്‌ മനസ്സിലാക്കുക. യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ തുറന്നുകാട്ടുന്ന നുണയാണത്‌. പോര്‍ച്ചുഗീസ്‌ കവി ഫെര്‍ണാണ്ടോ പെസ്സോവ The Book of Disquite എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി : "So we make use of lies and fiction to promote understanding among ourselves, something that the truth - personal and incommunicable - could have accomblish."




PREVIOUS | READ MORE | NEXT



Comments & Contributions
Please share your knowledge, comment and feedback
RELATED ARTICLES



At a glance


Quick links



One of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004


© 2020 PeerBey. All rights reserved

page counter