M. K Harikumar |
Updated on : 23, December, 2023 Posted on : 10, September, 2022. Post views : 698 Category : Literature news |
BOOKMARK THIS ARTICLE | MOVE BACK |
എം. കെ ഹരികുമാർ
ഓണത്തിന്റെ സമത്വവും സാഹോദര്യവും സത്യവും എല്ലാം ഒരു കവിയുടെ ഭാവനയാകാനാണ് സാധ്യത. മഹാബലി ഒന്നുകിൽ ഒരു മന:ശാസ്ത്രജ്ഞനായിരിക്കണം; അല്ലെങ്കിൽ ഒരു മജീഷ്യനായിരിക്കണം. കാരണം, ഒരു രാജ്യത്തെ ജനങ്ങളെയാകെ സത്യസന്ധരും സന്തോഷമുള്ളവരും സാഹോദര്യ ബോധമുള്ളവരുമാക്കി മാറ്റാൻ ആർക്കും കഴിയില്ല.
ഓണത്തിന്റെ സമത്വവും സാഹോദര്യവും സത്യവും എല്ലാം ഒരു കവിയുടെ ഭാവനയാകാനാണ് സാധ്യത. മഹാബലി ഒന്നുകിൽ ഒരു മന:ശാസ്ത്രജ്ഞനായിരിക്കണം; അല്ലെങ്കിൽ ഒരു മജീഷ്യനായിരിക്കണം. കാരണം ,ഒരു രാജ്യത്തെ ജനങ്ങളെയാകെ സത്യസന്ധരും സന്തോഷമുള്ളവരും സാഹോദര്യ ബോധമുള്ളവരുമാക്കി മാറ്റാൻ ആർക്കും കഴിയില്ല. മനുഷ്യപ്രകൃതിയെ മനസ്സിലാക്കുന്നവർ അത് അംഗീകരിക്കുകയില്ല .മനുഷ്യനിൽ സമത്വബോധമോ സാഹോദര്യമോ ഇല്ല. മനുഷ്യൻ പ്രകൃതിക്കു എതിരാണ്. മനുഷ്യനു സത്യം മാത്രം പറഞ്ഞുകൊണ്ട് ജീവിക്കാനാവില്ല. ജീവിതത്തിൽ ദൈവം ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഏടാകൂടമാണിത്. നമുക്ക് ആരോടെങ്കിലും അനീതി ചെയ്യാതെ ജീവിക്കാനാകില്ല .മനുഷ്യപ്രകൃതി അങ്ങനെയാണ്. മനുഷ്യനു ധർമ്മം പാലിക്കണമെങ്കിൽ മറ്റാരോടെങ്കിലും അധർമ്മം പ്രവർത്തിക്കേണ്ടിവരും. അതാണ് അവന്റെ ധർമ്മസങ്കടം. ഒരു പീഢയെറുമ്പിനും വരുത്തരുതെന്നു നാരായണഗുരു പറയുന്നത് ആ ഹൃദയത്തിന്റെ വലിപ്പമാണ് കാണിക്കുന്നത്. എന്നാൽ മനുഷ്യനു ഉറുമ്പിനെ കൊല്ലാതിരിക്കാനാവില്ല. മനുഷ്യൻ ക്രൂരനാണ്, ഈ ഭൂമുഖത്തുള്ള ഏത് ജീവിയേക്കാൾ. അവന്റെ വീടിന്റെ ചുറ്റുമതിൽ കടന്നു ഏത് ജീവി വന്നാലും കൊല്ലപ്പെടും. മനുഷ്യനിൽ ദയ ഇല്ല. അതുകൊണ്ടാണ് മദർ തെരേസ സ്വന്തം ജീവിതകാലം മുഴുവൻ ദയ എന്താണെന്നു പഠിപ്പിക്കാൻ തീരുമാനിച്ചത്. മനുഷ്യർക്ക് വേണ്ടി മാത്രമാണ് ഈ ഭൂമി എന്നു മനുഷ്യൻ ചിന്തിക്കുന്നു. പഞ്ചഭൂതങ്ങളെയും മലിനമാക്കിയിരിക്കുകയാണ്. മറ്റൊരു ജീവിക്കും ഇതിൽ പങ്കില്ല. കടലിൽ വലിയ രാജ്യങ്ങളുടെ വലിപ്പത്തിൽ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക് സുന്ദരമായ ജീവിതമാണ് കഴിഞ്ഞകാലങ്ങളിൽ സമ്മാനിച്ചതെങ്കിൽ ഇപ്പോൾ അത് ദുരന്തമായിരിക്കുന്നു.
ഓണത്തിന്റെ സന്ദർഭം നമ്മെ സ്വയം നിരീക്ഷിക്കാൻ സഹായിക്കുന്നു. അതിനുള്ള അവസരമാണിത്. സമത്വബോധമില്ലാത്ത നമുക്ക് അത് ഭാവനയിൽ ആചരിക്കാം. നമ്മൾ എന്നാണ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ?എന്നാണ് പാത്രത്തിൽ ഭക്ഷണം കഴിച്ചത്? അതിനുമുമ്പ് ഓണത്തിനായി നമ്മൾ ഒരുമിച്ചിരുന്നു എന്നു പറയുന്നത് അവിശ്വസനീയമാണ്. നമ്മുടെ ഈ ഓണം ഒരു നവകേരള സങ്കൽപ്പമാണ്. നാം എങ്ങനെയാണ് മുന്നേറേണ്ടതെന്നു അത് ഓർമിപ്പിക്കുന്നു. ഒരു പുതിയ വസന്തകാലത്തെയാണ് ഓണം മനസിലേക്കു കൊണ്ടുവരുന്നത്.
ഒരു വിഭാഗം ജനതയ്ക്ക് സഞ്ചാരസ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്വാതന്ത്യവുമില്ലാതിരുന്ന കാലത്ത് ഓണത്തിന് സാധ്യതയില്ല.എന്നാൽ നമുക്ക് പ്രതീക്ഷയും യഥാർത്ഥ ലക്ഷ്യവും ആവശ്യമുണ്ട് .അതിനാണ് ഓണം .ഓണം പുതിയ ഒരു രാഷ്ട്രീയവും സംസ്കാരവുമാണ്. നീതിക്കു വേണ്ടിയുള്ള തീവ്രമായ അഭിലാഷം അത് ഊതിക്കത്തിക്കുന്നു. ഒന്നിച്ചിരുന്ന് ഉണ്ടിട്ടില്ലാത്ത മലയാളി ഒരു ഇലയിൽ ചോറും കറികളും വിളമ്പി ഒരുമിച്ചിരിക്കാമെന്നു തീരുമാനിക്കുന്നത് പുതിയ കേരളത്തിന്റെ നല്ല വാർത്തയാണ്. എല്ലാവർക്കും എല്ലാ രുചികളും ലഭ്യമല്ലാതിരുന്ന കേരളമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പശുവില്ലാത്തവനു പാല് കിട്ടുമോ? അതുകൊണ്ട് വിവിധ സമുദായങ്ങളുടെ രചികൾ ഒരു ഇലയിൽ വിളമ്പുന്നതോടെ ഒരു പുതിയ ജനാധിപത്യകേരളം ഉണ്ടാവുകയാണ്. മലയാളത്തിന്റെ പൊതുശബ്ദമാണത്. സംസ്കൃതബദ്ധമായ സാഹിത്യത്തെ തനിമലയാളമാക്കി തകഴിയും കേശവദേവും മറ്റും അവതരിപ്പിച്ചത് കൂടുതൽ വായനക്കാരിലേക്ക് ഈ അവബോധമെത്തിക്കാൻ സഹായിച്ചു.
എഴുതാൻ പത്രമോ പ്രസംഗിക്കാൻ വേദിയോ ഇല്ലാതിരുന്ന ദേവ് എത്ര കഷ്ടപ്പെട്ടാണ് 'ഓടയിൽ നിന്നു 'എഴുതിയത് ! .ഒരു നവമലയാളിയുടെ ആദർശത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്നത്തിന്റെയും ഗോപുരമാണ് കേശവദേവ് പരിചയപ്പെടുത്തിയത്. മനുഷ്യനിൽ കള്ളം നിലനിൽക്കുമ്പോൾ മാവേലിക്ക് എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല. മനുഷ്യമനസ്സ് ഒരു പിടികിട്ടാപ്പുള്ളിയാണ് .എപ്പോഴാണ് മനസ്സിന്റെ ഇഷ്ടം മാറുന്നത് എന്നറിയില്ല. മനസ്സ് ഒരു യാഥാർത്ഥ്യമല്ല. എന്നാൽ നിങ്ങൾ ഒരിക്കലും കാണാൻ മുതിരാത്ത സൂര്യോദയം ഒരു യാഥാർത്ഥ്യമാണ്. മനസ്സിൽ ആരോടും സ്നേഹമോ ബന്ധമോ ഇല്ലാത്ത ഒരവസ്ഥയിൽ സന്തോഷവും സമത്വവും മിത്തായി മാറുകയാണ്.
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved